കണ്ണൂർ ചിറകിലേറി; അബുദാബിക്കുള്ള എയർ ഇന്ത്യ എ​ക്സ്പ്ര​സ് പറന്നുയർന്നു

കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യ വിമാനത്തിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്.

മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെകെ ശൈലജ തുടങ്ങി മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 185 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുള്ളത്. വിവേക് കുല്‍ക്കര്‍ണിയാണ് ഈ വിമാനത്തിന്റെ പൈലറ്റ്. മിഹിര്‍ മഞ്ജരേക്കറാണ് സഹ പൈലറ്റ്. സംസ്ഥാനത്ത് നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി മാറി കണ്ണൂര്‍ എയര്‍പോര്‍ട്ട്.

രാവിലെ 9.30 ന് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് ആദ്യ സര്‍വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്തത്. വിമാനത്താവളത്തിന് അനുമതി നല്‍കിയ മുന്‍ കേന്ദ്രവ്യോമയാനമന്ത്രി സി എം ഇബ്രാഹിമും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

post watermark60x60

ഭൂമി വിട്ടു നല്‍കിയവര്‍ മുതല്‍ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്‌നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിരുന്നു. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറിനെ പ്രത്യേകം ക്ഷണിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് എത്താനായി പ്രത്യേക ബസ് സര്‍വ്വീസും കിയാല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like