സുവിശേഷകർക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു: പി.വൈ.സി

തിരുവല്ല: സുവിശേഷകർക്ക് നേരെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം തൃശൂരിലെ ഇരിങ്ങാലക്കുടയിൽ വഴിയിൽ കൂടി നടന്നുപോയ സുവിശേഷകരെ ഭീഷണിപ്പെടുത്തി അവരുടെ കയ്യിൽ ഉണ്ടായിരുന്ന സുവിശേഷ പ്രതികൾ വലിച്ചു കീറിയതാണ് സുവിശേഷകർക്ക് നേരെയുള്ള അക്രമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അവസാനത്തെ സംഭവം.

നൂറ്റാണ്ടുകളായുള്ള പീഡനങ്ങളിൽ തളരുകയായിരുന്നില്ലെന്നും മറിച്ച് അതിശക്തമായി വളരുകയായിരുന്നുവെന്നുമാണ് ക്രൈസ്തവസഭയുടെ ഇതുവരെയുള്ള ചരിത്രം പഠിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾക്ക് ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഭയപ്പെടേണ്ടിയ കാര്യമില്ലെന്നതാണ് യാഥാർത്ഥ്യം.എങ്കിലും
രാജ്യത്തെ ഏതൊരു പൗരനും ഭരണഘടന ഉറപ്പു നൽകുന്ന മൗലികവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് സുവിശേഷകർക്ക് നേരെയുള്ള അനിഷ്ട സംഭവങ്ങളിൽ പ്രകടമാകുന്നത്. നാട്ടിലെ നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണിത്.

നാട്ടിൽ പുലരുന്ന ക്രമസമാധാന അന്തരീക്ഷം തകർത്ത് വർഗ്ഗിയ വിദ്വേഷത്തിലേക്ക് കേരള നാടിനെ നയിക്കാനായി ചില സാമൂഹികവിരുദ്ധർ മനപൂർവ്വം ശ്രമിക്കുന്നുണ്ടോയെന്ന് പോലും ഈ സംഭവങ്ങളിലൂടെ ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ സുവിശേഷകർക്ക് നേരെയുള്ള അക്രമങ്ങളിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും പരിഹാരം കണ്ടെത്തണമെന്നും പിവൈസി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.