സജീഷേട്ടാ, നമ്മുടെ മക്കളെ നന്നായി നോക്കണേ; ലിനിയുടെ അവസാന വാക്കുകൾ നൊമ്പരമാകുന്നു

“സജീഷേട്ടാ, Am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. Sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, Please…
With lots of Love”

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ വൈറസ് ബാധിച്ച് മരിച്ച ലിനി നഴ്സ് അവസാനമായി പറയാനുണ്ടായിരുന്നത് ഇതാണ്. ആശുപത്രി ഐസിയുവിൽ മരണവുമായി മല്ലിടവെ അവൾ ഭർത്താവിന് എഴുതിയ കത്താണിത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോൾ ആ മാലാഖയുടെ മനസിൽ മക്കളും ഭർത്താവും കുടുംബവും മാത്രമായിരുന്നു. ജീവൻ നൽകിയും ആതുരസേവനത്തിൽ ഏർപ്പെട്ട ലിനിയെ ഓർത്തു തേങ്ങുകയാണ് ഒരു നാടും സഹപ്രവർത്തകരും.

ജോലിക്ക് പോയ അമ്മ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ലിനിയുടെ രണ്ടു കുഞ്ഞുമക്കൾ. അഞ്ചു വയസുകാരൻ റിഥുലും രണ്ടുവയസുകാരൻ സിദ്ദാർഥിനും തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയ കാര്യം ഇപ്പോഴും അറിയില്ല. വിദേശത്തുള്ള അച്ഛൻ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് റിഥുലും സിദ്ദാർഥും. ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുമെങ്കിലും, ജോലിത്തരിക്ക് കാരണം ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ചിരിക്കുകയാണ് വീട്ടുകാർ. ഇളയമകൻ അമ്മയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോൾ എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കും. അനുശോചനമറിയിക്കാൻ വീട്ടിലെത്തുന്നവർക്ക് നൊമ്പരകാഴ്ചയായി മാറുകയാണ് ഈ കുഞ്ഞുമക്കൾ.

ആതുരശുശ്രൂഷ മാത്രം ജീവിതലക്ഷ്യമായി കണ്ടാണ് ലിനി നഴ്സാവാൻ ഇറങ്ങിത്തിരിച്ചത്. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും ലോണെടുത്തു ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങ് പൂര്‍ത്തിയാക്കി. വൻതുക വായ്പയെടുത്താണ് ലിനി പഠിച്ചത്. പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തെങ്കിലും തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. ലോൺ തിരിച്ചടവ് പോലും ദുഷ്ക്കരമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം. അതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ചും രോഗീപരിചരണത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു ലിനി. ഈ ആത്മാർഥ സേവനത്തിന് അവസാനം സ്വന്തം ജീവിതം തന്നെ നൽകേണ്ടിവന്നു ലിനി.

ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന സജീഷ് വിവരമറിഞ്ഞു ഓടിയെത്തിയെങ്കിലും പ്രിയപ്പെട്ടവളെ ദൂരെനിന്നു ഒന്ന് കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന്‌ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം സംസ്കരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.