ലേഖനം:കുട്ടികളെ ശിക്ഷിക്കാറുണ്ടോ? | ജിജോ പുത്തൻപുരയിൽ

ഉണ്ട്, മിക്ക മാതാപിതാക്കളും മക്കള്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ ആദ്യം പറഞ്ഞു നോക്കും, പിന്നെ അത്രമാത്രം ആവര്‍ത്തിക്കുമ്പോള്‍ വടികൊണ്ട് ശിക്ഷിക്കും. അല്ലേ?

ശിക്ഷണം എന്തിനാണെന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ.

എന്നാല്‍ രണ്ടടി കൊടുത്ത് കുറച്ച് നേരം കരഞ്ഞും പിടിച്ചും അവസാനം പമ്മി പമ്മി നമ്മുടെയടുക്കല്‍ വരും. എന്നിട്ട് ദയനീയമായി നമ്മളെയൊന്നു നോക്കും. ആ നോട്ടത്തില്‍ ഏത് മാതാപിതാക്കളുടേയും മനസ്സലിയും, അപ്പോള്‍ തന്നെ അവരെ കോരിയെടുത്ത് ഉമ്മവെക്കും. ആ സമയത്ത് കുട്ടികളുടെ സ്നേഹ പ്രകടനം സാധാരണയിലും കൂടുതലായിരിക്കും. പിന്നെയൊരു പ്രത്യേക സ്നേഹമായിരിക്കും അവര്‍ക്ക് നമ്മളോട്.

ഈ കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഉണ്ടാവും അല്ലേ. അതെന്താവും കാരണം?

തെറ്റുകള്‍ ചെയ്തിട്ടും ശിക്ഷിക്കാതെ ആവശ്യത്തില്‍ കൂടുതലും കൊഞ്ചിച്ച് വളര്‍ത്തുന്ന മക്കള്‍ക്കുള്ളതിലും സ്നേഹവും കടപ്പാടും അനുസരണവും ആവശ്യത്തിനു മാത്രം ശിക്ഷ കൊടുത്ത് വളര്‍ത്തുന്ന മക്കള്‍ക്കുണ്ടാവും.

എങ്ങനെ കൊടുക്കുന്ന ശിക്ഷയിലാണ് മക്കള്‍ക്ക് മാതാപിതാക്കളോടുള്ള സ്നേഹം കൂടുക?

ശിക്ഷ എന്നുള്ളത് ദേഷ്യം തീര്‍ക്കാനുള്ളതല്ല എന്ന സത്യം ആദ്യം തന്നെ മാതാപിതാക്കള്‍ മനസ്സിലാക്കണം.

മനുഷ്യര്‍ക്കും, സമൂഹത്തിനും, കുടുംബാംഗങ്ങള്‍ക്കും, കൂടെപ്പിറപ്പുകള്‍ക്കും കുട്ടികള്‍ക്ക് സ്വയവും ദോഷമായി തീര്‍ന്നേക്കാവുന്ന ചെറിയ ചെറിയ തെറ്റുകള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അത് കൂടുതല്‍ പ്രശ്ന പങ്കിലമാവുകയും കുട്ടികള്‍ തോന്നിയ പോലെ നടക്കുകയും ചെയ്യും. അത്തരം ചെയ്തികള്‍ മുളയിലേ നുള്ളിക്കളയാനാണ് കുട്ടികളെ ശിക്ഷിക്കേണ്ടത്. അതായത് ബാലന്‍ അല്ലെങ്കില്‍ ബാലിക നേര്‍ പാതയില്‍ നടക്കേണ്ടതിനായി ശിക്ഷിക്കണം എന്നത് ചുരുക്കം.

മുകളില്‍ പറഞ്ഞ പോലെ ആധികാരികമായ ശിക്ഷയാണെങ്കില്‍, ആ ശിക്ഷ എന്തിനാണെന്ന് കുട്ടികള്‍ക്ക് ബോധ്യം വരുമ്പോഴാണ് കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള സ്നേഹം കൂടുക. അതായത് തങ്ങളെ ശിക്ഷിച്ചത് ഇന്ന കാര്യം തെറ്റായത് കൊണ്ടാണെന്ന് അവര്‍ക്ക് ബോധ്യം വരുമ്പോള്‍ ദേഷ്യത്തിന് പകരം സ്നേഹമായിരിക്കും ഉണ്ടാവുക.

ഓരോ ശിക്ഷയും കുട്ടികള്‍ക്ക് മൂല്യ ബോധം വരുത്തുന്നതായിരിക്കണം. അല്ലാതെ അവരുടെയുള്ളില്‍ മൂല്യ ശോഷണം വരുത്തുന്നതാവരുത്.

അത് ചെറിയ കുട്ടിയാണെങ്കിലും വലിയ കുട്ടിയാണെങ്കിലും അങ്ങനെ തന്നെ. അതുകൊണ്ടാണല്ലോ വലുതായിട്ടും നമ്മളില്‍ ചിലര്‍ നമ്മുടെ മാതാപിതാക്കള്‍ നമ്മളെ ശിക്ഷിച്ചതില്‍ ദേഷ്യം വിചാരിക്കാതെ അത് നന്മക്കായി ഭവിച്ചു എന്ന് ചിന്തിക്കുകയും മാതാപിതാക്കളെ ഓര്‍ക്കുകയും ചെയ്യുന്നത്.

എന്നാല്‍ ചില മാതാപിതാക്കളുണ്ട്, അവരുടെ സ്വന്തം ജീവിത പ്രശ്നങ്ങളിലെ ദേഷ്യം, ഈര്‍ഷ്യ മുഴുവന്‍ തീര്‍ക്കുന്നത് കുഞ്ഞുങ്ങളിലായിരിക്കും.
അതായത് ആവശ്യമില്ലാതെ തല്ലുക, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അടിക്കുക, കണ്ണടച്ച് വഴക്ക് പറയുക, ചെറിയ ചെറിയ തെറ്റുകള്‍ക്ക് ശരിയും തെറ്റും പറഞ്ഞു കൊടുക്കാതെ പരിധിയില്ലാതെ തല്ലുക, അല്പം മാര്‍ക്ക് കുറഞ്ഞാല്‍ അടുത്ത് പിടിച്ചു സാരമില്ലടാ കുട്ടാ പോട്ടെ, അടുത്ത തവണ നന്നായി പഠിക്കണം എന്ന് പറഞ്ഞു പ്രചോദനം കൊടുക്കേണ്ട ത്തിനുപകരം ശകാരിക്കുക, തല്ലുക.

പട്ടാളച്ചിട്ടയില്‍, കാടന്‍ അനുസരണത്തില്‍ വളര്‍ത്തുക തുടങ്ങിയ രീതിയിലാണെങ്കില്‍ വിദ്വോഷവും വെറുപ്പും, വൈരാഗ്യവും മാത്രമേ കുട്ടികളില്‍ കാണൂ. അവര്‍ ഭാവിയില്‍ വലിയ ദേഷ്യക്കാരായി മാറുകയും ചെയ്യും.

ചില കുട്ടികള്‍ സ്വന്തം വീട്ടില്‍ ഗതികേടു കൊണ്ട് നിന്ന് പോകുന്നവരുണ്ട്. ബന്ധുവീട്ടിലോ മറ്റോ അവധിക്ക് പോയാല്‍ അവിടുന്ന് സ്വന്ത വീട്ടില്‍ തിരികെ പോകാന്‍ ഇഷ്ടമില്ലാതെ എത്രയോ കുഞ്ഞുങ്ങളുണ്ട്. അതിന്റെയൊക്ക കാരണം വിവേകമില്ലാത്ത മാതാപിതാക്കളുടെ വിവരം കെട്ട ശിക്ഷണവും ജീവിത രീതിയുമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല ഇത് സംഭവിക്കുന്നത് വര്‍ഷങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങളില്‍ മുള്ളുകള്‍ വളരുന്നത്, അല്ല വളര്‍ത്തുന്നത്.

എന്നാല്‍ സ്നേഹത്തോടെ ആവശ്യ ബോധത്തോടെ മാത്രം ശിക്ഷിച്ചു നോക്ക്, കുഞ്ഞുങ്ങള്‍ മാറോടു കൂടുതല്‍ പറ്റിച്ചേരുകയുള്ളു. എന്നാല്‍ ഒട്ടും ശിക്ഷിക്കാതെയും ഇരിക്കരുത്.

നല്ല നല്ല ശീലങ്ങള്‍ ആദ്യം പറഞ്ഞും പിന്നെ ചെറിയ ചെറിയ ശിക്ഷ കൊണ്ടും ഈ ശീലങ്ങള്‍ അവരുടെ ജീവിത രീതിയാക്കി മാറ്റണം. 5 വയസ്സ് മുതല്‍ 13 വയസ്സ് വരെയാണ് രൂപീകരണം നടക്കുന്നത്. ആ സമയത്തിനുള്ളില്‍ വെറുപ്പ് അവരുടെയുള്ളില്‍ കടന്നു കൂടിയാല്‍ പിന്നെ അത് മാറ്റിയെടുക്കാന്‍ അല്പം ബുദ്ധുമുട്ടാണ്.

പിന്നെ വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടെങ്കില്‍ അവര്‍ കുട്ടികളെ എത്ര തെറ്റ് ചെയ്താലും ശിക്ഷിക്കാന്‍ അനുവദിക്കില്ല. അത് കുട്ടികള്‍ താപ്പായി കാണുകയും വഴക്ക് പറഞ്ഞാല്‍ തന്നെ കാറി കരഞ്ഞു ബഹളം വെക്കും, ഇതുകേട്ട് അവര്‍ സംരക്ഷണത്തിന് വന്നു വക്കാലത്ത് പിടിക്കും. ഇത് ദോഷമാണ്. അപക്വമാണ്. എന്‍റെ വീട്ടിലും ഇത് തന്നെ സ്ഥിതി.

ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ നടക്കാന്‍ അവനെ അഭ്യസിപ്പിക്ക എന്ന വിശുദ്ധ ഗ്രന്ഥ വാക്യം ഓര്‍മിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.