ലേഖനം:സവർണ്ണ ക്രിസ്ത്യാനികൾ – മിഥ്യയും യാഥാർത്യവും | ബേസിൽ ജോസ്

കേരള ജനതയുടെ കാതിൽ ചില ദിവസമായി മുഴങ്ങുന്ന ശബ്ദമാണല്ലൊ സവർണ ക്രിസ്ത്യാനികൾ. കേരളത്തിലെ സഭക്ക് സവർണ പാരമ്പര്യം അവകാശപ്പെടാൻ കഴിയുമൊ? കേരളത്തിലെ ക്രിസ്തീയ പാരമ്പര്യത്തെക്കുറിച്ച് പ്രചരിക്കുന്നത് മിഥ്യയൊ യാഥാർത്യമൊ? നമുക്കീ കാര്യം ഒന്ന് വസ്തുനിഷ്ഠമായി പഠിക്കാം.

AD 52 ൽ തോമാശ്ലീഹാ കേരളത്തിൽ വന്നു എന്നും ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ്, കോയിക്കര തുടങ്ങി 32 ബ്രാഹ്മണ ഇല്ലങ്ങൾ വിശ്വാസം സ്വീകരിച്ചു എന്നുമാണല്ലൊ വിശ്വസിച്ച് വരുന്നത്. അത് മാത്രമല്ല ശങ്കരപുരി ഇല്ലക്കാരിൽ നിന്നും പട്ടക്കാരേയും പകലോമറ്റം ഇല്ലക്കാരിൽ നിന്നും മേൽപട്ടക്കാരേയും വാഴിച്ചു എന്നും വിശ്വസിച്ച് പോരുന്നു. കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോതമംഗലം, കൊല്ലം, നിരണം, നിലക്കൽ തുടങ്ങി ഏഴ് പള്ളികൾ സ്ഥാപിച്ചു എന്നും പറയപ്പെടുന്നു. ഇതിലൊക്കെ എന്തെങ്കിലും വാസ്തവം ഉണ്ടൊ?

AD 52 ൽ ആണല്ലോ ക്രിസ്തുശിഷ്യൻ ആയ തോമസ് കേരളത്തിൽ വന്നത് ( തോമസ് കേരളത്തിൽ ആണൊ ഉത്തര ഭാരതത്തിൽ ആണൊ ആദ്യം വന്നത് അതൊ മറ്റാരൊ ആണ് വന്നതെന്ന വിഷയം ഇവിടെ ചർച്ചയാക്കുന്നില്ല) അങ്ങനെയാണെങ്കിൽ അദ്ദേഹം സ്ഥാപിച്ചിട്ടുള്ളത് യരുശലേമിലെ സഭയുടെ പിൻതുടർച്ചയായ ഒരു സഭയായിരിക്കും. ആദിമസഭയിൽ പട്ടക്കാരൊ മേൽ പട്ടക്കാരൊ ഉണ്ടായിരുന്നില്ല എല്ലാവരും രാജകീയ പുരോഹിതവർഗമായിരുന്നു. സഭയെ നയിച്ചിരുന്നത് മൂപ്പൻമാരായിരുന്നു. ഇടയൻമാർ ഓവർസീയർ ബിഷപ്പ് തുടങ്ങിയ പദങ്ങളും ഉപയോഗിക്കാം. വിശുദ്ധ ജാതിയെന്നറിയപ്പെടുന്ന യഹൂദന് പോലും പാരമ്പര്യമായി കിട്ടാതിരുന്ന പട്ട സ്ഥാനവും മേൽ പട്ട സ്ഥാനവും കേരളത്തിലെ രണ്ട് കുടുംബങ്ങൾക്ക് തോമാശ്ലീഹാ പതിച്ച് നൽകിയെന്ന് പറഞ്ഞാൽ ഒന്നുകിൽ ക്രിസ്തീയ വിശ്വാസം ത്യജിച്ച ശേഷമായിരിക്കണം തോമസ് കേരളത്തിൽ വന്നത് അല്ലെങ്കിൽ ഈ ചരിത്രം തെറ്റായിരിക്കണം. തോമസ് വിശ്വാസം ത്യജിച്ചതല്ല ഈ പറയപ്പെടുന്ന പാരമ്പര്യ വാദവും ചരിത്രവും തെറ്റാണ്.

ഒന്നാം നൂറ്റാണ്ടിലെ കേരളത്തിലെ ജനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ബ്രാഹ്മണാധിപത്യമുള്ള സാമൂഹൃ വ്യവസ്ഥതി കേരളത്തിൽ ഉണ്ടായിരുന്നില്ല. ഉത്തര ഭാരതം ബ്രാന്മണാധിപത്യത്തിൽ കീഴെ വന്നതിനും വളരെ ശേഷമാണ് ദക്ഷിണ ഭാരതത്തിൽ ബ്രാഹ്മണ സാനിധ്യം തന്നെ വരുന്നത്. കടുത്ത ജാതി വ്യവസ്ഥതിക്കകത്ത് ഉത്തര ഭാരതം വീർപ്പുമുട്ടുമ്പോൾ ദക്ഷിണ ഭാരതം സമത്വ സുന്ദരമായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ കേരളത്തിലെ ബ്രാഹ്മണ സാനിധ്യം പല ചരിത്രകാരന്മാരും തള്ളിക്കളഞ്ഞതാണ്. ഇനി ഉണ്ടായിരുന്നു എന്ന് തന്നെ ഇരിക്കട്ടെ , 32 ഇല്ലങ്ങൾ എന്നൊക്കെ പറയത്തക്കവണ്ണം വലുതായ ബ്രാഹ്മണ സാനിധ്യം ഇല്ല. ഇന്ത്യയിലെ ആദിമ വാസികളായ ദ്രാവിഡർ ആയിരുന്നു കേരളത്തിലെ ജനസംഖ്യയിലെ ഭൂരിഭാഗവും. ഭൂരിഭാഗമായിരുന്ന ദ്രാവിഡരെ തള്ളിക്കളഞ്ഞ് ന്യൂനപക്ഷമായ ബ്രാഹ്മണരോട് തോമാശ്ലീഹാ സുവിശേഷം അറിയിച്ചു എന്ന് വിശ്വസിക്കാൻ കഴിയില്ല. യഹൂദൻമാരുടെ ഇടയിലെ സുവിശേഷ ഘോഷണവും ജാതികളുടെ ഇടയിലെ സുവിശേഷ ഘോഷണവും എന്നല്ലാതെ ബ്രാഹ്മണരുടെ ഇടയിലെ സുവിശേഷ ഘോഷണമെന്നത് കാണാൻ കഴിയുന്നില്ലല്ലൊ.

തനതായ ഗോത്ര മതവും ബുദ്ധ മതവുമായിരുന്നു കേരളത്തിൽ ഒന്നാം നൂറ്റാണ്ടിൽ നിലവിൽ ഇരുന്നത്. ഹൈന്ദവ മത സംസ്കാരവും ആരാധനാ രീതികളും നിലവിൽ വന്നിരുന്നില്ല. (ബുദ്ധമതത്തിന്റെ നാശത്തിന് ശേഷമാണ് ഹൈന്ദവ മതം ഇന്ത്യയിൽ പിടിമുറുക്കുന്നത് ) സംസാര ഭാഷ തമിഴ് ആയിരുന്നു (സുറിയാനി ഭാഷയുമായ് ഒരു ബന്ധം പോലും ഉണ്ടായിരുന്നില്ല അതൊക്കെ അനേക നൂറ്റാണ്ടുകൾ കഴിഞ്ഞാണ് വരുന്നത് )

പാരമ്പര്യവാദികൾ പറയുന്ന മറ്റൊരു ചരിത്രം ക്ഷേത്രം പള്ളിയാക്കി മാറ്റിയതിനെക്കുറിച്ചാണ്. ആഢ്യ ബ്രാഹ്മണർ ( ബ്രാഹ്മണർക്ക് ഒരു ആഢ്യത്തവും അദിമ കേരളം കൽപിച്ചിരുന്നില്ല. ദ്രാവിഡ രാജാവായ മഹാബലി ഭരിച്ചിരുന്ന നാടെന്ന ഐതൃഹൃം തന്നെയുണ്ടല്ലൊ. എന്നാൽ രാജഭരണത്തിൽ അവർ പിടിമുറുക്കിയപ്പോഴാണ് ഈ ആഢ്യത്തവും കരമൊഴിവായി നമ്മുടെ സമ്പത്തും കിട്ടിയത് ) അമ്പലക്കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ കുരിശും ധരിച്ചും കൊണ്ട് ഒരു വഴിപോക്കൻ കടന്നു വന്നു തന്റെ ദിവൃ ശക്തി കണ്ട് അവർ വിശ്വസിച്ചു അങ്ങനെ കുരിശ് വെച്ച് ക്ഷേത്രം പളളിയാക്കി മാറ്റി. പാലയൂരിലും കോട്ടക്കാവിലും ആണ് അത് നടന്നത് എന്നാണല്ലൊ വിശ്വാസം. ക്രിസ്തു ശിഷ്യനായ തോമസ് കഴുത്തിൽ കുരിശും ധരിച്ചും കൊണ്ട് നടന്നു എന്ന് പറയുന്നത് തന്നെ ഭോഷത്വമാണ്. പള്ളി പണിയലും കുരിശ് വെക്കലുമൊന്നും ആദിമ സഭയുടെ ഭാഗമായിരുന്നില്ല. പിന്നെ ഒരു പാട് ആളുകളെ ഉൾക്കൊള്ളത്തക്കവണ്ണം വലുപ്പത്തിൽ അല്ല ക്ഷേത്രങ്ങൾ പണിയുന്നത് പിന്നെ എങ്ങനെയാണ് അനേകർ ഒരുമിച്ചിരിക്കുന്ന പള്ളിയായി ക്ഷേത്രം പരിണമിക്കുന്നത് ? AD 500 ന് ശേഷമാണ് കേരളത്തിൽ ക്ഷേത്ര സംസ്കാരം ആരംഭിക്കുന്നതെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അപ്പോൾ പിന്നെ AD 52 ൽ ക്ഷേത്രവും ക്ഷേത്രക്കുളവും എവിടെ നിന്ന് വന്നു. ഉത്തരം ലളിതം ക്ഷേത്രവും ക്ഷേത്രക്കുളവും ബ്രാഹ്മണാധിപത്യവും ഒക്കെനിലവിൽ വന്നതിന് ശേഷമാണ് ഈ കഥയെഴുതിയത്. ഇതെഴുതിയ അൾ അന്നത്തെ സാഹചര്യം വെച്ചൊരു കഥ തോമാ ശ്ശീഹായുടെ തലയിൽ കെട്ടിവെച്ചു അത്ര തന്നെ.

ഒന്നാം നൂറ്റാണ്ടിലെ കേരള ക്രൈസ്തവർ ദ്രാവിഡരായിരുന്നു. ദ്രാവിഡർ എന്ന് പറഞ്ഞാൽ മോശം ജാതി എന്നർത്ഥമില്ല. ആഢ്യ ജാതി എന്നറിയപ്പെടുന്ന ബ്രാഹ്മണർ / ആര്യൻമാരേക്കാളും ശ്രേഷ്ഠമായ ഒരു സംസ്കാരമായിരുന്നു ദ്രാവിഡ സംസ്കാരം. ആര്യൻമാർ ഇടയജാതിയായി അലഞ്ഞ് നടന്ന കാലത്ത് ഉന്നതമായ ഒരു നഗര സംസ്കാരം രൂപപ്പെടുത്തിയവരാണ് നാം. ഇന്ന് കേരളത്തിൽ ഉള്ള ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ദ്രാവിഡർ തന്നെയാണ് ചെറിയ ഒരു ന്യൂനപക്ഷം ബ്രാഹ്മണരും ക്രിസ്തുമതം സ്വീകരിച്ച് കാണണം. അവർ ഇടകലർന്ന് തിരിച്ചറിയാൻ കഴിയാത്തവണ്ണം ആയി തീർന്നിട്ടുണ്ടെന്നതാണ് വസ്തുത. പിന്നെ വെളുത്ത നിറം ആഢ്യത്വത്തിന്റെ ലക്ഷണമെന്ന് വിശ്വസിക്കുന്നവരുണ്ട്. അതൊരുപാട് പറയാതിരിക്കുന്നതാണ് നല്ലത്. ഒരു പാട് വൈദേശിക ആക്രമണങ്ങൾ നടന്ന മണ്ണാണ് ഭാരതം വെറുതെയെന്തിനാ സ്വന്തം കുടുംബത്തിന്റെ പേര് കളയുന്നത്.

മറ്റൊരു സമുദായത്തിലും ഇല്ലാത്തവണ്ണം ജാതീയ ചിന്തകൾ കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ വർദ്ധിച്ച് വരുന്നു. വിവാഹ കമ്പോളത്തിലെ ആദ്യത്തെ ചോദ്യം ജാതിയാണ്. ഏക മനുഷ്യനാൽ ലോകത്തിലെ സകല മനുഷ്യരും ഉണ്ടായി എന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് അനാവശ്യ ജാതി ചിന്തകൾക്ക് പുറകെ പോകുന്നതെന്നോർക്കണം. വിശുദ്ധ തിരുവെഴുത്തുകൾ മനുഷ്യവംശത്തെ യഹൂദനെന്നും ജാതികൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. യഹൂദരല്ലാത്തവരെ എല്ലാവരേയും പൊതുവായി വിശേഷിപ്പിച്ചിരിക്കുന്ന പദമാണ് ജാതികൾ എന്നത്. എന്നാൽ ക്രിസ്തുവിൽ യഹൂദനും യവനനും എന്നില്ല എല്ലാവരും ക്രിസ്തുവിൽ ഒന്നായി തീരുന്നു. ദൈവവചനം നാമൊന്നാണെന്ന് പറയുന്നു ചരിത്രവും രേഖപ്പെടുത്തുന്നു കേരളത്തിലെ ക്രൈസ്തവർ ദ്രാവിഡരായിരുന്നു എന്ന്. പിന്നെ എന്തിനീ മേനിപറച്ചല്ലും മാറ്റി നിർത്തലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.