ലേഖനം:താഴാനാവുമോ? താഴ്ത്താതെ? | നിഷ സന്തോഷ്

ഇന്നിന്റെ ഈ ലോകത്തിൽ നാം എല്ലാവരും ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവരാണ്, സ്വപ്നങ്ങൾക്ക് ചിറകുവെച്ചു ആകാശ വിതാനതനങ്ങളെ ലക്ഷ്യമാക്കി കുതിച്ചുയരുവാനായി യത്നിക്കുകയാണ്. ഉയർച്ചയുടെ പടിക്കെട്ടുകൾ ഓടിക്കയറുമ്പോൾ അറിഞ്ഞോ അറിയാതയോ അനേകരെ ചവിട്ടിത്താഴ്ത്തുന്നുവെന്ന സത്യം നാം ബോധപൂർവം മറക്കാൻ ശ്രമിക്കുന്നു. സമൂഹത്തിൽ ഉയർന്നു വരുന്ന ഒട്ടുമിക്ക പ്രശ്നത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ നമുക്കുകാണാൻ ആകുന്നതും ഇതേ വികാരം തന്നെ ആണ്- “ഞാനെന്ന ഭാവം- എല്ലാം നേടണമെന്ന മോഹം.”

കൺകോണിൽ കൂടി ഞാനീ സ്വാർത്ഥലോകത്തെ നോക്ക്കിയിരുന്നപ്പോൾ, ദൂരെഏതോ നിശ്ശബ്ദതയ്ക്കുള്ളിൽനിന്നും ഒരു മാറ്റൊലികെട്ടു “ഹാ..മായ, മായ സകലവും മായയത്രേ” ഇതുതന്നെ സഭാപ്രസംഗി (സഭാ12 :8) ൽ പറയുന്നു. എന്നാൽ ക്രിസ്താനി എന്നുഅഭിമാനിക്കുന്ന നമുക്ക് എന്തുകൊണ്ട് ക്രിസ്തുവിന്റെ ഏറ്റവും ഉദാത്തമായ താഴ്മ എന്നഭാവം സ്വീകരിച്ചുകൊണ്ട് നാം ജീവിക്കുന്ന സമൂഹത്തിനു മാതൃകയായിക്കൂടാ?

തന്നെപോലെ തന്നെ എല്ലാവരെയും സ്നേഹിക്കണം എന്നുപഠിപ്പിച്ച യേശുക്രിസ്തുവിന്റെ കല്പന നാം മാനിച്ചാൽ നമുക്ക് എങ്ങനെ നിഗളിക്കാനാവും? കാരണം യഥാർത്ഥ സ്നേഹം നിഗളിക്കുന്നില്ല ഗർവം കാണിക്കുന്നുമില്ല. സത്യവേദപുസ്‌തകത്തിന്റെ ഉള്ളറകളിലേക്ക്‌ കടന്നാൽ ഒരുപാടു വ്യക്തിത്വങ്ങളെ നമുക്കുകണ്ടെത്തുവാനാവും. ശ്രെഷ്ഠജീവിതത്തിനുടമയായ  അബ്രാഹംപിതാവുമുതൽ സർവലോക രക്ഷിതാവായ യേശുക്രിസ്‌തുവരെ.

ദൈവഭക്തനായ അബ്രഹാം പിതാവ് തന്റെ അടുത്തെത്തിയ ദൈവദൂതന്മാരെ അവരാരെന്നറിയാതെ തന്നെ തന്റെ പ്രായംപോലും കണക്കിടാതെ നിലം വരെകുനിഞ്ഞവരെ ബഹുമാനിച്ചതായി കാണാം. ഒരു പക്ഷെ വീണ്ടും എവിടെ വച്ചെങ്കിലും കാണുമോ എന്നുപോലും അറിയാത്തവരെ. തന്റെ സമൂഹത്തിലെ പദവിയോ, കുടുംബ പാരമ്പര്യമോ, സമ്പത്തോ, ഒന്നും കണക്കിടാതെ   ശ്രേഷ്ഠരെന്നെണ്ണിയത് നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. എന്തിനധികം സകലത്തിന്റെയും സൃഷ്ടാവും രാജാധി രാജാവുമായി ദൈവം, നമ്മെപ്പോലെ ഒരുവനായി, തന്നെത്താൻ താഴ്ത്തി,മനുഷ്യനായി ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണു. തനിക്കു ജനിക്കാൻ ഒരുമണിമാളികയോ, തങ്കതൊട്ടിലോ തിരഞ്ഞെടുക്കാൻ പ്രയാസം ഒന്നുമില്ലായിരുന്നു. എന്നാൽ നമുക്കു താഴ്മയുടെ മാതൃകയായി അവൻ നിന്നു അതിലുപരി തന്നെത്താൻ താഴ്ത്തി, ഭൂമിയിലെ മാതാപിതാക്കൾക്ക് കിഴ്പെട്ടു ജീവിച്ചു ഓരോമക്കൾക്കും മാതൃകയായി.

പിന്നീട് ശിഷ്യന്മാർക്കു മുൻപിൽ ഉന്നത ഭാവമോ നിഗളമോ കാണിക്കാതെ തങ്ങളുടെ പാദങ്ങൾ കഴുകിത്തുടച്ചു താഴ്മയുടെ ഉദാത്ത മാതൃക കാട്ടിത്തന്നു. ദൈവപുത്രനായ തനിക്കു സഞ്ചരിക്കുവാൻ അവിടുന്ന് ഒരു പെൺകഴുതകുട്ടിയേയും  തിരഞ്ഞെടുത്തത് യാദൃശ്ചികം അല്ല.

സീയോൻ പുത്രിയോട്, ഇതാ നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തു വാഹന മൃഗത്തിന്റെ കുട്ടിയുടെ പുറത്തുകയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ (മത്തായി 21 :4 ) എല്ലാറ്റിലുമുപരി മാനവരുടെ രക്ഷയ്ക്കായി പിതാവിനോടുകാണിച്ച പൂർണ്ണ അനുസരണവും ഭാഗഭാഗിത്വവും നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. ഒരു വേളപോലും താൻ ദൈവപുത്രൻ എന്നോർക്കാതെ പിതാവിന്റെ ഇഷ്ടത്തിന് തന്നെത്തന്നെ താഴ്ത്തി ഏൽപ്പിച്ചു. പാപചെളിയിൽ നിന്നും നമ്മെ ഉയർത്തുവാനായി അവൻ തന്നെത്താൻ താഴ്ത്തി. അവസാനം പിതാവിനോടുള്ള സമത്വം മുറുകെപ്പിടിക്കാതെ, അതികഠിനമായ പീഡകളേറ്റു ക്രൂശിലെ മരണത്തോളം തന്നെ ഏല്പിച്ചുകൊടുത്തു. അതിവേദനയിലും പഴിക്കാതെ, ശപിക്കാതെ, പിറുപിറുക്കാതെ, മൗനമായി താഴ്മയലങ്കരിച്ചു.

വാസ്തവത്തിൽ ഇതാവണ്ടെ നമ്മുടെയും ഭാവം?

നമ്മെത്തന്നെ താഴ്ത്തുവാനുള്ള ഭാവം, പരസ്പരമുള്ള ബന്ധത്തിൽ, മാതാപിതാക്കളോടുള്ള ബന്ധത്തിൽ, സഹോദരങ്ങളോടുള്ള ബന്ധത്തിൽ, സമൂഹത്തോടും സഭയോടും ഉള്ള ബന്ധത്തിൽ നമ്മുടെ ഭാവം? കുടുംബ ജീവിതത്തിലും, വ്യക്തിഗത അനുഭവത്തിലും നമുക്ക് ഒന്ന് താഴാനാവുമോ? മറ്റുള്ളവരെ, അവരുടെ വികാരങ്ങളെ….വിചാരങ്ങളെ… ആഗ്രഹങ്ങളെ… അവരുടെ സ്വപ്നങ്ങളെ… ചവിട്ടി താഴ്ത്താതെ നമുക്കും ശ്രമിക്കാം, ശീലിക്കാം പ്രിയരേ… താഴാനും… ക്ഷമിക്കാനും.. സഹിക്കുവാനും…

ദൈവരാജ്യം നിങ്ങളുടെ ഇടയിലെന്ന ക്രിസ്തുവിന്റെ ആശയം നമുക്ക് യാഥാർത്യമാക്കാം, താഴ്മയിലുടെ… മറ്റാരെയും താഴ്ത്താതെ..

ദൈവം നമ്മെ ഏവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ….

സ്നേഹപ്പൂർവം…

നിഷ സന്തോഷ്..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.