കവിത:ഇരുളിൽ തെളിഞ്ഞ തിരിനാളം | പ്രശാന്ത് റ്റി എം പാമ്പാടി

ഓർമ്മയുടെ നൊമ്പരങ്ങൾ ഒരു കടൽ തിരപോലെ
അലറി അടിക്കുന്നു ഹൃദയത്തിൻ ഭിത്തിയിൽ.
ഒരുകൊടും കാറ്റുപോൽ അവയിൽ ചിലയവ,
ഒരു പേമാരി പോൽ ബാക്കിയുള്ളവ.
പിന്നെയും ചിലത് ഇടിമിന്നൽ പോലെ,
പിന്നെയും ചിലത് നേർത്ത മഞ്ഞു പോലെ.
മൂടി കിടക്കുന്നു പാപമെൻ ഹൃദയത്തിൽ
മുകനായ് തീരുന്നു ഞാനിവിടെ.
പാപത്തിൻ നൊമ്പരം കാർന്നു തിന്നുനെന്നെ
ഓർമ്മകളുമെന്നെ ഞെരുക്കിടുന്നു.
കടലായ് തിരയായ് ഒരു കൊടുങ്കാറ്റായി
ഇടിമിന്നലായ് പിന്നെ പേമാരിയായി.
ഞാൻ ചെയ്ത പാപത്തിൻ കുറ്റബോധം ഇന്ന് എന്നിലേക്കാഴ്നിറങ്ങിടുന്നു.
പാപത്തിൽ ശമ്പളം മരണമാണെങ്കിലും അതിലും വലുതാണി കുറ്റബോധം.
ഇരുളിന്റെ വഴികളിൽ ഞാൻ സുഖം തേടി അന്ധതമസിന്റെ മാറിൽ ഞാനുറങ്ങി.
സോദോം ഗോമോറയുടെ മണ്ണിൽ ചവിട്ടി ഞാൻ പാപത്തിൻ ആഴത്തിലേക്ക് ഇറങ്ങി. ഞെട്ടി തരിച്ചു ഞാൻ പെട്ടന്ന് എന്നിലെ ആത്മാവിൻ ശബ്ദമൊരു ഗർജ്ജനമായ്. തപ്പിതടഞ്ഞു തിരഞ്ഞു ഞാൻ ഇരുളിനെ
മാറ്റുന്ന ഒരു ചെറു തിരി കിട്ടുവാൻ
ഇല്ലിവിടെ നേർത്ത പ്രകാശത്തിന്റെ തരി പോലും അത്രമേലാഴത്തിലത്രെ ഞാനും.
ഇല്ലിനി തിരികെ വരുവാൻ കഴിയില്ലെന്റെ നെഞ്ചകം പൊട്ടി ഞാൻ കരഞ്ഞു. കണ്ണുനീർ വറ്റി കഴിഞ്ഞു മെല്ലെ ഞാൻ വാടികൊഴിഞ്ഞങ്ങ് വീണു
മൃദുലമായ് തഴുകുന്നെൻ മുടിയിഴകളാരോ ഞാൻ ഹൃദയത്തിൽ മെല്ലെ തിരിച്ചറിഞ്ഞു.
മിഴികൾ തുറന്നു ഞാൻ ഉണർന്നു
ഒത്ത തേജസിൽ ആ രൂപം കണ്ടു.
ഒരു കൊച്ചു കുട്ടിയേ പോൽ ആ കൈ പിടിക്കവെ
കയ്യിൽ ആണി പഴുതുകൾ കണ്ടു.
എല്ലാം ക്ഷമിച്ചെന്ന് മൊഴിഞ്ഞു
കാതിൽ ഇനി പാപമരുതെന്നു പറഞ്ഞു.
മാറിൽ ചേർത്തു പിടിച്ചു ഞാനും മാറിൽ ചേർന്നു കരഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like