ലേഖനം:ദൈവരാജ്യ സംസ്കാരം!!! | ടോമി ഫിലിപ്പ്, ദോഹ

ജാതിയുടെ, മതത്തിന്റെ, ഭാഷയുടെ, ദേശത്തിന്റെ, പൈതൃകത്തിന്റെ ഒക്കെ പേരിൽ വിഭിന്നമാണ് മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യം. ഒട്ടൊരു ആഴമായ അറിവ് ഇവയെ കുറിച്ച് ഇല്ല എന്ന യാഥാർഥ്യം സമ്മതിക്കാതെ ഇതിന്റെ ഒക്കെ പേരിൽ ആരെങ്കിലും ഉയർത്തുന്ന ആശയങ്ങൾക്ക് പിന്നാലെ പോകുന്ന പലരും അവർക്കു തന്നെ അപകടം കൊണ്ട് വരുന്നു എന്ന് മാത്രം അല്ല അവർ മറ്റുള്ളവർക്കും ഭീഷണി ആയി തീരുന്നു. ഏതൊരു സംഘത്തിനും, സംഘടനക്കും ഒക്കെ ഒരു നേതാവും അവരെ പിന്തുണക്കുന്ന ചില അണികളെയും കാണാം. ആശയം ശരിയോ തെറ്റോ തങ്ങൾ പിൻപറ്റുന്നതു എന്താണെങ്കിലും ഏതാണെങ്കിലും അത് തുടർന്ന് സ്ഥാപിക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നത് നേതാവിന്റെയും സംഘടനയുടെയും നിലനിൽപ്പിന്റെ ആവശ്യം ആയി മാറുമ്പോൾ നാം പിന്തുടരുന്നതിന്നപ്പുറം ഒരു സത്യം ഉണ്ടെന്നുള്ളത് ചിന്തിക്കുവാൻ കഴിയില്ല. മാത്രം അല്ല അത് എതിർക്കപ്പെടുകയും ചെയ്യും. ഇവിടെ ക്രിസ്തുവിന്റെ വാക്കുകൾക്കും ദൈവവചനത്തിനും ഒക്കെ പ്രസക്തി ഉണ്ടാവുന്നു. ക്രിസ്തു പറഞ്ഞത് “യോഹ 12: 32 ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.” ഇസ്രായേൽ തിരഞ്ഞെടുക്കപ്പെട്ട ജാതിയായി ദൈവത്തിന്റെ സ്വന്ത ജനം എന്ന പദവി അലങ്കരിക്കുമ്പോൾ ക്രിസ്തു ഇതാ അവരുടെ ഇടയിൽ നിന്ന് കൊണ്ട് പറയുന്ന പദങ്ങൾ ഗൗരവമേറിയതാണ്. അത് ആ സമൂഹത്തിനു ഉൾക്കൊള്ളുവാൻ കഴിയുന്നതിലും അപ്പുറവും ആയിരുന്നു. അത് നിവർത്തി പദത്തിലേക്ക് വരുവാൻ കുറെ കൂടി കാത്തിരിക്കേണ്ടതായി വന്നു എന്ന് നമ്മുക്ക് മനസ്സിലാക്കാം. പെന്തെക്കോസ്തു നാൾ വന്നപ്പോൾ എല്ലാവരും ഒരുമനപ്പെട്ടു ഒരു സ്ഥലത്തു കൂടിയിരുന്നു പരിശുദ്ധാത്മാവിന്റെ സഹവാസത്തിന്നായി കാത്തിരുന്ന അവരുടെ മദ്ധ്യത്തിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങി വസിക്കുമ്പോൾ അവർ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. വിവിധ ഭാഷക്കാരായി അവിടെ കൂടി വന്ന യഹൂദന്മാർക്കു അത് ആശ്ചര്യത്തിനു കാരണമായി. തുടർന്ന് പീഡകൾ വന്നു കൂടിയവർ ചിതറിക്കപെട്ടപ്പോൾ ശമര്യയിൽ വചനം പ്രസംഗിക്കപ്പെട്ടു, ചിലർ അവിടെ ആകർഷിക്കപ്പെട്ടു. പിന്നെയും തുപ്പട്ടിയുടെ ദർശനത്തിന് ശേഷം ജാതികൾ ക്രിസ്തുവിനായി ആകർഷിക്കപ്പെട്ടു. ഭാഷയുടെയും വർണങ്ങളുടെയും പേരിൽ വേർതിരിക്കപ്പെട്ട മനുഷ്യൻ ക്രിസ്തുവിൽ ഒന്നാകുന്ന പദ്ധതിയാണ് ഇവിടെ ദൈവരാജ്യം അല്ലെങ്കിൽ ദൈവസഭ എന്ന് ദൈവവചനം വ്യക്തമാക്കുന്നു. ആദിയിൽ സൃഷ്ടിക്കപ്പെട്ട സകലതിനും പേരിടുവാൻ ഭൂമിയിൽ അധികാരം ഉണ്ടായിരുന്ന ആദമിന്നു ഉത്തരവാദിത്വം കൈമാറിയപ്പോൾ ആദിമ മനുഷ്യഭാഷ രൂപപ്പെടുകയായിരുന്നു. പിന്നീട് ജലപ്രളയത്തിന് ശേഷം ബാബേൽ ഗോപുരത്തിന്റെ പണി നോക്കുവാൻ ഇറങ്ങിയ യഹോവയാം ദൈവം അവരുടെ ദുഷിച്ച ലക്ഷ്യങ്ങൾ കണ്ടു അവരുടെ ഭാഷ കലക്കി കളഞ്ഞു എന്ന് നാം ദൈവവചനത്തിൽ കൂടി മനസ്സിലാക്കുന്നു. ദൈവത്താൽ വിളിക്കപ്പെട്ട അബ്രഹാമിൽ നിന്നും ജനിച്ച സന്തതി പരമ്പര എബ്രായ ഭാഷ അവരുടെ തിരിച്ചറിയൽ രേഖയായി കാത്തു സൂക്ഷിച്ചു എന്ന് മനസിലാക്കാം. ഇസ്രായേൽ മിസ്രയീമിൽ, അശൂരിൽ, ബാബിലോണിൽ ഒക്കെ പ്രവാസത്തിൽ ആക്കപ്പെട്ടപ്പോൾ ഒട്ടൊക്കെ ചില സ്വാധീനങ്ങൾ അവരുടെ ഭാഷക്ക് ഉണ്ടായി എന്നാലും അവർ മുറുകെ ഉയർത്തി പിടിച്ച എബ്രായ ഭാഷ സഭയുടെ പുരോഗതി വരെ ദൈവമക്കളുടെ ഭാഷയായി കണക്കാക്കപ്പെട്ടു. ഒട്ടൊരു പ്രശംസയായി അതിനെ പരീശന്മാരും യഹൂദാ നേതാക്കളും കണക്കാക്കിയിരുന്നു എന്ന് വേണം പുതിയനിയമ ലേഖനങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കേണ്ടത്. എബ്രായൻ, പരീശൻ, ധനാഢ്യൻ, വിദ്യാസമ്പന്നൻ, റോമാ പൗരൻ, ന്യായപ്രമാണം നന്നായി പഠിച്ചവൻ എന്നൊക്കെ ഖ്യാതിയും പ്രശംസക്ക് വകയും ഉണ്ടായിരുന്ന പൗലോസു എന്തിലാണ് പ്രശംസ കണ്ടെത്തിയത് എന്നത് ഈ ചിന്തകൾക്ക് ഒട്ടൊരു പിൻബലം ആകും.”2കോരി 12: 1 പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു. 2 ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. 3 ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. 4 മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു. 5 അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.” സ്വർഗ്ഗീയ ഭാഷ, വാക്കുകൾ, ദർശനങ്ങൾ, വെളിപ്പാടുകൾ ഒക്കെ ആണ് ദൈവരാജ്യ സംസ്കാരം എന്ന് തിരിച്ചറിഞ്ഞു നമുക്കും ആ നിലയിൽ ഒരു ഒരുക്കവും വളർച്ചയും പ്രത്യാശയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.