മാര്‍ ക്രിസോസ്റ്റം സാമൂഹിക പരിഷ്‌കര്‍ത്താവ്: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജീവിതം ക്രൈസ്തവ സമുദായത്തിനും മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും പ്രചോദനം പകരുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി. നൂറു വയസു പൂര്‍ത്തിയാക്കിയ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്കു തിരുവനന്തപുരത്തു നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാര്‍ഥനയുടെ ആള്‍രൂപമായ മാര്‍ ക്രിസോസ്റ്റം സാമൂഹിക പരിഷ്‌കര്‍ത്താവുകൂടിയാണ്. പദ്മവിഭൂഷണ്‍ നല്‍കുക വഴി അദ്ദേഹത്തെ ആദരിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ അംഗീകരിക്കുകകൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സ്വാഗതം ആശംസിച്ചു. സന്മാര്‍ഗത്തിന്റെയും സാമൂഹിക ബോധത്തിന്റെയും പാഠങ്ങളാണു ക്രിസോസ്റ്റം തിരുമേനി സമൂഹത്തിനു പകര്‍ന്നു നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, ശശി തരൂര്‍ എംപി, വി. മുരളീധരന്‍ എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് പുന്നൂസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.