ലേഖനം:രക്ഷകർത്തൃത്വവും രക്ഷകന്റെ കർത്തൃത്വവും | ജോൺ കോന്നി

മക്കളുമൊത്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്ന യാക്കോബിന്റെ വീട്ടിൽ ആരോ ഒരു അങ്കി കൊണ്ടു വരുന്നു. വന്ന ആൾ ഉത്തരവാദിത്വമുള്ള ഒരു പോലീസുകാരന്റെ ഭാഷയിൽ തെളിവുകാട്ടിക്കൊണ്ട് യാക്കോബിനോട് ” ഇത് നിന്റെ മകന്റെ അങ്കിയാണോ എന്ന് നോക്കേണം” എന്നു പറയുന്നു (ഉത്പത്തി 37:32ff). അന്യദേശമായ കനാനിലെ അയൽപക്കങ്ങളിൽ വാർത്ത പരന്നു – യാക്കോബിന്റെ ഒരു ഇളയ മകനെ ദുഷ്ടമൃഗം തിന്നുകളഞ്ഞു; രക്തം പുരണ്ട വസ്ത്രം യാക്കോബ് തിരിച്ചറിഞ്ഞു. ആളുകളെക്കൊണ്ട് ഭവനം നിറയുന്നു. വന്നവരെല്ലാം “നല്ല പയ്യനായിരുന്നു ” എന്ന് തമ്മിൽ പറയുന്നു.

ഇതാ ഇതിന്റെ തിരക്കഥാകൃത്തുക്കളുമെത്തി… അവർ “അപ്പനെ” ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും തമ്മിൽ തമ്മിൽ നോക്കുന്നുണ്ട്. ഉള്ളിൽ ഇങ്ങനെ പറയുന്നുണ്ടോന്ന് ഒരു സംശയം ഇല്ലാതില്ല,” വല്യപ്പച്ചനെ പറ്റിച്ചതല്ലേ, അതിന്റെയാ… അനുഭവിച്ചോ ‘. ഇത് ഈയുള്ളവന്റെ ഒരു സംശയമാണെങ്കിലും “ഇന്നത്തെ ആളുകൾ ആത്മീക പോസ്റ്റ് മാർട്ടം” നടത്തി ഇത് ഉറപ്പിച്ച് വിളിച്ചു പറയുന്നുമുണ്ട്. സത്യമുണ്ടായിരിക്കാം.

പക്ഷേ ഇതിലും സത്യമായ ഒരു കാര്യമുണ്ട്. ശ്രദ്ധിക്കൂ…
യാക്കോബിന് തന്റെ മകനായ യോസേഫിലോ അവന് ദൈവം കൊടുത്ത ദർശനത്തിലോ വിശ്വസിക്കുവാൻ പ്രയാസമുണ്ടായിരുന്നു. ആയതിനാൽ ദൈവം ദർശനം പൂർത്തീകരിക്കുന്ന പദ്ധതികളെ ആവിഷ്കരിച്ച് മറ്റു പലരിൽകൂടി ചെയ്തെടുത്തു. നാം നമ്മുടെ മക്കളിൽ, പ്രത്യേകാൽ അവരുടെ കഴിവുകളിലും, അവർക്ക് ദൈവം കൊടുക്കുന്ന ദർശനങ്ങളിലും, ദൈവത്തിന് അവരെക്കുറിച്ചുള്ള പദ്ധതികളിലും വിശ്വാസമുള്ളവരായിരിക്കണം. കാരണം മക്കളുടെ ഉടമസ്ഥൻ ദൈവവും മാതാപിതാക്കളായ നാം പരിപാലകരുമാണ്. പരിപാലകർ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നില്ലെങ്കിൽ ഉടമസ്ഥൻ ഇടപെടും.
യാക്കോബിന്റെ ദൗത്യം മാറ്റി യിശ്മായേല്യനേയും പോത്തിഫേറിനേയും ഫറവോനെയും ഒക്കെ ദൈവം ദൗത്യം ഏല്പിക്കുന്നു. പഴയ വൈരാഗ്യം വച്ചാണെങ്കിൽ യിശ്മായേല്യർ എല്ലാത്തിനേയും പിടിച്ചോണ്ടു പോയി വിറ്റു കാശാക്കിയേനേ. പക്ഷേ അവരും ദൈവം ഏല്പിച്ച ഒരുവനെ മാത്രമേ കൊണ്ടു പോയൊള്ളു. കാരണം ഇവനെ മാത്രമേ ദർശനത്തിൽ വളർത്താൻ ദൈവം അവരോട് ഇടപെട്ടൊള്ളു.

“ദർശനമുള്ളവൻ വളരേണമെങ്കിൽ ദർശനവും വളരേണം; ദർശനം പൂർത്തിയായില്ലെങ്കിൽ ആ വ്യക്തിയും പൂർത്തിയാകില്ല “. സ്വന്തഭവനവും ചർച്ചക്കാരെയും ഉപേക്ഷിച്ചിട്ടാണെങ്കിലും ഇത് സംഭവിക്കേണ്ടതാണെന്ന് അവരുടെ പിതാവായ അബ്രഹാമിൽ കൂടി ദൈവം പഠിപ്പിച്ചതാണ്.

‘ 17 – മത്തെ വയസിൽ യാക്കോബിന്റെ രക്ഷകർത്തൃത്വം (Parenting) അവസാനിച്ചപ്പോഴും രക്ഷകന്റെ കർത്തൃത്വം (God’s tending) അവസാനിച്ചില്ല. ദൈവം പദ്ധതികൾ പൂർത്തീകരിക്കുവാൻ ശക്തനും സമർത്ഥനുമാണ്. യാക്കോബിന്റെ ഭവനത്തിൽ യോസേഫിന് ഒരു കുറവുമില്ലായിരുന്നു … എല്ലാ വർഷവും പുതിയ അങ്കികൾ കിട്ടിയെന്നിരിക്കാം. പക്ഷേ മിസ്രയീമിലെ പ്രധാനമന്ത്രിയുടെ അങ്കിയിടാൻ ഭാഗ്യം കിട്ടില്ലായിരുന്നു. ഭൂമിയിലെ അപ്പന്റെ അങ്കി ഊരിയെടുക്കപ്പെട്ടപ്പോൾ യോസേഫ് കരഞ്ഞു കാണും. എന്നാൽ സ്വർഗത്തിലെ അപ്പൻ അവനായി ശ്രേഷ്ഠതയേറിയത് കരുതിയിട്ടുണ്ടായിരുന്നു.

ഈ കാര്യം കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു ദൈവദാസന്റെ ഭാര്യ എന്നോട് തന്റെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകനു വേണ്ടി പ്രാർത്ഥിക്കുവാൻ വേണ്ടി പറഞ്ഞപ്പോൾ ദൈവം എന്റെ ഉള്ളിൽ സംസാരിച്ചതാണ്.

ഇത് വായിക്കുന്ന താങ്കൾ ചിലപ്പോൾ ഈ സാഹചര്യങ്ങളിൽ കൂടി പോയ / പോകുന്ന ഒരു വ്യക്തിയായിരിക്കാം. ലോകത്തിലെ സ്നേഹങ്ങൾ മാറിയേക്കാം … മാതാപിതാക്കൾ കരുതിയില്ലായിരിക്കാം… സ്വന്തം ഭവനം വിട്ട്, ഭവനക്കാരെ വിട്ട് ദൂരെ പോകേണ്ടി വന്നേക്കാം … ഹോസ്റ്റലിൽ മാതാപിതാക്കളുടെ വാത്സല്യമില്ലാതെ ആയിരിക്കേണ്ടി വന്നേക്കാം … നിങ്ങളോട് ഒരു വാക്ക് – ഈ ലോകത്തിൽ നിങ്ങളുടെ പിതാവിനോ മാതാവിനോ തരുവാൻ കഴിയുന്നതിലും അപ്പുറം ഏറ്റവും ശ്രേഷ്ഠമേറിയത് സ്വർഗീയ പിതാവായ ദൈവത്തിന്റെ പക്കൽ നിങ്ങൾക്ക് വേണ്ടിയുണ്ട്.

അതിനാൽ രക്ഷകർത്താക്കളെ, നമ്മുടെ മക്കളെ / നിങ്ങളെ ഏല്പിച്ചിരിക്കുന്ന പൈതങ്ങളെ അവർക്ക് ദൈവം കൊടുത്തിരിക്കുന്ന കഴിവുകളിലും താലന്തുകളിലും
ദർശനങ്ങളിലും ദൈവീക പദ്ധതികളിലും വളർന്നു വരുവാൻ
നമ്മുക്ക് സഹായിക്കാം. പ്രിയ കുഞ്ഞുങ്ങളെ, ഭാവിയെപ്പറ്റി നിങ്ങൾ സങ്കടപ്പെടുന്നുണ്ടെങ്കിൽ ദൈവം നിങ്ങളെ യോസേഫിനെ ഉയർത്തിയതുപോലെ ഉയർത്തും.
ഈ ദൈവത്തോട് വിശ്വസ്തരായിക്കാം …

കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.