ലേഖനം:അറക്കപ്പെട്ടവർ-ദൈവത്തിന്റെ വീരന്മാർ | ഡോ. ബോബി. എം. ഇടിച്ചാണ്ടി

വിശുദ്ധബൈബിളിൽ ദൈവം വരച്ചു കാട്ടിയിരിക്കുന്ന ദൈവത്തിന്റെ വീരൻമാരാണ് അറക്കപ്പെട്ടവർ അല്ലെങ്കിൽ രക്തസാക്ഷികൾ. ഏതു പരിതസ്ഥിതിയിലും ദൈവത്തിനും, ദൈവവചനത്തിനും വേണ്ടി നിലകൊണ്ടവരത്രേ അറുക്കപ്പെട്ടവർ. സങ്കീർത്തനം44:22ൽ ഇങ്ങനെ എഴുതിയിരിക്കുന്നു “നിന്റെ നിമിത്തം ദിവസംപ്രതി ഞങ്ങൾ കൊല്ലപ്പെടുന്നു, അറക്കുവാനുള്ള ആടുകളെ പോലെ ഞങ്ങളെ എണ്ണുന്നു”. ബാബിലോണിയൻ പ്രവാസത്തിലും, ആദിമനൂറ്റാണ്ടിലെ പീഢനപരമ്പരകളിലും, സഭ എപ്പോഴൊക്കെ പീഢനങ്ങളിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാം ഈ വചനം ഒരു പ്രവചനമായി നിലകൊള്ളുന്നു.
സങ്കീർത്തനം44-ൽ “ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു ഞങ്ങളുടെ വയറ് ഭൂമിയോട് പറ്റിയിരിക്കുന്നു” എന്നിങ്ങനെയുള്ള നിലവിളിയാണ്, ഒരു ഭക്തനിൽ നിന്ന് ഉയരുന്നതെങ്കിൽ പുതിയ നിയമത്തിലേക്ക് കടന്നു വരുമ്പോൾ, അഭിഷിക്തൻ പീഢനങ്ങളെ നോക്കി വെല്ലുവിളിക്കുന്നതാണ് നാം കാണുന്നത്, റോമർ 8:35-39വാക്യങ്ങളിൽ പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നു “ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്നെ ആർ വേർപിരിക്കും? ഞെരുക്കമോ? ബന്ധനമോ? പീഢയോ? പട്ടിണിയോ? നഗ്നതയോ? ആപത്തോ?വാളോ? നിന്നെപ്രതി ഞങ്ങൾ നിത്യവും മരിക്കുന്നു. അറക്കുവാനുള്ള ആടു പോലെ ഞങ്ങൾ ഗണിക്കപ്പെടുന്നു എന്നു എഴുതപ്പെട്ടിരിക്കുന്ന പോലെതന്നെ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തിരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിച്ചിരിക്കുന്നു. മരണത്തിനോ ജീവനോ ദൂതൻമാർക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു”.

യെഹസ്കേൽ പ്രവചനം മുപ്പത്തിയേഴാം അദ്ധ്യായത്തിൽ പ്രവാചകൻ കണ്ട ദർശനത്തിന്റെ നിവർത്തീകരണം തന്നെ യാണിത് , അറക്കപ്പെട്ട നിഹതൻമാരുടെ മേൽ പരിശുദ്ധാത്മാവാകുന്ന കാറ്റ് ഊതിയപ്പോൾ അവർ ശക്തരായ സൈന്യമായി മാറി.

ദൈവനാമംപ്രതി നാം അനുഭവിക്കുന്ന പീഢനങ്ങളും,കഷ്ടതയും സഹനങ്ങളും മഹത്തായ ദൈവിക പദവിയാണെന്നു വിശുദ്ധതിരുവെഴുത്തുകൾ നമുക്കു പറഞ്ഞു തരുന്നു. കർത്താവ് ഗിരിപ്രഭാഷണത്തിൽ പീഢനങ്ങൾ സ്വർഗരാജ്യത്തിന്റെ അവകാശപത്രം ഒരു വ്യക്തിക്ക് നൽകുന്നതാണന്ന് പറയുന്നു (മത്തായി 5:10) “നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാൻമാർ സ്വർഗ്ഗരാജ്യം അവർക്കുള്ളത് “. മത്തായി 10:22-ൽ കർത്താവ് ഇങ്ങനെ പറയുന്നു “എന്റെ നിമിത്തം എല്ലാവരും നിങ്ങളെ പകക്കും അവസാനത്തോളം സഹിച്ചു നിൽക്കുന്നവനോ രക്ഷിക്കപ്പെടും”. മത്തായി 24:9 ൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന് ഏൽപ്പിക്കുകയും കൊല്ലുകയും ചെയ്യും എന്റെ നിമിത്തം സകല ജാതികളും നിങ്ങളെ പകക്കും.”യോഹന്നാൻ 15:20-ൽ കർത്താവു ഇങ്ങനെ അരുളിച്ചെയ്യുന്നു “ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോട് പറഞ്ഞ വാക്ക് ഒാർപ്പിൻ അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും”.

പീഢനങ്ങൾ, പരിശുദ്ധാത്മാവ് തുണനിൽക്കുന്ന സാക്ഷ്യവേദികളും, എതിർപറവാനാകാത്ത ജ്ഞാനം നമ്മിലേക്ക് പകരുന്ന വേളകളുമാണെന്ന് ലൂക്കോസ് 21:12,15 വാക്യങ്ങളിൽ കാണുന്നു. “ഇത് എല്ലാറ്റിനും മുമ്പെ എന്റെ നാമം നിമിത്തം അവർ നിങ്ങളുടെ മേൽ കൈ വച്ച് രാജാക്കൻമാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും പള്ളികളിലും തടവുകളിലും ഏൽപ്പിക്കുകയും ചെയ്യും, അതു നിങ്ങൾക്ക് സാക്ഷ്യം പറവാൻ തരം ആകും. ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന് മനസ്സിൽ ഉറച്ചുകൊൾവീൻ. നിങ്ങളുടെ എതിരികൾക്കാർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും”. ഈ വാഗ്ദത്തം സ്തേഫാനോസിൽ നിവർത്തീകരിക്കുന്നത് നാം അപ്പോസ്തല പ്രവർത്തികൾ 6:10 ൽ കാണുന്നു “അവൻ സംസാരിച്ച ആത്മാവോടും ജ്ഞാനത്തോടും എതിർത്തു നിൽപ്പാൻ അവർക്ക് കഴിഞ്ഞില്ല”.

ഈ ആത്മീയ രഹസ്യങ്ങൾ തിരിച്ചറിഞ്ഞ പൗലൊസ് ശ്ലീഹ 2 കൊരിന്ത്യർ 12:9,10 -ൽ ഇങ്ങനെ എഴുതിയിരിക്കുന്നു “അവൻ എന്നോട് , എന്റെ കൃപ മതി നിനക്ക് – എന്റെ ശക്തി ബലഹീനതയിൽ ആകുന്നു തികഞ്ഞ് വരുന്നത് എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെ മേൽ ആവസിപ്പാനായി ഞാൻ സന്തോഷത്തോടെ എന്റെ ബലമില്ലായ്മകളിൽ പ്രശംസിക്കും. ഇതുമൂലം ക്രിസ്തുവിനു വേണ്ടിയുള്ള ബലഹീനതകളിലും, അപമാനത്തിലും,ഞെരുക്കങ്ങളിലും,പീഢകളിലും, ബന്ധനങ്ങളിലും ഞാൻ ഇഷ്ടപ്പെടുന്നു. എന്തെന്നാൽ എപ്പോഴാണോ ഞാൻ ബലഹീനനായിരിക്കുന്നത് അപ്പോഴാണ് ഞാൻ ശക്തനായി തീരുന്നത് .”

അപ്പോസ്തലപ്രവർത്തികൾ 7ാം അധ്യായത്തിൽ സ്തേഫാനോസ് കല്ലേറാൽ കൊല്ലപ്പെടുന്നതിന് മുൻപ് കാണുന്ന ഒരു ദർശനം വിവരിച്ചിരിക്കുന്നു, 56ാം വാക്യം- “ഇതാ സ്വർഗ്ഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതു ഭാഗത്തായി മനുഷ്യപുത്രൻ നിൽക്കുന്നതായും ഞാൻ കാണുന്നു.” സ്തേഫാനോസിന്റെ പേര് ദൈവത്തിന്റെ വീരൻമാരുടെ പട്ടികയിലേക്ക് ചേർക്കുന്നതിന് പിതാവിന്റെ വലതു ഭാഗത്തിരിക്കുന്ന പുത്രൻ എഴുന്നേൽക്കുന്നതായി നാം വായിക്കുന്നു. ദൈവം എഴുന്നേൽക്കുമ്പോൾ അവന്റെ ശത്രുക്കൾ ചിതറിപ്പോകുക തന്നെ ചെയ്യും എന്നും തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. ഒരു സ്തേഫാനോസിന്റെ മരണം അവിടെ അതിശക്തനായ മറ്റൊരു ശുശ്രൂഷകനെ എഴുന്നേൽപ്പിക്കുന്നത് തുടർന്നുള്ള അധ്യായങ്ങളിൽ നാം കാണുന്നു, അത് മറ്റാരുമല്ല തന്റെ ശുശ്രൂഷയാൽ ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച പൗലോസ് അപ്പോസ്തലൻ തന്നെ. ഇതേ അപ്പോസ്തലൻ ഫിലിപ്പിയർക്ക് ലേഖനം എഴുതുമ്പോൾ പങ്ക് വയ്ക്കുന്ന ഒരു വെളിപ്പാടാണ് “കഷ്ടത എന്ന വരം”1:29-“ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവനു വേണ്ടി കഷ്ടം അനുഭവിപ്പാൻ കൂടെ നിങ്ങൾക്ക് വരം നൽകിയിരിക്കുന്നു.”

മറ്റൊരു അപ്പോസ്തലനായ പത്രോസ് ശ്ലീഹ സഭയ്ക്കു നൾകുന്ന മറ്റൊരു വെളിപ്പാടാണ് “കഷ്ടത എന്ന ആയുധം”1പത്രൊസ് 4:1ൽ രേഖപ്പെടുത്തിയിരിക്കുന്നു “ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതു കൊണ്ടു നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിൻ.” സഹിക്കുന്നവർക്ക് ഒരു വാഴ്ച ഉണ്ടെന്നു വചനം നമ്മെ പഠിപ്പിക്കുന്നു. 2തിമോ 2:11 “നാം അവനോട് കൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും, സഹിക്കുന്നു എങ്കിൽ കൂടെ വാഴും.”വെളിപ്പാട് പുസ്തകത്തിൽ 3:21 ൽ ലവോദിക്യ സഭക്കുള്ള ദൂതിൽ കർത്താവ് അരുളിച്ചെയ്യുന്നു “ജയിക്കുന്നവനു ഞാൻ എന്നോട് കൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നൽകും.”അതു പോലെ തന്നെ ഒരിക്കലായി കാൽവറിയിൽ തന്റെ അങ്കി പടയാളികൾക്ക് പങ്കിടാൻ വിട്ടു കൊടുത്ത കർത്താവ്, തന്റെ അറുക്കപ്പെട്ട വിശുദ്ധരെ വെള്ളനിലയങ്കി ധരിപ്പിക്കുന്ന രാജവാഴ്ചയെ പറ്റി വെളിപ്പാട് ആറാം അധ്യായത്തിൽ നാം വായിക്കുന്നു. “ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിൻ കീഴിൽ കണ്ടു. “വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ച ദൈവം, വെള്ളനിലയങ്കി ധരിച്ച് സ്വർഗ്ഗത്തിൽ തന്നോടൊപ്പം സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ, ഭൂമിയിൽ വീരൻമാരെ അന്വേഷിക്കുന്നു!!! നാം ഒരുങ്ങിയിട്ടുണ്ടോ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.