ഖത്തറില്‍ മഴയും പൊടിക്കാറ്റും തുടരും; അപ്പർ റൂമിന്റെ ഉത്ഘാടനം മാറ്റിവച്ചു

ദോഹ: ഖത്തറില്‍ മഴയും പൊടിക്കാറ്റും ഏതാനും ദിവസങ്ങള്‍ കൂടി നീളുമെന്നു കാലാവസ്ഥാ നിരീക്ഷണവിഭാഗം. കൂടാതെ തെക്കന്‍ മേഖലയായ മിസൈദിലും പരിസരപ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിനും കനത്തമഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കുമുന്നോടിയായി ശക്തമായ ഇടിമിന്നലുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. മിന്നലുള്ളപ്പോള്‍ കഴിയുന്നതും കെട്ടിടങ്ങള്‍ക്കുള്ളില്‍ത്തന്നെ കഴിയണം. നത്ത കാറ്റുള്ളപ്പോള്‍ വീടിന്റെ വാതിലുകളും ജാലകങ്ങളും ഭദ്രമായി ചേര്‍ത്തടയ്ക്കണം. ആസ്മ, ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ പൊടിക്കാറ്റില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

പൊടിക്കാറ്റില്‍ ഹൈവേകളില്‍ ഉള്‍പ്പെടെ ദൂരക്കാഴ്ച തീരെ കുറയ്ക്കുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലം പാലിക്കുകയും അതിവേഗം ഒഴിവാക്കുകയും വേണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേ സമയം, കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും, ഗതാഗത നിയന്ത്രണവും മുന്നിൽ കണ്ട് ക്രൈസ്തവ എഴുത്തുപുരയുടെ പ്രോജക്ട് ആയ അപ്പർ റൂമിന്റെ ഉത്ഘാടന യോഗം മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്റർ പ്രസിഡണ്ട് ഷിനു കെ ജോയ് അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like