ദൈവത്തെ കൂടാതെയുള്ള സാമൂഹിക മാധ്യമങ്ങൾ നാശകരം തന്നെയെന്ന് ഫിലിപ്പീന്‍സ് ആര്‍ച്ച് ബിഷപ്പ്

മനില: സാമൂഹിക മാധ്യമങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്നും എന്നാൽ ദൈവത്തെ കൂടാതെ അവ നാശകരമാണെന്നും ഫിലിപ്പീന്‍സിലെ ലിങ്കായെൻ ഡഗുപൻ ആർച്ച് ബിഷപ്പ് മോൺ. സോക്രട്ടീസ് ബ്യുനവെൻച്ചുറ വില്ലേഗാസ്. കത്തോലിക്ക സാമൂഹിക മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഓൺലൈൻ മിഷ്ണറി സംഘടനകൾക്ക് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവ മാധ്യമങ്ങളുടെ ഉപയോഗത്തിലുള്ള ഉത്തരവാദിത്വമില്ലായ്മ ജനങ്ങളെ വിഭജിക്കാനും വഴിതെറ്റിക്കാന്‍ ഇടയാക്കുമെന്നും സംസ്കാരിക-സാന്മാർഗ്ഗിക മൂല്യച്യുതിയും സംഭവിക്കുമെന്ന് മോൺ വില്ലേഗാസ് മുന്നറിയിപ്പ് നല്‍കി.

പ്രതിബദ്ധതയില്ലാത്ത സാമൂഹിക മാധ്യമങ്ങൾ മാനവപുരോഗതി ഇല്ലാതാക്കുകയും വികസനങ്ങൾ അർത്ഥശൂന്യമാക്കുകയും ചെയ്യും. ദൈവത്തെ കൂട്ടുപിടിച്ച് അവിടുത്തെ സേവനത്തിനും മഹത്വത്തിനും സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുമ്പോഴാണ് മാനവ സൃഷ്ടികൾ മികച്ചതാകുന്നത്. പഠിപ്പിക്കാനും ആശയങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കുന്ന സാമൂഹിക മാധ്യമങ്ങൾ പരിവർത്തനങ്ങളിലൂടെ ഓരോ മിനിറ്റിലും മികവാർന്ന സേവനമാണ് കാഴ്ച വെയ്ക്കുന്നതെന്ന് മുൻ ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കൂടിയായ മോൺ. വില്ലേഗാസ് സന്ദേശത്തിന്റെ സമാപനത്തിൽ അറിയിച്ചു.

രാജ്യത്തെ യുവജന പ്രൊഫഷനലുകളെയും, സോഷ്യല്‍ മീഡിയ മാനേജർമാരെയും, രൂപത വക്താക്കളെയും, വിവിധ സഭാ പ്രതിനിധികളേയും ഓൺലൈൻ മിഷ്ണറിമാരായി രൂപപ്പെടുത്തുക എന്നതാണ് നവംബർ പതിനേഴിന് ക്വിസോൺ നഗരത്തിലെ സിയന്ന കോളേജിൽ നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യപ്രമേയം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.