വി.ബി.എസ്സുകൾ ഫലകരമാക്കാൻ

ബിനു വടശ്ശേരിക്കര, ഡയറക്ടർ – എക്സൽ മിനിസ്ട്രീസ് +91949583499

അവധിക്കാലം ആഘോഷമാക്കാൻ വ്യത്യസ്ത സിലബസുകൾ അനുസരിച്ചുള്ള പാഠ്യപദ്ധതികൾ തയ്യാറായി. ഇന്നു മുതൽ ആരംഭിച്ച വി.ബി.എസ്സുകളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് പങ്കെടുത്തത്. കേരളത്തിലെ പ്രമുഖ സഭകൾക്ക് തനതായ വി.ബി.എസ്സ് സിലബസ് ഉണ്ട്. പെന്തക്കോസ്ത് സഭകളിൽ എക്സൽ വി.ബി.എസ്സ്, ചിൽഡ്രൻസ് ഫെസ്റ്റ്, ട്രാൻസ്ഫോമർസ്, ഷാലത്ത് തുടങ്ങിയ വി.ബി.എസ്സുകൾ മുൻനിരയിലുണ്ട്.
പാട്ടുകളും, ആക്ഷൻ സോങ്ങുകളും, ഗെയിമുകളും ആക്ടിവിറ്റികളും ഉൾപ്പെടുത്തിയ വി.ബി.എസ്സുകൾ കുഞ്ഞുങ്ങളിൽ വചനവും വിനോദവും വിജ്ഞാനവും പകരുന്നതാണ്.

പാഠ്യപദ്ധതി

എല്ലാവർഷവും തിരഞ്ഞെടുക്കപ്പെടുന്ന ചിന്താവിഷയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതികളും പാട്ടുകളുമാണ് വി.ബി.എസ്സിനായി തയ്യാറാക്കുന്നത്. ഏപ്രിൽ മാസം ആരംഭിക്കുന്ന വി.ബി.എസിനുവേണ്ടി ഒക്ടോബർ മാസം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങും. ഗാനങ്ങൾ എഴുതുക. സംഗീതം നൽകുക. വീഡിയോകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്.
കുറഞ്ഞത് പത്തിലധികം ആളുകളുടെ ചേർന്ന ടീമായ പ്രവർത്തനം ഉണ്ടെങ്കിലേ ഇവ സാധ്യമാകുകയുള്ളൂ. കുട്ടികളെ പ്രായമനുസരിച്ച് പല ക്ലാസുകളായി തിരിച്ച് അവർക്കുവേണ്ടി ബൈബിൾ പാoങ്ങളും മിഷണറി സ്റ്റോറികളും തയ്യാറാക്കി വരുന്നു. അതുകൊണ്ടുതന്നെ അവധിക്കാലത്ത് മൂന്നു ദിവസം മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഈ വി.ബി.എസ്സുകളിലൂടെ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന ബൈബിൾ വിജ്ഞാനവും സന്തോഷവും എടുത്തു പറയത്തക്കതാണ്.

പാട്ടുകൾ

കുഞ്ഞുങ്ങളുടെ താളത്തിനും അഭിരുചിക്കനുസരിച്ചുള്ള പാട്ടുകളാണ് തയ്യാർ ചെയ്യുന്നത്. പാട്ടുകളിൽ ബൈബിളിൽ നിന്നുള്ള പ്രധാനപ്പെട്ട പല വ്യക്തികളും ഉൾപ്പെടാറുണ്ട്. അവരിൽ ചിലരാണ് ദാവീദും ഗോലിയാത്തും സക്കായിയും ഒക്കെ. സക്കായി ഇല്ലാത്ത വി.ബി.എസ്സുകൾ ചുരുക്കമാണ്. പക്ഷികളും ചില മൃഗങ്ങളുമൊക്കെ പാട്ടിൻറെ ഇതിവൃത്തങ്ങളിൽ പെടാം. അനുസരണം ബഹുമാനം ദൈവവചന വായന തുടങ്ങിയവയ്ക്ക് കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വരികളും പാട്ടുകളിലുണ്ട്.
ഇപ്പോഴത്തെ കുട്ടികളുടെ താളം അല്പം ദ്രുതഗതിയിൽ ആയതിനാൽ പാട്ടുകളുടെ താളവും അല്പം ദ്രുതഗതിയിൽ ആയിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പാട്ടുകൾ ഇല്ലെങ്കിൽ വി.ബി.എസ് പരാജയപ്പെടാം.

സഭകളുടെ ഐക്യം

വി.ബി.എസ്സ് സമയം സഭകളുടെ ഐക്യത്തിന്റെ കാലമാണ്. ഒരു പ്രദേശത്തുള്ള ദൈവദാസന്മാരും സഭകളും ഒറ്റക്കെട്ടായി നിന്ന് ചെയ്യുന്ന വലിയ വി.ബി.എസ്സുകൾ മുതൽ ലോക്കൽ സഭകൾ നേതൃത്വം കൊടുക്കുന്ന ചെറിയ വി.ബി.എസ്സുകൾ വരെയും പട്ടികയിലുണ്ട്. വലിയ വിബിഎസ്സുകളേക്കാൾ കുറച്ചുകൂടെ ഫലവത്താകുന്നത് 100 പേർക്കും 150 പേർക്കും ഇടയിലുള്ള വിബിഎസ്സുകളാണ്.
രക്ഷിക്കപ്പെടാതെ കുഞ്ഞുങ്ങൾ വി.ബി.എസ്സിലൂടെ യേശുവിനെ അറിയാൻ കാരണമാകുന്നു. കുട്ടികൾ സുവിശേഷ വേലയ്ക്ക് സമർപ്പിക്കപ്പെടുന്നത് നേതൃത്വത്തിലേക്ക് കടന്നുവരുന്നതിനും വിബിഎസ്സുകൾ ഒരു പരിധിവരെ സ്വാധീനിക്കാറുണ്ട്. യേശുവിനെ അറിയാത്ത കുഞ്ഞുങ്ങൾ വി.ബി.എസ്സിൽ വന്ന് ജീവിതം യേശുവിനായ് സമർപ്പിക്കുന്ന അനുഭവങ്ങളും കുറവല്ല. വി.ബി.എസ്സ് വെറും ഒരു ചടങ്ങായി തീർക്കാതെ തുടർന്നുള്ള അനുധാവന പ്രവർത്തനങ്ങൾക്ക് സഭകളും ദൈവദാസന്മാരും ഉത്സാഹം കാണിക്കണം.
വി.ബി.എസ്സ് ഒരു ശുശ്രൂഷ ആയതുകൊണ്ട് കൂടുതൽ ആത്മാർത്ഥതയോടെ നമുക്ക് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.
നാം കുഞ്ഞുങ്ങളുടെ ഉള്ളിൽ വിതയ്ക്കുന്ന സുവിശേഷത്തിന്റെ വിത്തുകൾ നിശ്ചയമായും ഫലവത്താകും.

ഡയറക്ടർ മുതൽ അദ്ധ്യാപകർ വരെ

ഏതൊരു വി.ബി.എസ്സിന്റെയും പ്രധാന പങ്ക് വഹിക്കേണ്ടത് വി.ബി.എസ്സ് ഡയറക്ടറാണ്. കഴിവുറ്റ വി.ബി.എസ്സ് ഡയറക്ടർ ഇല്ലായെങ്കിൽ വി.ബി.എസ്സുകൾ പരാജയപ്പെടാം. ഏതെങ്കിലും വി.ബി.എസ്സ് പരിശീലനത്തിൽ പങ്കെടുത്ത് കുട്ടികളുടെ ഇടയിലെ പ്രവർത്തനത്തിൽ പ്രവർത്തിപരിചയം ഉള്ളവർക്കാണ് ഇതിന് കഴിയുന്നത്. കുട്ടികളിലെ ശുശ്രൂഷയിൽ പ്രത്യേക പരിശീലനം സിദ്ധിച്ചവർക്ക് മാത്രമാണ് ഇതിൽ കൂടുതൽ നന്നായി ചെയ്യാൻ കഴിയുന്നത്.

സമർപ്പണം ഉള്ള അധ്യാപകർ നിശ്ചയമായും വി.ബി.എസ്സുകളിൽ ആവശ്യമാണ് 10 മുതൽ 12 കുട്ടികളെ വരെ ഒരു അധ്യാപകന് പഠിപ്പിക്കാൻ കഴിയും. കുട്ടികളെ കൂടുതലടുത്തറിയാനും അവരുടെ വീടുകളുമായി ഒരു ബന്ധം പുലർത്താനും അധ്യാപകർക്ക് കഴിയുമെങ്കിൽ നിശ്ചയമായും ഈ കുട്ടികൾ അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സഭകൾക്കും വരുന്ന നാളുകളിൽ ഒരു മുതൽക്കൂട്ടായി മാറും

ഈ ശുശ്രൂഷയുടെ മഹത്വം നിശ്ചയമായി മനസ്സിലാക്കിയാൽ മാത്രമേ അധ്യാപകരായി പ്രവർത്തിക്കാൻ കഴിയു

പുതിയ ഊർജ്ജം സഭകൾക്ക്

വി.ബി.എസ് നടത്തുന്ന സഭകൾക്ക് പുതിയ ഊർജം ലഭിക്കും. ഇതിൽ പൂർണമായി പങ്കെടുക്കുന്ന വ്യക്തികൾ ആത്മീയമായും സഭാ പ്രവർത്തനത്തിലും അല്പംകൂടി ഉയർന്നുവരാൻ പ്രേരണ ആകും.

പലപ്പോഴും വി.ബി.എസ്സുകൾ കഴിയുമ്പോൾ ദൈവദാസന്മാർ അഭിപ്രായപ്പെടുന്നത് വി.ബി.എസ്സ് നമ്മുടെ കുഞ്ഞുങ്ങളിൽ ആത്മിക മുന്നേറ്റത്തിന് കാരണമായി എന്നതാണ്. ചെറിയ സഭകൾ ആണെങ്കിലും നിശ്ചയമായും വി.ബി.എസ്സുകൾ നടത്തുന്നത് നിങ്ങളുടെ സഭകൾക്ക് ഒരു ഉണർവ് പകരും.

ആഹാര ക്രമീകരണങ്ങൾ

വി.ബി.എസ്സിൽ വരുന്ന കുഞ്ഞുങ്ങൾക്ക് സമയാസമയങ്ങളിൽ ലഘുഭക്ഷണങ്ങൾ തയ്യാറാക്കി കൊടുക്കേണ്ട ചുമതല സംഘാടകരിൽ ഉണ്ട്. കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള ആഹാരങ്ങളാണ് തയ്യാർ ചെയ്യേണ്ടത്. വിശ്വസനീയമായ സ്ഥലങ്ങളിൽനിന്നുള്ള ആഹാരപദാർത്ഥങ്ങൾ മാത്രമേ വാങ്ങി നൽകാവൂ. വിബിഎസ്സ് സമാപന ദിവസങ്ങളിൽ തയ്യാറാക്കുന്ന ആഹാരങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചെറിയ കുട്ടികളെ പ്രത്യേകം അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണം.

വാഹന ക്രമീകരണം

വി.ബി.എസ്സിന് കൊണ്ടുവരുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധയോടെ വാഹനങ്ങളിൽ കയറ്റി യഥാസമയം മടക്കി എത്തിക്കുവാൻ സംഘാടകർ ശ്രദ്ധിക്കണം.
വാഹനങ്ങളിൽ വിബിഎസ്സ് സംഘാടകരിൽ ആരെങ്കിലും മുതിർന്നവർ നിശ്ചയമായും കാണണം. അപകടസാധ്യതയുള്ള റോഡുകളിൽ കുഞ്ഞുങ്ങളെ റോഡ് മുറിച്ചുകടന്ന എതിർഭാഗത്ത് വിടുന്നതും ശ്രദ്ധിക്കുക. വി.ബി.എസ്സ് ആരംഭിക്കുമ്പോൾ തന്നെ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത് അപകടങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കും.

വി.ബി.എസ്സ് പ്രവർത്തകരെ സ്നേഹിക്കാനും ബഹുമാനിക്കാനും സംഘാടകർക്ക് കഴിയണം. പലപ്പോഴും ഒരു മൂന്നാംകിട തൊഴിലാളികളായി വിബിഎസ്സ് നടത്തുന്ന സുവിശേഷകരെ കാണുന്നത് വളരെ ദു:ഖകരം തന്നെയാണ്. സുവിശേഷകരിൽ കുട്ടികളുടെയിടയിൽ സജീവമായി നീണ്ട വർഷങ്ങളായി പ്രവർത്തിക്കുന്ന അനേകം ദൈവദാസൻമാർ ഉണ്ട്. വരുംതലമുറയെ ദൈവഭയത്തിലും അനുസരണത്തിലും ദൈവവചന അടിസ്ഥാനത്തിൽ വളർത്തിക്കൊണ്ടുവരാൻ ബാലസുവിശേഷകർ ചെയ്യുന്ന പ്രവർത്തനങ്ങളെ കഴിവതും പ്രോത്സാഹിപ്പിക്കണം.

നേതൃത്വം ശ്രദ്ധിക്കുക

സ്നേഹത്തോടെയുള്ള തിരുത്തലുകളും പ്രോത്സാഹനവും നൂറുശതമാനവും ശ്ലാഘനീയമാണ്. യുവജന പ്രവർത്തകനായും ബാല പരിശീലകനായും കഴിഞ്ഞ നീണ്ട വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന എനിക്ക് വ്യത്യസ്ത സമയങ്ങളിൽ കൈപ്പേറിയ നിരവധി അനുഭവങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഇത് പറയുന്നത്.
നിങ്ങളുടെ സഭയിൽ വരുന്ന ബാല സുവിശേഷകരെ പ്രോത്സാഹിപ്പിക്കാനും വേണ്ട താമസം ഭക്ഷണം കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അവരുടെ ഭാഗത്തുണ്ടാകുന്ന തെറ്റുകൾ സ്നേഹത്തോടെ തിരുത്താൻ നിശ്ചയമായും ദൈവദാസന്മാർ സമയം കണ്ടെത്തണം.

വി.ബി.എസ് ഡയറക്ടർ അറിയാൻ

കുഞ്ഞുങ്ങളുടെ ഇടയിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറ്റവും മഹത്തരമാണ്. നിങ്ങൾ ചെയ്യുന്നത് തികച്ചും ദൈവീക ശുശ്രൂഷകൾ ആണെന്ന് തികഞ്ഞ ബോധ്യത്തോടെ കൂടെ മാത്രമേ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാവു. വിവാഹാലോചനകൾ നടത്തുക, മറ്റ് അനാവശ്യ ബന്ധങ്ങൾ സ്ഥാപിക്കുക, സ്വന്തം ബിസിനസ് ശൃംഖല വളർത്തുക തുടങ്ങിയവയൊന്നും വി.ബി.എസ്സ് പ്രവർത്തനത്തിന്റെ ഭാഗമായി ഉള്ളതല്ല എന്നതും ഓർക്കുക.
കുഞ്ഞുങ്ങൾക്ക് രക്ഷകനായി യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്ന പ്രവർത്തനമാണ് നിങ്ങൾ ചെയ്യുന്നത് അതുകൊണ്ടുതന്നെ നിങ്ങളുടെ ഇടപാടുകളും സ്വഭാവവും ദൈവവചനത്തിനു സുവിശേഷത്തിനും 100% യോജിച്ചതായിരിക്കണം.

ഈ അടുത്ത മാസങ്ങളിൽ നിങ്ങൾ ചെയ്യുന്ന ശുശ്രൂഷയ്ക്ക് ഫലം കാണുവാനുള്ള പ്രാർത്ഥ നിശ്ചയമായും നിങ്ങൾക്ക് ഉണ്ടായിരിക്കണം. നിങ്ങളുടെ കഴിവിനേക്കാൾ ഉപരി ദൈവ പ്രവർത്തി നിങ്ങളുടെ ഓരോ പ്രോഗ്രാമുകളിലും ഉണ്ടാകണം. നൂറുകണക്കിന് കുഞ്ഞുങ്ങൾ യേശുവിനായി ജീവിതം കൊടുക്കുന്നതും കണ്ണുനീരോടെ സമർപ്പിക്കപ്പെടുന്നതും കാണുവാൻ വി.ബി.എസ്സ് കാരണമാകണം. അതിനായുള്ള ആഗ്രഹവും പ്രാർത്ഥനയും ഓരോ ദിവസവും നിങ്ങളെ ഉള്ളിൽ ഉണ്ടായിരിക്കട്ടെ. വി.ബി.എസ്സ് കാലം കൊയ്ത്തിന്റെ കാലമായി മാറട്ടെ. സമർപ്പണത്തോടെ അയച്ചവന്റെ വേല ചെയ്യാം. പ്രതിഫലം നിശ്ചയം.

– ബിനു വടശ്ശേരിക്കര, ഡയറക്ടർ – എക്സൽ മിനിസ്ട്രീസ് (+91949583499)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.