ലേഖനം:ഓറഞ്ച് അലർട്ട് ആന്റ് റെഡ് അലർട്ട് | പാസ്റ്റർ ജോയി പെരുമ്പാവൂർ

കഴിഞ്ഞ ചില ആഴ്ചകൾ മുഴുവൻ കേരളത്തിന് ചങ്കിടിപ്പിന്റെ ദിനങ്ങളായിരുന്നു. കേരളത്തിലെ പല ജില്ലകളിലും തോരാമഴയുണ്ടാക്കിയ ദുരിതങ്ങൾ എത്ര ഭയങ്കരമാണ്. സ്വസ്ഥജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ട് കുടിയിലും കൂരയിലും പെരുവെള്ളം ഒഴുകിയെത്തിയപ്പോൾ ഒലിച്ചുപോയത് നാളുകളായി പണിയെടുത്തും, പട്ടിണി കിടന്നും, ഇൻസ്റ്റാൾ മെന്റായും ,പലിശ കൊടുത്തും കഷ്ടപ്പെട്ടുണ്ടാക്കിയ ചുറ്റുപാടുകളാണ്. പാo പുസ്തകങ്ങൾ പോലും, ഒഴുകിയെത്തിയ അഴുക്കു വെള്ളത്തിൽ നനഞ്ഞു കുതിർന്നു പോയപ്പോൾ കുട്ടികളും ജീവിതത്തിന്റെ മറ്റൊരു ഭീകരമുഖം കണ്ട് പകച്ചുപോയി.

ചിട്ടി പിടിച്ചും പണയം വെച്ചും ചില്ലറകൾ കൂട്ടി വെച്ചും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് സ്വന്തമാക്കിയ ഒരിത്തിരി മണ്ണും വീടും ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടപ്പോൾ ഒലിച്ചു പോയത് എത്രയോ പേരുടെ സ്വപ്നങ്ങളാണ്. ഇതിനും പുറമേയാണ് കല്ലും മണ്ണും ചേറും ചെളിയും കുത്തിയൊലിച്ചു വന്ന് കട്ടെടുത്ത് കൊണ്ടുപോയ ജീവനുകൾ. അതിൽ ഇന്നലെ വരെ ചിരിച്ചും കളിച്ചും സ്നേഹിച്ചും വഴക്കിട്ടും ജീവിച കുടുംബങ്ങൾ ഉണ്ട്. ഇണക്കിളികളെപ്പോലെ ജീവിച്ച യുവമിഥുനങ്ങൾ ഉണ്ട്. തിരക്കുള്ള പാതകൾ ഇടിഞ്ഞു പോയതും, മരച്ചോലകളിൽ കിടന്ന വാഹനങ്ങൾ നില തെറ്റിയ വൃക്ഷങ്ങൾ വീണു ഉടഞ്ഞു പോയതും വേറെ . ഇതിനെല്ലാറ്റിനും പുറമേ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നു എന്ന വാർത്ത പരത്തിയ പരിഭ്രാന്തിയും. ഇന്നു തുറക്കും നാളെ തുറക്കും എന്നു മാധ്യമങ്ങൾ മുറവിളി കൂട്ടി കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.

ഷട്ടർ തുറന്നാൽ കതിച്ചു ചാടിയൊഴുകുന്ന വെള്ളത്തിന്റെ രൗദ്ര സൗന്ദര്യം കാണാനും സെൽഫിയെടുക്കാനും ആയിരക്കണക്കിന് സഞ്ചാരികൾ ഇടുക്കിയിലേക്കു് പ്രവഹിക്കുന്നു. ഷട്ടർ തുറന്നാൽ ഇടുക്കിയിലും മറ്റു ജില്ലകളിലും ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചായക്കടയിലും ,ചന്തയിലും ചാനലുകളിലും കുടുംബ സദസുകളിലും ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നു. ഒട്ടും പേടിക്കേണ്ടതില്ല എന്ന് സർക്കാരും ജന സ്നേഹികളും ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ മണ്ണിനോടും, മരങ്ങളോടും ,മലകളോടും മൃഗങ്ങളോടും , കാലാവസ്ഥകളോടും മല്ലടിച്ച് ഇടുക്കിയെ കീഴടക്കി ഉൾക്കരുത്ത് നേടിയ ഇടുക്കിക്കാർ ഇതിലൊന്നും കലുങ്ങാതെ സാധാരണ ജീവിതത്തിക്കുകളിൽ മുഴുകുന്നു.

ഷട്ടർ തുറക്കുന്ന വാർത്ത പരന്നപ്പോൾ മുതൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന രണ്ട് പഭങ്ങളാണ് ഓറഞ്ചു് അലർട്ടും റെഡ് അലർട്ടും. ട്രാഫിക് ജംഗ്ഷനുകളിലെ സിഗ്നലുകളിൽ നമ്മൾ ഈ സിഗ്നലുകൾ കണ്ടിട്ടുണ്ട്. ഓറഞ്ചു് അലർട്ട് ജാഗ്രതയുള്ളവരായിരിക്കുക എന്ന സന്ദേശമാണ് നമുക്ക് തരുന്നത്. ഏതു് സമയത്തും ഷട്ടർ തുറക്കുകയും പെരുവെള്ളം കുതിച്ചു ചാടുകയും ചെയ്തേക്കാം . അതിനാൽ ഒരു ശ്രദ്ധ വേണം .

പ്രശ്നങ്ങളിൽ ചെന്നു ചാടാതിരിക്കാനുള്ള ഒരുക്കം വേണം…

ജാഗ്രത വേണം .

ഏതു സമയത്തും സംഭവിക്കാവുന്ന നടപടികളിൽ നമ്മൾ പകച്ചു പോകാതിരിക്കാനാണ് ഈ മുന്നറിയിപ്പ്. ഇത് വലിയ ഒരു സഹായമല്ലെ……? എന്നാൽ റെഡു് അലർട്ട് കിട്ടിയാൽ പിന്നെ നമുക്ക് ചലിക്കാൻ അവസരമുണ്ടാകില്ല. വാഹനങ്ങൾ ആണെങ്കിൽ ഫുൾ ബ്രേക്കിലായിരിക്കണം. പിന്നെ ഒരുക്കത്തിന് സമയം കിട്ടുമെന്ന് തോന്നണില്ല.

ഇത് തന്നെയല്ലെ സുവിശേഷ സന്ദേശങ്ങൾ നമുക്ക് തരുന്നത്. കർത്താവിന്റെ വരവിനായു് ഉൾപ്രാ പണത്തിനായു് ഒരുങ്ങുവാനുള്ള ജാഗ്രത നിർദ്ദേശം . കർത്താവിനെ തള്ളിക്കളഞ്ഞവർ തള്ളപ്പെടുന്ന ,കർത്താവിനെ സ്വീകരിച്ചവർ എടുക്കപ്പെടുന്ന ഉൾ പ്രാപണം എപ്പോൾ സംഭവിക്കും എന്ന് ആർക്കും തിട്ടമില്ല. ഏത് സമയത്തും സംഭവിക്കാം. അതിനാൽ ഇത് ഓറഞ്ചു് അലർട്ടിന്റെ സമയമാണ്.

“ഇതാകുന്നു സുപ്രസാദ കാലം . ഇതാകുന്നു രക്ഷാ ദിവസം ……. ദൈവത്തെ കണ്ടെത്താകുന്ന കാലത്ത് അവനെ അന്വേ ഷിപ്പീൻ ” . അതെ …. നിത്യതയ്ക്കായ് ഒരുങ്ങുവാനുള്ള സമയം . അലസരായി , നിർവിചാരികളായി , നിസംഗരായി , പരിഹാസികളായി നടക്കരുത്. കൈവിട്ടു പോകും .

ശ്രദ്ധിക്കണം. സുവിശേഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്. രക്ഷിക്കപ്പെടണം. സ്നാനപ്പെടണം. ആത്മനിറവു് പ്രാപിച്ച് സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കണം .വിശുദ്ധമായി ജീവിച്ചും കർത്താവിനെ സാക്ഷിച്ചും കർത്താവിന്റെ വരവിൽ എടുക്കപ്പെടാൻ ഒരുങ്ങി നിൽക്കണം. ഇത് ഓറഞ്ചു് അലർട്ട്.

അല്ലെങ്കിൽ ഇന്ന് കാഹളനാദം വാനിൽ മുഴങ്ങിയാൽ താങ്കൾക് അത് റെഡ് അലർട്ടായിരിക്കും. പിന്നെ ഒരുങ്ങാൻ സമയമില്ല.

നോഹയുടെ ഓറഞ്ചു് അലർട്ട് അവഗണിച്ച ജനം ആകാശം കറുത്ത് ആദ്യത്തെ മഴത്തുള്ളി റെഡു് അലർട്ടായി ദേഹത്ത് പതിച്ചപ്പോൾ ഓടി പെട്ടകത്തിനടുത്ത് എത്തി. നിലവിളിച്ചു. പക്ഷെ പെട്ടകത്തിനകത്ത് പ്രവേശനം കിട്ടിയില്ല. പെട്ടകത്തിന്റെ വാതിൽ അടച്ചിരുന്നു. വാതിൽ അടച്ചത് ദൈവമായിരുന്നു. നാല്പത് രാവും നാല്പത് പകലും കറുത്ത മേഘങ്ങളുടെ നെഞ്ചു് പൊട്ടിയൊഴുകിയ പെരുമഴയിൽ വെള്ളം പൊങ്ങിയപ്പോൾ നിർവിചാരികൾ നിലയില്ലാ കയങ്ങളിൽ മുങ്ങിച്ചത്തു. അത് ചരിത്രവും മുന്നറിയിപ്പുമാണ്. രക്ഷിക്കപ്പെട്ടത് കൊണ്ടും സ്നാനപ്പെട്ടത് കൊണ്ടും എല്ലാമായി എന്ന് കരുതുന്ന ബഹുമിപക്ഷത്തിനും വചനം നൽകുന്ന ഒരു മുന്നറിയിപ്പുണ്ട്.

ദിനം പ്രതി മനസു പുതുക്കി രൂപാന്തരപ്പെടുക … വിശുദ്ധ ജീവിതം നയിക്കുക. നിത്യതയ്ക്കായു് ഒരുങ്ങുക.

നയാഗ്ര വെള്ളച്ചാട്ടത്തിന്റെ കിലോമീറ്ററുകൾക്ക് മുൻപു് നദിയിലൂടെ ഒരു മൃഗത്തിന്റെ ശവശരിരം ഒഴുകി വരുന്നു. ഒരു കഴുകൻ ആ മൃതശരീരത്തിൻമേൽ ഇരുന്ന് അഴുകി തുടങ്ങിയ മാംസം കൊത്തി വലിച്ച് ആർത്തിയോടെ ഭക്ഷിക്കുന്നു. വെള്ളച്ചാട്ടത്തോടടുക്കുന്തോറും ഒഴുക്കിന്റെ വേഗത വർദ്ധിക്കും. അത് രക്ഷ പെടാനുള്ള അവസാനത്തെ അവസരമാണ്. ഓറഞ്ച് അലർട്ട്. പക്ഷെ മാംസത്തിന്റെ രുചിയിൽ മത്തുപിടിച്ച കഴുകന് പറന്നു മാറാൻ തോന്നിയില്ല. വീണ്ടും മാംസം ആസ്വദിച്ചു കൊണ്ടിരുന്നു. ഒഴുക്കിന്റെ വേഗവും വർദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ വെള്ളച്ചാട്ടത്തിന് അടുത്തെത്തി. റെഡു് അലർട്ട് ….. അപകടം മനസിലാക്കിയ കഴുകൻ പറന്നു മാറാൻ നോക്കി.പക്ഷെ തന്റെ കാലിലെ ദംഷ്ട്രങ്ങൾ മാംസത്തിൽ കൊരുത്തു നിന്നതിനാൽ കഴുകന് പറന്നു മാറാൻ കഴിഞ്ഞില്ല. ചിറകടിച്ച് തല്ലിപ്പിടച്ചീട്ടും മൃതശരീരത്തിൽ നിന്ന് രക്ഷപെടാനായില്ല. വെള്ളക്കുത്തിന്റെ അഗാധതയിലേക് താൻ ആസ്വദിച്ചു അനുഭവിച്ചുകൊണ്ടിരുന്ന അഴുകിത്തുടങ്ങിയ മൃതശരീരത്തോടൊപ്പം ഒടുങ്ങിപ്പോയി .ഹാ. എത്ര കഷ്ടം .രക്ഷപെടാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. ശദ്ധിക്കൂ …. മുന്നറിയിപ്പുകൾ അവഗണിക്കരുത്.

പാപത്തിലും ജഢസുഖങ്ങളിലും രസിച്ച് നേരം വൈകിക്കരുത് .നിനക്ക് തന്നെ ഒരു ദോഷവും ചെയ്യരുത് . ഈ വക്രതയുള്ള തലമുറയിൽ നിന്ന് രക്ഷപ്രാപിക്കുക . ഓരോ നിമിഷവും ജാഗ്രതയുള്ളവരായി ജീവിതം സൂക്ഷിക്കുക. ഓറഞ്ചു് അലർട്ട് .”നാം ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തിയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തു യേശുവിന്റെ ന്യായാസനത്തിന് മുൻപാകെ നിൽക്കേണ്ടതാകുന്നു.

” സുവിശേഷ സന്ദേശങ്ങൾ അവഗണിക്കുന്നവർ ഒടുവിൽ വെള്ള സിംഹാസനത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരും .അത് അന്ത്യ ശിക്ഷാവിധി .ജീവ പുസ്തകത്തിൽ പേരെഴുതിയിട്ടില്ലാത്ത ഏതവനെയും തീപ്പൊയ്കയിൽ തള്ളിയിട്ടും . ഇത് രണ്ടാമത്തെ മരണം…..

റെഡു് അലർട്ട് . ജാഗ്രതൈ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.