ലേഖനം:വലിയ വെളിച്ചങ്ങൾ ഉണ്ടാവുന്നത് ! | നൈജിൽ വർഗ്ഗീസ്,എറണാകുളം

പൂർണ്ണമായും ന്യായം എന്റെ ഭാഗത്തുള്ള ഒരു കാര്യത്തിന്റെ  പേരിൽ  ഒരു  വ്യക്തിയെ കൃത്യം ഒന്നര മാസം മുൻപ് ഞാൻ വാക്കുകൾ കൊണ്ട് വരഞ്ഞു കീറി മുളക് തേച്ചാരുന്നു,
ഞാൻ അങ്ങിനെ പറഞ്ഞതിന്റെ ഫലമായി എനിക്ക് സാധിച്ചു കിട്ടേണ്ട കാര്യം പിറ്റേ ദിവസം തന്നെ ആ മനുഷ്യൻ സാധിച്ചു തന്നു.

വിളിച്ചു നാല് വർത്തമാനം പറയേണ്ട പോലെ പറഞ്ഞപ്പോ യെവനൊക്കെ  ചെയ്യേണ്ട
കാര്യം എത്ര വൃത്തിയായിട്ട് ചെയ്തെന്നു  ഞാൻ രണ്ടു മൂന്നു പേരോട് പറയുകയും ചെയ്തു അവരൊക്കെ എന്നെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തപ്പോ എനിക്ക് തന്നെ തോന്നി
ഞാൻ ഒരു സംഭാവമാന്നു !
പക്ഷെ  പിറ്റേന്ന് മുതൽ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും എനിക്ക് എന്തോ ഒരു സമാധാനം ഇല്ലായ്മ അനുഭവപ്പെട്ടു തുടങ്ങി. കാരണം എന്തുവാന്നു ആലോചിച്ചിട്ട് ഒരു
പിടിയും കിട്ടുന്നും ഇല്ല !! കട്ടിൽ കണ്ടാൽ തന്നെ ഉറങ്ങുന്ന എനിക്ക് ഉറക്കവും കിട്ടാതെ ആയി  !!
ഇനിപ്പോ ഇതു വല്ല അസുഖവുമാന്നോ ? എന്ന് വരെ ഞാൻ ചിന്തിച്ചു.
അങ്ങിനെ ഒറക്കം വരാതെ കിടന്ന ഒരു രാത്രി,എന്നാപ്പിന്നെ എന്തേലും വായിക്കാല്ലോ എന്നോർത്ത് പുസ്തകം തപ്പിയപ്പോ കിട്ടിയ പുസ്തകങ്ങൾ  എല്ലാം തന്നെ  ഒന്നിലധികം
തവണ വായിച്ച പുസ്തകങ്ങൾ ആണ്..സാധാരണ വായിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുന്ന പതിവ് ഒണ്ടു താനും ..എസ്.കെ .പൊറ്റക്കാടിന്റെ  ഒരു ദേശത്തിന്റെ കഥയൊക്കെ ഏതാണ്ട് അഞ്ചു തവണയോളം വായിചിട്ടൊണ്ട് …എന്നാലും അന്ന് രാത്രി എനിക്ക് വായിക്കാൻ തോന്നിയത് ബൈബിൾ ആണ് ! അത്ഭുതം ആണോ  യാദ്രശ്ചികം ആണോ  എന്നൊന്നും എനിക്കറിഞ്ഞൂടാ  പക്ഷെ  ഞാൻ ചുമ്മാ തുറന്നു വായിചോണ്ടിരുന്നു ..ആദ്യത്തെ രണ്ടു പാരഗ്രാഫ് വായിച്ചു കഴിഞ്ഞപ്പോ എന്റെ ഉറക്കം പോയതിനും സമാധാനം എല്ലാത്തിനും കാരണം ആ വചനങ്ങളിൽ ഒണ്ടാരുന്നു –

MATHEW 5:23 – “Therefore, if you are offering your gift at the altar and there remember that your brother or sister has something against you, leave your gift there in front of the altar. First go and be reconciled to them; then come and offer your gift.

സംഗതി വായിച്ചപ്പോ സിമ്പിൾ !
അതായത് നമ്മൾ പള്ളിലോട്ടു പ്രാർഥിക്കാൻ ചെല്ലുമ്പോ നമുക്ക് ഓർമ്മ വരുവാ ,നമ്മളെ അറിയാവുന്ന ഒരാൾക്ക് അതിപ്പോ ആണോ പെണ്ണോ ആവാം !  അവർക്ക് നമ്മളോട് ഒരു മുഷിച്ചിൽ കിടപ്പൊണ്ട് ! അങ്ങനെയെങ്ങാനും ഓർമ്മ വന്നാൽ പള്ളിയിൽ നിന്ന് പ്രാർഥിക്കാൻ വരട്ടെ !! ആദ്യം പോയി അവരോടു സെറ്റിൽ ആവു എന്നിട്ട് മതി പ്രാര്ത്ഥന എന്ന് !!  കേട്ടപ്പോ  തോന്നി ഇത്രേ ഒള്ളോ എന്ന് , പക്ഷെ ഒള്ളത് പറയാല്ലോ ഇത്രേം പ്രയാസമുള്ള  ഒരു കാര്യം വേറെ ഇല്ല ..ചുമ്മാ പറഞ്ഞതല്ല ഞാൻ ശ്രമിച്ചു നോക്കിയ കാര്യം ആയതോണ്ട് പറഞ്ഞതാ …ഒന്നാമത്തെ കാര്യം നമ്മുടെ ഈഗോ സമ്മതിക്കില്ല രണ്ടാമത്തെ കാര്യം നമ്മുടെ ഈഗോ സമ്മതിക്കില്ല മൂന്നാമത്തെയും നാലാമത്തെയും കാര്യം നമ്മുടെ ഈഗോ സമ്മതിക്കില്ല എന്നത് തന്നെ !  ഇനിപ്പോ എല്ലാവരെയും  ജനറലൈസ് ചെയ്തു പറഞ്ഞെന്നു വേണ്ട  ! എന്നെകൊണ്ട്‌  പറ്റുന്നില്ലാരുന്നു ! കാരണം നൂറു ശതമാനം ന്യായം എന്റെ ഭാഗത്താണ്  പിന്നെ ഞാൻ എന്തിനു അയാളോട് സെറ്റിൽ ആവണം …അങ്ങിനെ എന്റേതായ ന്യായവാദങ്ങൾ നിരത്തി ഞാൻ മുന്നോട്ടുപോയി . ഫലമോ സമാധാനമില്ലാത്ത ഒന്നര മാസങ്ങൾ…എന്ന് പറയുമ്പോ വിചാരിക്കരുത്  ഞാൻ താടിയും മുടിയുമൊക്കെ വളർത്തി കണ്ടാൽ കഷ്ടം തോന്നുമാറു നടക്കുവാണെന്ന് ..അങ്ങനൊന്നുമല്ല  !
പുറമേ നിന്ന് നോക്കിയാൽ ഒരു കൊഴപ്പവുമില്ല…മിസ്റ്റർ ക്ലീൻ !!
പക്ഷെ അകം ആണെങ്കിലോ  , മാലിന്യ പ്ലാന്റിനേക്കാൾ കഷ്ടം ..
നിങ്ങടെ ആരുടേയുമല്ല  എന്റെ കാര്യമാണേ !!

ഇതുപോലുള്ള കൊച്ചു കൊച്ചു വിരോധങ്ങളും , പിണക്കങ്ങളും , വാശികളും എന്റെ മനസ്സിൽ കൊറേ നാളുകളായി ഞാൻ കൊണ്ട് നടക്കുന്നുണ്ട് …ആലോചിച്ചു നോക്കിയപോ ,സത്യത്തിൽ ഇങ്ങിനെ കൊണ്ട് നടക്കുന്ന കുറച്ചു പിണക്കങ്ങളും വാശികളും കൊറേ വർഷങ്ങളായി കൂടെയുണ്ട് … എല്ലാ പുതുവർഷത്തിലും എന്തെങ്കിലും പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട് (ഒന്നും നടക്കാറില്ല ) എന്നാപ്പിനെ ഈ വർഷം നടപ്പാക്കാൻ  സാധ്യത ഒള്ള എന്തേലും തീരുമാനം എടുക്കാം എന്ന് കരുതി , അതായത് ഞാനായിട്ട് വേദനിപ്പിച്ച അല്ലെങ്കിൽ വിഷമിപ്പിച്ച എല്ലാവരെയും അങ്ങോട്ട്‌ വിളിച്ചു ഒന്ന് സെറ്റിൽ ആവാം ,അതുകൂടാതെ ഈ വർഷം ആരോടും മനസ്സിൽ പിണക്കവും ദേഷ്യവും ഒന്നും കൊണ്ടുനടക്കതില്ല …എന്തായാലും അതിനു തുടക്കം എന്നാ നിലയ്ക്ക്  അത്   ആദ്യം പറഞ്ഞ വ്യക്തിയെ വിളിച്ചുകൊണ്ടാവം എന്ന് കരുതി …

കഴിഞ്ഞ വർഷത്തെ അവസാനത്തെ ദിവസം !
സമയം രാവിലെ പത്തു മണി , വിളിക്കാൻ ഫോണ്‍ എടുത്തു ,നമ്പർ ഡയൽ ചെയ്തു ..
കോൾ ആവുന്നതിനു മുൻപ് കട്ട് ചെയ്തു !!
വിളിക്കാൻ സമ്മതിക്കുന്നില്ല ..
വേറെ ആരുമല്ല എന്റെ മനസ്സിലെ “ഈഗോ”

പലവിധ ചിന്തകൾ ആയിരുന്നു ,
ഞാൻ വിളിക്കാൻ തുടങ്ങിയ ആൾക്കും എനിക്കും ഇടയിൽ ചില പൊതു സുഹൃത്തുക്കൾ ഒണ്ടു,ഞാൻ വിളിച്ച വിവരം അവരെങ്ങാൻ അറിഞ്ഞാൽ എന്റെ ഇമേജ് എന്താവും അവരുടെ ഇടയിൽ .

അതിലുപരി  ഞാൻ വിളിക്കുന്നയാളുടെ മുന്നിൽ ഞാൻ തോറ്റു പോകുമല്ലോ എന്നിങ്ങനെ ചിന്തകളുടെ ബഹളം !!

ഇതിനിടയ്ക്ക് ചിന്തകളെ അതിജീവിച്ചു ഞാൻ ഫോണ്‍ ഡയൽ ചെയ്യുകയും
ചിന്തകൾ എന്നെ അതിജീവിച്ചു ഫോണ്‍ കട്ട് ചെയ്യുകയും ഒക്കെ ചെയ്തു
സമയം ഏകദേശം രാത്രി 8.30 മണി   ആയി …ഒടുവിൽ പുള്ളിയുടെ മുൻപിൽ നാണം കേട്ടാലും കൊഴപ്പമില്ല നമുക്ക് സമാധാനമാണല്ലോ വലുത് എന്നാ ചിന്തയിൽ ഞാൻ പുള്ളിയെ വിളിച്ചു ! സംഭാഷണം ചുവടെ :-

പുള്ളി : ഹല്ലോ

ഞാൻ : ചേട്ടാ എന്നെ മനസിലായോ ?  .

പുള്ളി : മനസ്സിലായി എന്തേ ? പറഞ്ഞോ (ഗൌരവത്തിൽ )

ഞാൻ : (ചമ്മലോടെ ) ഞാൻ കഴിഞ്ഞ ദിവസം ചേട്ടനോട് കുറച്ചു മോശമായ വാക്കുകളിൽ സംസാരിചാരുന്നു ..അപ്പഴത്തെ അവസ്ഥയില പറഞ്ഞുപോയതാണ്  ,മനസ്സിൽ വെക്കരുത് ,ഞാൻ അതിനു ഒരു ക്ഷമ ചോദിക്കാൻ വിളിച്ചതാണ് ..നമ്മൾ എന്തായാലും ഒരു പുതിയ വർഷത്തിൽ കേറാൻ പോവാണ്..ചേട്ടന്റെ മനസ്സിൽ എന്നെക്കുറിച്ച്  ഒരു മുഷിച്ചിൽ ഉണ്ടാവരുത്  എന്ന് പറയാൻ വേണ്ടിയാണ്  വിളിച്ചത് .

പുള്ളി : അയ്യയ്യേ  ഞാനതൊക്കെ അപ്പഴേ മറന്നു (പുള്ളിയുടെ സ്വരം ഇടറി )
അതിനുവേണ്ടിയൊന്നും വിളികേണ്ട കാര്യം എല്ലാരുന്നല്ലോ

ഞാൻ : എന്നാലും എന്റെ ഒരു സമാധാനത്തിനു വിളിച്ചതാണ് ചേട്ടാ ..

പുള്ളി : അതിനു നമ്മൾ തമ്മിൽ പിണക്കമില്ലല്ലോ(സന്തോഷം നിറഞ്ഞ ശബ്ദം )

ഞാൻ : ശെരി ചേട്ടാ ,ഹാപ്പി ന്യൂ ഇയർ

പുള്ളി : ഒക്കേ ഹാപ്പി ന്യൂ ഇയർ

ആകെ അത്രയേ സംസരിചോള്ളൂ  പക്ഷെ   ഫോണ്‍ അങ്ങോട്ട്‌ കട്ട് ചെയ്തു കഴിഞ്ഞപ്പോ
എന്റെ കണ്ണൊക്കെ നിറഞ്ഞു …കാരണം എന്റെ നെഞ്ചത്ത് നിന്നും ഒരു വലിയ ഭാരം എടുത്തു മാറ്റിയ അനുഭവം ആരുന്നു ,മാത്രമല്ല സമയം രാത്രി ഏതാണ്ട് ഒൻപതു മണി ആരുന്നെങ്കിലും എനിക്ക് ആകെ വലിയൊരു വെളിച്ചം പോലൊക്കെ തോന്നി (നിങ്ങള് പരയുവാരിക്കും സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചമാന്നു ,എന്നാ അതൊന്നുമല്ല ഈ വെളിച്ചം എന്റെ മനസ്സിന്റെ
അകതാരുന്നു )…പറഞ്ഞറിയിക്കാൻ പറ്റാത്ത വലിയൊരു സന്തോഷം എന്നൊക്കെ നമ്മൾ വായിച്ചു കേട്ടിട്ടിലെ ഏതാണ്ട് അതുപോലൊരു അനുഭവം .

എന്റെ ഇത്രയും വർഷത്തെ ജീവിതത്തിൽ ഇത്രയും സമാധാനം അനുഭവിച്ച ,ഞാൻ ആരംഭിച്ച ഒരു പുതുവർഷം ഇതു ആദ്യത്തെയാണ് .

ആത്മാർഥമായി ശ്രമിച്ചാൽ നമുക്കെല്ലാം ഒത്തിരി പേരോട് ക്ഷമിക്കാനും സെറ്റിൽ ആവാനും പറ്റും .

അങ്ങിനെ ചെയ്യുന്നത് കൊണ്ട് രണ്ടുണ്ട് ഗുണം :-

നമ്മൾ ആരോടാണോ സെറ്റിൽ ആവുന്നത് അവരുടെ മനസ്സിൽ നിന്നും നമ്മെക്കുറിച്ചുള്ള അല്ലെങ്കിൽ നമ്മളോടുള്ള മുഷിചിലോ അത്രുപ്ടിയോ എന്താന്ന് വെച്ച അതങ്ങ് മാറും

രണ്ടാമത് അല്ലെങ്കിൽ പ്രധാനമായത്  നമ്മൾ ഒരാളോട് സെറ്റിൽ ആവുമ്പോ നമ്മുടെ മനസ്സിൽ നമ്മൾ ചുമന്നോണ്ട് നടക്കുന്ന അനാവശ്യ ഭാരങ്ങൾ ഒഴിയുന്നു .മനസ് ഫ്രീ ആവുന്നു .

പറ്റുമെങ്കിൽ എന്നല്ല തീർച്ചയായും എല്ലാവരും അതിനു  ശ്രമിക്കണം ,കാരണം നമുക്കെല്ലാം ആരോടെങ്കിലുമൊക്കെ തീർച്ചയായും കൊച്ചു പിണക്കങ്ങളും ,വഴക്കുകളുമൊക്കെ എന്തായാലും കാണും ,ആത്മാർഥമായി ശ്രമിച്ചാൽ തീർച്ചയായും അതൊക്കെ തീർക്കാൻ കഴിയും ..ഇതൊരു ഉപദേശമാണ് എന്നൊന്നും കരുതരുത് , നിത്യ ജീവിതത്തിൽ നാമെല്ലാം അഭിമുഖികരിക്കുന്ന ഒരു ഘട്ടത്തെ അതിജീവിച്ച ഒരു അനുഭവം ,അതിലൂടെ കിട്ടിയ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം അതൊക്കെയാണ്‌ ഇതെഴുതാൻ പ്രേരിപ്പിച്ചത് .

കേവലം ഒരു വ്യക്തിയെ വിളിച്ചു ഒരു കൊച്ചു ക്ഷമ പറഞ്ഞു കഴിഞ്ഞപ്പോ  ഞാൻ അനുഭവിച്ചത്  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും  ഒരു കൊച്ചു വെളിച്ചമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു  ,കാരണം സ്നേഹം സന്തോഷം സമാധാനം ഇവയൊക്കെ പരസ്പരം ബന്ധപെട്ടിരിക്കുന്നു !

ഒരു വ്യക്തിയോട്  പിണക്കം ഇല്ലെങ്കിൽ മാത്രമേ നമുക്ക്  ആ വ്യക്തിയോട്  സ്നേഹം കാണിക്കാനാവു ,നാം കാണിക്കുന്ന സ്നേഹം നമുക്ക് അതിൽ കൂടിയ അളവുകളിൽ തിരിച്ചു കിട്ടുമ്പോൾ അത് സന്തോഷം ആയി മാറുന്നു , സ്നേഹവും സന്തോഷവും ഉള്ള സ്ഥലത്ത് തീർച്ചയായും സമാധാനം ഉണ്ടാവും .

ഓരോ പുതുവർഷവും, നമുക്ക്  എല്ലാവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വലിയ വെളിച്ചങ്ങൾ ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവം ആഗ്രഹിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like