ലേഖനം:കുഞ്ഞനിയനെ നോവിക്കല്ലേ | പാസ്റ്റർ ജോൺ കോന്നി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ മുകളിലേക്ക് നോക്കുമ്പോൾ കൂടെപ്പിറപ്പുകൾ ഒരോരുത്തരായി മരുഭൂമിയിലെ ആ പൊട്ടക്കുഴിയുടെ അടിത്തട്ടിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവർ അവനെ പിടിക്കുകയും ആ കുഴിയിലേക്ക് എറിയുകയും ചെയ്തപ്പോൾ കളിയാണെന്നാണ് അവൻ ആദ്യം കരുതിയത്. പക്ഷേ ‘കൊല്ലടാ അവനെ’ എന്ന് അവർ ആക്രോശിച്ചപ്പോൾ ബാലനാണെങ്കിലും അവന് കാര്യം മനസിലായി; ഇത് എന്തിന്റെയോ പക പോക്കലാണ്. പക്ഷേ ‘എന്തിന്റെയാണ്’ എന്ന് അവൻ അവനോട് തന്നെ പലവുരു ചോദിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. ദൈവത്തെ ഭയക്കുന്ന, അപ്പനേയും അമ്മയേയും സഹോദരങ്ങളെയും അനുസരിക്കുന്ന തനിക്കു തന്നെ ഇത് സംഭവിച്ചല്ലോ എന്ന് ഓർത്തപ്പോൾ ഹൃദയമിടിപ്പും ശ്വാസവും അല്പനേരത്തേക്ക് നിന്നുപോയതുപോലെ തോന്നി. ധാരധാരയായി
അടർന്നു വീഴുന്ന അശ്രുഗണങ്ങൾ വെയിലിൽ എരിയുന്ന മണൽത്തരികൾക്ക് ആശ്വാസം പകരുന്നു. സൂര്യൻ ഒരു തീനാളമായി അവന്റെ മേലേക്ക് കത്തിയിറങ്ങുന്നുണ്ടെങ്കിലും അവന് കണ്ണിൽ കൂരിരുട്ട് തള്ളിക്കയറുന്നതുപോലെ അനുഭവപ്പെടുന്നു. നാവനക്കി ചോദിക്കണമെന്നുണ്ട് ” എന്താണ് ഞാൻ നിങ്ങളോട് ചെയ്ത തെറ്റ്? നിങ്ങൾ ചിരിച്ചതിന്റെ അർത്ഥമെന്തായിരുന്നു? നിങ്ങൾ കൈ പിടിച്ചു കുലുക്കിയതും മാറോടു ചേർത്തതും എല്ലാം വെറുതെയായിരുന്നു അല്ലേ?”

തനിയെ ആ കുഴിയിൽ നിന്നും കേറാനായ് പല തവണ ശ്രമിച്ചു കഴിഞ്ഞപ്പോൾ ശ്രമം വിഫലമെന്ന് മനസിലായി. അപ്പന്റെ മാറോടു ചേർന്നിരുന്നവൻ ഇപ്പോൾ പ്രതീക്ഷയെല്ലാമറ്റവനായി ആ ഗർത്തത്തിന്റെ ഒരു വശത്ത് ചുട്ടുപൊള്ളുന്ന മണലിൽ തല താഴ്ത്തി ഇരിക്കുന്നത് ‘മനുഷ്യത്വം തലകുനിക്കുന്ന’ ദയനീയകാഴ്ചയാണ്. “സാഹോദര്യം എന്ന നാടകത്തിന്റെ ക്ലൈമാക്‌സിതാ പൊട്ടകുഴിയിൽ.”

കൂടെക്കൂടെ ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലെ മൺതരികളാൽ തന്റെ കണ്ണ് ഏകദേശം മൂടപ്പെട്ടിരിക്കുന്നു. ജ്യേഷ്ഠന്മാർ ഒരോരുത്തരായ് മുകളിൽ നിന്നും നോക്കുമ്പോൾ ആദ്യമൊക്കെ പ്രതീക്ഷയോടെയാണ് അവൻ നോക്കിയിരുന്നതെങ്കിലും ധാർഷ്ട്യമുള്ള അവരുടെ മുഖം കണ്ടപ്പോൾ പിന്നെ നോക്കുവാൻ തുനിഞ്ഞില്ല. നിസഹായനായി തലയും താഴ്ത്തി ഇരിക്കുമ്പോൾ പിന്നെയും പല നിഴലുകൾ വന്നു പോകുന്നത് അവൻ അറിഞ്ഞു. എന്നാൽ ഒന്നു മാത്രം കുറെ നേരത്തേക്ക് മായാതെ നിൽക്കുന്നു. അത് മൂത്ത ജ്യേഷ്ഠനാണ്. കുഴിയുടെ മുഖത്ത് കുറേ നേരത്തെ ഇരിപ്പിനു ശേഷം അവൻ ഒന്നു പുഞ്ചിരിക്കുന്നു; സങ്കടമുള്ളിലൊതുക്കി അനിയനും പുഞ്ചിരിക്കുന്നു. ബാക്കിയുള്ളവർ അടുത്തെവിടെയോ കമ്മിറ്റി കൂടുന്ന ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം മൂത്ത ജ്യേഷ്ഠന് ഒന്നും പറയാനും ചെയ്യാനും കഴിയാത്ത അവസ്ഥ.
പാരമ്പര്യമനുസരിച്ച് അപ്പന്റെ അസാന്നിദ്ധ്യത്തിൽ തീരുമാനമെടുക്കാനും നടപ്പിലാക്കാനും അധികാരമുള്ളവൻ. പക്ഷേ എന്തുചെയ്യാം; ഒന്നും ചെയ്യുവാനുള്ള ധൈര്യമില്ല. ഈ ‘പറ്റാത്ത പണി’ വിറ്റു കളഞ്ഞ അപ്പന്റെ ജ്യേഷ്ഠൻ ഏശാവാണ് ശരി എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നിപ്പോകുന്നു. അന്ന് ജ്യേഷ്ഠാവകാശത്തിന് വില പറയുവാൻ തന്റേടം കാണിച്ച ആ അപ്പന്റെ മൂത്തമകൻ ഇത്രയും ഭീരുവാകാൻ പാടില്ലായിരുന്നു. രണ്ടും കല്പിച്ച് ഇറങ്ങിയ അപ്പനും കഴുത്തിനു മുകളിൽ തല കാണുമോ എന്നുള്ള പേടി അന്നുണ്ടായിരുന്നു. കാരണം ഏശാവിന് കാര്യം ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ എന്തും സംഭവിച്ചേനേ. അപ്പനെ വച്ചു നോക്കിയാൽ രൂബേൻ ശരിക്കും ഒരു കഴിവുമില്ലാത്തവൻ. ആവശ്യമുള്ളിടത്ത് സംസാരിക്കാതെയും കൃത്യമായ നിലപാടുകൾ എടുത്ത് പ്രവൃത്തിക്കാതെയും ജീവനേയും പദവിയേയും കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്ന അവരുടെ നേതാവായ രൂബേൻ മറ്റുള്ളവരുടെ കൈയിലെ വെറും കളിപ്പാവയാണ് എന്നു പറയുന്നതിൽ ഒരു തെറ്റും കാണുന്നില്ല.

ആ നോട്ടം അവസാനിക്കുന്നതിന് മുമ്പ് അവന് ചോദിക്കണമെന്നുണ്ട് “നിങ്ങൾ ആരെയാ ഭയക്കുന്നത്? ഇപ്പോഴത്തെ
നിങ്ങളുടെ മൗനം, ഈ സമ്മതം അത് തകർച്ചയാണ്, വലിയ ശാപമാണ്.”

പക്ഷേ പെട്ടെന്ന് അവൻ കൈകൊണ്ട് എന്തോ ആംഗ്യം കാട്ടി പിൻവലിയുന്നു. പിന്നീട് വന്ന് രക്ഷിക്കാം എന്നായിരിക്കും അവൻ ഉദ്ദേശിച്ചത്.

അധികം കഴിഞ്ഞില്ല; കുഴിയുടെ മുകളിൽ വിദേശികളുമായി ഒരു സംഭാഷണം. കുഴിയിൽ നിന്നും അവൻ ചെവിയോർത്തെങ്കിലും ഒന്നും മനസിലാകുന്നില്ല. ശബ്ദം അടുത്തു വരുന്നു. തലയുയർത്തി നോക്കിയപ്പോൾ വേറെ ഗോത്രത്തിലുള്ള കുറച്ചു പേർ വന്ന് അവനെ നോക്കുന്നു. എന്തൊക്കെയോ പറഞ്ഞ് കൈപിടിച്ച് കുലുക്കുന്നു.

പെട്ടെന്ന് തന്റെ സഹോദരന്മാർ തനിക്കു പിടിച്ചുകയറുവാൻ വേണ്ടി ഒരു വള്ളി താഴേക്ക് ഇട്ടു തരുന്നു. അവസാനം, അവർക്ക് ദയതോന്നി താൻ രക്ഷപെടും എന്നു വിചാരിച്ച് അവൻ ആ വള്ളിയിൽ തൂങ്ങി മുകളിലെത്തി. മൂത്തജ്യേഷ്ഠനെ അവിടെയെങ്ങും കാണുന്നില്ല. പകരം കുറേ യിശ്മായേല്യ കച്ചവടക്കാർ. സഹോദരന്മാർ ചെറുചിരിയോടെ അവനടുത്തെത്തിയപ്പോൾ താനും ചെറുതായി ചിരിക്കുവാൻ ശ്രമിച്ചു. പെട്ടെന്നു തന്നെ അവർ അവന്റെ കൈ പിടിച്ച് കച്ചവടക്കാരുടെ കൈയിൽ കൊടുക്കുന്നു; നാണയത്തുട്ടുകൾ എണ്ണി നിറച്ച കിഴികൾ പകരം വാങ്ങുന്നു. രണ്ടാം പദ്ധതി (Plan B) നിറവേറ്റാം എന്നു വിചാരിച്ച രൂബേനെ അവന്റെ അസാന്നിദ്ധ്യത്തിൽ പരാജയപ്പെടുത്തുന്ന സഹോദരന്മാരുടെ രണ്ടാം പദ്ധതി.

വാങ്ങിയ കിഴികൾക്കുള്ളിൽ ശ്രദ്ധ പതിയപ്പെട്ട സഹോദരന്മാരിൽ നിന്നും യിശ്മായേല്യർ അവനെ ചങ്ങലയിൽ ഒട്ടകത്തോട് ചേർത്ത് ബന്ധിക്കുന്നു. ചൂടുള്ള ഇരുമ്പു ചങ്ങലകളാൽ ബന്ധിക്കപ്പെടുമ്പോൾ ശരീരം അല്പമായി പൊള്ളുന്നെങ്കിലും അവൻ കണ്ട കാഴ്ചയിലേക്ക് ശ്രദ്ധമാറി; അവന് അപ്പൻ വാത്സല്യപൂർവ്വം സമ്മാനിച്ച അങ്കിയും അതിനരികിൽ അവനെ നോക്കി കരയുന്ന ഒരു ആടും. അവരോടൊപ്പം നടക്കുവാനാരംഭിച്ചപ്പോൾ പിന്നിൽ നിന്നും സഹോദരന്മാർ അവന് നല്കിയ പുതിയ പേർ വിളിച്ചു കളിയാക്കുന്നു ” സ്വപ്നക്കാരൻ അടിമ”. തിരിഞ്ഞു നോക്കുമ്പോൾ കാട്ടുമൃഗത്തോടു പോലും കാണിക്കാത്ത നിന്ദയും പരിഹാസശരങ്ങളും. പെട്ടെന്ന് ജീവിതത്തിൽ ആദ്യമായ്, അപ്പൻ പോലും അടിക്കാത്ത അവന്റെ മേലേക്ക് ചമ്മട്ടി ആഞ്ഞു പതിഞ്ഞു. വേദനയിൽ ഒന്നു പുളയുമ്പോൾ തനിക്കു മനസിലാകാത്ത ഭാഷയിൽ ഒട്ടകപ്പുറത്ത് ഇരിക്കുന്നവൻ എന്തോ പറഞ്ഞു, അവന് കാര്യം മനസിലായി “തിരിഞ്ഞു നോക്കാതെ മുന്നോട്ട് നോക്കി നടക്കണം “. ഇനി അതു മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നും അവന് മനസിലായി.

അപ്പൻ സമ്മാനിച്ച അങ്കി ഇല്ലാതെ അർദ്ധനഗ്നനായി ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ചൂടേറിയ മണലിൽ പാദരക്ഷകളില്ലാതെ നടക്കുന്ന നടപ്പിലും അവൻ തന്റെ വീടിനെപ്പറ്റി ഒരു നിമിഷം ഓർത്തു. പെട്ടെന്ന്
ബെന്യാമിന്റെ മുഖം ഒരു കൊള്ളിയാൻ കണക്കെ അവന്റെ ചങ്കിൽ ഒന്നു മിന്നി. ചങ്ങലയണിഞ്ഞ കരങ്ങൾ കൂപ്പി പിന്നിലേക്ക് നോക്കി അവന് യാചിച്ചു പറയണമെന്നുണ്ട് :

“നമ്മുടെ കുഞ്ഞനിയനെയെങ്കിലും നോവിക്കരുതേ”

ഇരുവദനങ്ങളിൽക്കൂടെ ഒഴുകിയ ആ കണ്ണീർ തുള്ളികൾ
ഈ നൂറ്റാണ്ടിൽ നമ്മുക്ക് മുന്നിൽ കൂടിയും ഒഴുകുന്നുണ്ട്…

നിറകണ്ണുകളുമായി ഇത് കുറിക്കുന്നത് യോസേഫിന്റെ കഷ്ടതയുടെ ആഴം മനസിലാക്കിയത് കൊണ്ടു മാത്രമല്ല, കാലയവനികകൾക്കപ്പുറത്ത് ഇന്നും ഇത് ആവർത്തിക്കപ്പെടുന്നത് കാണുന്നത് കൊണ്ടാണ്.

ജ്യേഷ്ഠാവകാശമുള്ള നേതൃത്വത്തിന്റെ കഴിവുകേടും മൗനവും, അധികാരമില്ലാത്ത കൈയ്യൂക്കുള്ളവർ അധികാരം കൈയാളുന്നതും, യോസേഫുമാർ വളർത്തപ്പെടേണ്ടതിനു പകരം അടിമകളാക്കപ്പെട്ട് ദൂരേക്ക് പോകേണ്ടി വരുന്നതും, വരും തലമുറയായ ബെന്യാമീനെ ഓർത്ത് വിചാരപ്പെടുന്നതുമൊക്കെ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു.

ഈ തലമുറയിൽ നേതൃത്വത്തിനായി ദൈവം തിരെഞ്ഞെടുത്ത് അധികാരവും അഭിഷേകവും കൊടുത്ത ഒരുഭാഗം രൂബേൻമാർ മറ്റുള്ളവരുടെ കൈയിലെ വെറും കളിപ്പാവകളായി മാറുന്നുവെന്നുള്ളത് സഭയാകുന്ന ഭവനത്തിലെ യോസേഫുമാർ മിസ്രയീമിലേക്ക് പിന്നെയും പോകുവാൻ ഇടയാകും. ഇത് ഈ കാലഘട്ടത്തിലെ ഒരു മുന്നറിയിപ്പാണ്. രൂബേൻ അധികാരത്തിൽ നിൽക്കാഞ്ഞതു കൊണ്ടാകാം അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവർക്ക് ശേഷം ഗോത്രഭരണാധികാരി (Patriarchal Fathers) എന്ന പദവി നിന്നുപോയതും ഗോത്രപിതാക്കന്മാർ (Tribal Fathers) തിരെഞ്ഞെടുക്കപ്പെട്ടതും. യോസേഫിന്റെ രണ്ടു മക്കൾക്കും ഈ പദവി ലഭിച്ചു എന്നുള്ളതും ചിന്തനീയമാണ്.

അനിയനെ രക്ഷിച്ച് ഈ വിപത്തിന്റെ കാരണമായ “സ്വപ്നം” സംബന്ധിച്ച് ഒരു ‘മാനസാന്തരം’ ഒക്കെ വരുത്തി വീട്ടിലെത്തിക്കാമെന്നാണ് അവൻ വിചാരിച്ചത്. എന്നാൽ കാരാഗൃഹത്തിൽ പോകേണ്ടി വന്നാലും ദൈവം തരുന്ന സ്വപ്നം കാണുന്നത് നിർത്തണമെന്ന് പഠിപ്പിക്കുന്ന രൂബേന്റെ കൂട്ടായ്മയിൽ ഒരിക്കലും പോകാൻ പാടില്ല.

രൂബേൻ തടസം നിന്നതിനാലാണ് ‘ഉടൻ കൊല്ലണ്ട’ എന്ന തീരുമാനമായതും ഇതുവരെയും അവൻ ജീവനോടെയുള്ളതും എന്നത് വാസ്തവമാണ്. പിന്നീട് വന്ന് രക്ഷിച്ചു കൊണ്ട് പോകാം എന്നു വിചാരിച്ചു രഹസ്യമായി പ്രവർത്തിക്കുവാൻ അവൻ ആഗ്രഹിച്ചു. എന്നാൽ പരസ്യമായി ചെയ്യേണ്ട കാര്യങ്ങൾ പരസ്യമായും രഹസ്യമായി ചെയ്യേണ്ടത് രഹസ്യമായും ചെയ്യണം. എന്റെ പ്രതിച്ഛായ്ക്ക് ഇതിൽ എന്തു ലാഭം, എന്തു നഷ്ടം എന്നു മാത്രം നോക്കി രൂബേൻമാർ കാര്യങ്ങളിൽ ഇടപെട്ടാൽ സഹോദരൻ എന്നേക്കുമായി നഷ്ടമാകും.

പൗലൊസ് പറയുന്നത് ഇവിടെ കൂട്ടി വായിക്കാം “ആർക്കു വേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരൻ നിന്റെ അറിവിനാൽ നശിച്ചുപോകുന്നു. ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്ത്, അവരുടെ ബലഹീനമനസാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോട് പാപം ചെയ്യുന്നു (1 കൊരിന്ത്യർ 8:11,12).
സകല പങ്കപ്പാടുകളും സഹിച്ച് സഭയ്ക്ക് ജീവൻ കൊടുത്ത കർത്താവിന് ഈ അരുംകൊലകളെ സഹിക്കാൻ പറ്റുമെന്ന് വിശ്വസിക്കുവാൻ പ്രയാസമാണ്.
സഭ ക്രിസ്തുവിന്റെ ശരീരമെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നാം കർത്താവിന്റെ മേശ ആചരിക്കുന്ന ആഴ്ചയിലെങ്കിലും 1 കൊരിന്ത്യർ അദ്ധ്യായം 11 വാക്യം 23 മുതൽ തുടങ്ങാതെ 17 മുതൽ ചിന്തിക്കാം, വിശേഷാൽ വാക്യം 22 ലെ
‘ദൈവത്തിന്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ച് , ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ?’

ദൈവത്തിന്റെ ആത്മാവിന്റെ മന്ദിരമായ ഒരോ വിശ്വാസിയോടുമുള്ള നമ്മുടെ എല്ലാ തെറ്റായ സമീപനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
മാറ്റങ്ങൾ അനിവാര്യമെങ്കിൽ എന്തു വിലയും കൊടുത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

ഇവിടെ ഇനിയും പൊട്ടക്കുഴികൾ കാണും, എന്നാൽ അതിലൊന്നും സഹോദരനെ തള്ളിയിടാനുള്ളതല്ല.
യിശ്മായേല്യർ ഇനിയും ഇതുവഴി പോകും, എന്നാൽ അവരുടെ കിഴിയുടെ കറ കൈകളിൽ പുരളില്ല.
മിസ്രയീം ഇനിയും തുറന്നു കിടക്കും, എന്നാൽ ദൈവത്താൽ അല്ലാതെ നാം കാരണം ആരും അവിടേക്ക് പോയിക്കൂടാ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.