ഈജിപ്തിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്ക് കണ്ണീരോടെ വിട

കെയ്റോ: ഈജിപ്തില്‍ ഇന്നലെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രെെസ്തവര്‍ക്ക് കണ്ണീരോടെ വിട. മിന്യ എന്ന നഗരത്തിലെ പ്രിൻസ് തദ്രോസ് ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷയില്‍ നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു. മിന്യായിലെ പ്രധാന പുരോഹിതനായ അൻബാ മക്കാറിയോസാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരേ കുടുംബത്തിലെ അംഗങ്ങളായ ആറു പേരുടെ സംസ്കാര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. ആക്രമണത്തിന് ഇരയായി മരിച്ച ബസ് ഡ്രൈവറിനായി മറ്റൊരു സംസ്കാര ചടങ്ങും നടന്നു. ദേവാലയത്തില്‍ എത്തിച്ച മൃതദേഹത്തിനരികെ ബന്ധുക്കള്‍ വിതുമ്പി കരഞ്ഞത് ശുശ്രൂഷയില്‍ പങ്കെടുത്ത മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി.

“സെെമൺ ദി കൺഫസർ” എന്ന പേരിലുളള ആശ്രമത്തിലേക്കുള്ള യാത്ര മദ്ധ്യേയാണ് തീർത്ഥാടകരെ ലക്ഷ്യമിട്ട് തീവ്രവാദികൾ ആക്രമണം നടത്തിയത്. അക്രമത്തില്‍ 19 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിന്നു. ഇതേ ആശ്രമത്തിലേക്ക് പോയ തീർത്ഥാടകരെ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം മേയ് മാസം വലിയ ഒരു ആക്രമണം നടന്നിരുന്നു. പ്രസ്തുത ആക്രമണത്തിൽ മുപ്പതു പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷം ആശ്രമത്തിലേയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വലിയ സുരക്ഷയാണ് ഈജിപ്ഷ്യൻ ഭരണകൂടം ഒരുക്കിയിരുന്നത്. എന്നാൽ വെളളിയാഴ്ച ദിവസം നടന്ന ആക്രമണം സർക്കാർ സുരക്ഷയിൽ ഉള്ള പാളിച്ചകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

നേരത്തെ തീർത്ഥാടകർക്കായി പോലീസ് അകമ്പടി ഉണ്ടായിരുന്നെന്നും എന്നാൽ അത് നിർത്തലാക്കിയെന്നും അതിനാൽ ആക്രമണത്തിന്റെ ഭാഗിക ഉത്തരവാദിത്വം പോലീസിനാണെന്നുമാണ് മിന്യായിലെ ക്രെെസ്തവർ പറയുന്നത്. അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോപ്റ്റിക്ക് ക്രെെസ്തവ സമൂഹവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി സംഭവ ശേഷം കോപ്റ്റിക്ക് സഭയുടെ തലവൻ പോപ്പ് തവാദ്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് തന്റെ അനുശോചനം അറിയിച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.