ഇന്ന് ജറുസലേമിൽ “യോം കിപ്പൂർ”

യഹൂദമതവിശ്വാസികൾക്ക് ഏറ്റവും പരിശുദ്ധവും സുപ്രധാനവുമായ ദിവസമാണ് “യോം കിപ്പൂർ” [DAY OF ATONEMENT] പ്രായശ്ചിത്തത്തിന്റെ ദിവസം. പുതുവർഷാരംഭം മുതലുള്ള പത്തു ദിവസത്തെ വിലയിരുത്തലിന്റെയും പ്രായശ്ചിത്തത്തിന്റെയും അവസാന നാൾ. ചെയ്തു പോയ തെറ്റുകളെ ഓർത്ത്, പശ്ചാത്തപിച്ചവർക്കും, മാനസാന്തരപ്പെടാൻ ശ്രമിച്ചവർക്കും ദൈവം മാപ്പു കൊടുത്ത്, തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ വിശുദ്ധ പുസ്തകത്തിൽ ഒപ്പുവയ്ക്കപ്പെടുന്നു എന്ന് യഹൂദ വിശ്വാസം. പരമ്പരാഗത യഹൂദ വിശ്വാസികൾ അന്നേ ദിവസം ഭക്ഷണം വർജ്ജിച്ച്, മാനസാന്തര പ്രാർത്ഥനകളിൽ ഏർപ്പെടും. ഗർഭിണികളും,12 വയസ്സിൽ താഴെയുള്ള കുട്ടികളും, രോഗികളും ആയവർ ഒഴികെ എല്ലാവരും ഈ ഉപവാസം അനുഷ്ഠിക്കാൻ യഹൂദമതം അനുശാസിക്കുന്നു. അന്നേ ദിവസം ജോലികൾ ചെയ്യാനോ, വാഹനം ഓടിക്കാനോ, പാടില്ല. യഹൂദമതാചാരപ്രകാരം എല്ലാ വിശുദ്ധ ഉത്സവങ്ങളും ആരംഭിക്കുന്നത് തലേദിവസത്തെ സൂര്യാസ്തമയം മുതലാണ്. പിറ്റേദിവസം സൂര്യാസ്തമയം വരെയുള്ള സമയങ്ങളിൽ ഒട്ടുമിക്ക പേരും സിനഗോഗുകളിലും, ബേത്ഹകനിസയിലും (യഹൂദൻമാരുടെ പള്ളി) ചിലവഴിക്കും.”യോം കിപ്പൂറിനുള്ള പ്രത്യേക പ്രാർത്ഥനകളും ബൈബിൾ വായനയുമാണ് പ്രധാന ചടങ്ങ്. പുതുവർഷം മുതൽ പത്താം ദിവസമാണ് “യോം കിപ്പൂർ; “യോം” എന്നാൽ ദിവസം.”കിപ്പൂർ ” എന്നാൽ പ്രായശ്ചിത്തം. കിപ്പൂർ എന്ന വാക്ക് ബൈബിളിൽ നിന്നും എടുക്കപ്പെട്ടതാണ്. പ്രളയകാലത്ത് നോഹയും കുടുംബവും, മൃഗങ്ങളും കയറി രക്ഷപെട്ട പെട്ടകത്തിന്റെ [ARK] പുറംഭാഗം എന്ന അർത്ഥം. പ്രായശ്ചിത്തത്തിനും, മാനസാന്തരത്തിനും നൽകപ്പെട്ട ദിവസമാണെന്നും, ആ ദിവസം വിലക്കപ്പെട്ടതൊന്നും ചെയ്യാൻ പാടില്ല എന്നും ദൈവം കൽപിച്ചിരിക്കുന്നത് വിശുദ്ധ ബൈബിളിൽ പഴയ നിയമത്തിൽ ലേവ്യ 16:29 ൽ വായിക്കാം.

ഇസ്രായേലിലെ കൊച്ചു കുട്ടികൾക്ക് ഏറ്റവും സന്തോഷമുള്ള ദിവസം കൂടിയാണ് ഇത്. കാരണം റോഡുകൾ നിശ്ചലമായതിനാൽ അവർക്ക് യഥേഷ്ടം സൈക്കിൾ ഓടിക്കാം. ജറുസലേമിലെ വലിയ സിനഗോഗിൽ അർപ്പിക്കപ്പെടുന്ന പ്രാർത്ഥനകളോടും മാപ്പപേക്ഷകളോടും ചേർത്ത് നമുക്കും നമ്മുടെ പ്രാർത്ഥനകളും മാപ്പപേക്ഷകളും ദൈവത്തിന് സമർപ്പിക്കാം. മതം ഏതുമായിക്കോട്ടെ. വിശ്വാസമാണ് സർവ്വോൽകൃഷ്ടം. ആരുടെയെങ്കിലും മനസ്സിനെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. (ഗ്മാർ ഖത്തിമ തോവ ലകുലാം) വിശുദ്ധ പുസ്തകത്തിൽ നിങ്ങളുടെ പേരും ഒപ്പുവയ്ക്കപ്പെടട്ടെ എന്നർത്ഥം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.