പുരാതനമായ അമൂല്യ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ സംരക്ഷിച്ച് ഇറാഖി കുടുംബം

മൊസൂള്‍: സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ട് രണ്ട് പുരാതന അമൂല്യ സിറിയന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളില്‍പ്പെടാതെ മൂന്നു വര്‍ഷത്തോളം കാത്തുസൂക്ഷിച്ച മൊസൂളിലെ മുസ്ലീം കുടുംബം മാതൃകയാകുന്നു. ഫാ. പൗലോസ് താബിത് മെക്കോ എന്ന വൈദികനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സിനെ നിശബ്ദമായി സഹായിക്കുന്നവര്‍ ഇപ്പോഴും സജീവമായതിനാല്‍ മുസ്ലീം കുടുംബത്തിന്റെ പേര് അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

നാളുകള്‍ക്ക് മുന്‍പ് മൊസൂളിലെ ഒരു കല്‍ദായ സഭാംഗം തന്നെ ബന്ധപ്പെടുകയും വര്‍ഷങ്ങളായി അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന മുസ്ലീം കുടുംബനാഥനെയും അമൂല്യ ഗ്രന്ഥങ്ങളെക്കുറിച്ചും തന്നോടു പറയുകയായിരുന്നുവെന്നും ഫാ. മെക്കോ വെളിപ്പെടുത്തി.

ഭക്ഷണം പാകം ചെയ്യുന്നതിനായി വിറക് അന്വേഷിച്ച് പോയ മുസ്ലീം കുടുംബനാഥന്‍ ലോറിയില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് ശ്രദ്ധിക്കുകയായിരിന്നു. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന രണ്ട് ക്രിസ്ത്യന്‍ കയ്യെഴുത്ത് ഗ്രന്ഥങ്ങളുടെ മൂല്യം മനസ്സിലാക്കിയ അദ്ദേഹം ആരും കാണാതെ അവ കൈവശം വയ്ക്കുകയും ചരിത്ര വിരോധികളായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈകളില്‍പ്പെടാതിരിക്കുവാന്‍ ജീവന്‍ പോലും പണയം വച്ച് സംരക്ഷിക്കുകയുമായിരുന്നു. മൊസൂളിന്റെ മോചനത്തിനുശേഷമാണ് തന്റെ മുന്‍ അയല്‍പക്കക്കാരനായിരുന്ന ക്രിസ്ത്യാനിയോട് അദ്ദേഹം ഈ ഗ്രന്ഥങ്ങളുടെ കാര്യം വെളിപ്പെടുത്തിയത്.

ഒരു പുരോഹിതനെയോ വിശ്വസ്തനായ ഒരാളേയോ കണ്ടെത്തിയാല്‍ അവ കൈമാറാന്‍ തയ്യാറാണെന്ന്‍ അദ്ദേഹം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമൂല്യ നിധികള്‍ ഫാ. മെക്കോയുടെ കൈകളില്‍ എത്തുന്നത്. അവ ലഭിച്ചപ്പോള്‍ തന്നെ, ഇസ്ളാമിക തീവ്രവാദികള്‍ തകര്‍ത്ത സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടവ ഗ്രന്ഥങ്ങളാണെന്ന് തനിക്ക് മനസ്സിലായതായി ഫാ. മെക്കോ പറഞ്ഞു. അന്തോക്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ പ്രഭാത, മധ്യാഹ്ന പ്രാര്‍ത്ഥനകളും ആചാരവിധികളുമാണ് ഗ്രന്ഥങ്ങളുടെ ഉള്ളടക്കമെന്നും അദ്ദേഹം വിവരിച്ചു.

നിരവധി മുസ്ലീങ്ങള്‍ ക്രൈസ്തവരെ തങ്ങളുടെ സഹോദരന്‍മാരെപ്പോലെയാണ് കാണുന്നതെന്നും, ക്രൈസ്തവര്‍ക്ക് വേണ്ടി ജീവന്‍ ഉപേക്ഷിക്കുവാന്‍ തയ്യാറാണെന്നും മുസ്ലീം കുടുംബനാഥന്‍ ഗ്രന്ഥങ്ങള്‍ തന്നെ ഏല്‍പ്പിച്ച ശേഷം തന്നോടു പറഞ്ഞതായും ഫാ. മെക്കോ വിവരിച്ചു. വൈദികന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഈ അമൂല്യ ഗ്രന്ഥങ്ങള്‍. ഏതാണ്ട് 4 വര്‍ഷക്കാലത്തോളം മൊസൂള്‍ നഗരം ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. ഇക്കാലയളവില്‍ നിരവധി ദേവാലയങ്ങളും അമൂല്യഗ്രന്ഥങ്ങളുമാണ് തീവ്രവാദികള്‍ നശിപ്പിച്ചിട്ടുള്ളത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.