ലേഖനം: നാം നിത്യതയ്ക്കായി ഒരുക്കമുള്ളവരോ? | ഡോ. അക്സ മനോജ്

“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;”

കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് നമ്മൾ അറിയുന്നു അതിന്റെ ലക്ഷണങ്ങൾ അനുദിനം കണ്ടുകൊണ്ട് ഇരിക്കുന്നു. ഇനി അധിക നാൾ ഇല്ല, അല്പമേ ഉള്ളു, ആ നിത്യതയോട് ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ്.

നാം ഈ ലോകത്തിൽ ജീവിക്കുന്നത് സകല സുഖങ്ങളുടെയും നടുവിലാണ്. സുഖലോലുപതയാണ് ഇന്ന് മനുഷ്യന്റെ ജീവിതത്തതിന്റെ അടിസ്ഥാനം തന്നെ. സ്വന്തം ആഗ്രഹങ്ങൾക്കു വില കല്പിക്കുന്നവർ, സ്വസ്നേഹികൾ അഥവാ ഞാനും എനിക്ക് ഉള്ളത് മാത്രം, സ്വന്തം കുടുംബം മാത്രം ചിന്തിക്കുന്നവർ, ഞാനും എന്റെ മക്കളും മാത്രം വലിയവർ ആകണം, മറ്റുള്ളവരുടെ നന്മയിൽ സന്തോഷിക്കുകയോ മറ്റുള്ളവരെ സ്നേഹിക്കുവാനും കഴിയാത്തവർ. ഇത് നിമിത്തം പലപ്പോഴും ക്രിസ്തുവിന്റെ ഭാവം നഷ്ടപ്പെടുന്നു.

“ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.”

നമുക്ക് നമ്മെത്തനെ വിചിന്തനം ചെയ്യാം നാം ധനമോഹികളോ ദ്രവ്യാഗ്രഹികളോ ആണോ. അഥവാ ധനത്തോടുള്ള അമിതമായ താല്പര്യം നമ്മെ വല്ലാതെ അലട്ടുന്നുണ്ടോ.. വിശുദ്ധ വചനത്തിൽ കാണുന്നത് ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.” പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഈ കാലത്തു മറ്റൊന്നിനും പ്രസക്തി ഇല്ല.

നാം മാതാപിതാക്കന്മാരെ അനുസരിക്കാത്തവരോ, നന്ദികെട്ടവരോ, യേശുക്രിസ്തു ഇല്ലാത്ത ജീവിതയാത്ര നയിക്കുന്നവരോ? കർത്താവിനു മുൻ സ്ഥാനം കൊടുക്കാതെ ജീവിതം മുന്നോട്ട് നീക്കുന്നുവെങ്കിൽ നമുക്ക് ഒരു മടങ്ങിവരവ് അനിവാര്യമാണ്. സൗകര്യം അല്ലെങ്കിൽ സുഖങ്ങൾ കൂടുമ്പോൾ അഹങ്കാരം മനുഷ്യനെ കീഴടക്കുന്നു. ഈ അഹന്തയിൽ ചുറ്റുമുള്ളത് എല്ലാം നിസ്സാരമാകുന്നു. എന്തിന്നു, മനുഷ്യൻ മനുഷ്യനെ തന്നെ പീഡിപ്പിക്കുന്ന കാലമായി.

ദൂഷകന്മാർ/പരിഹാസികൾ സ്വന്തം തെറ്റുകൾ മറച്ച് സമൂഹത്തിൽ മാന്യതയുടെ മുഖമൂടി അണിയുന്നു. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും, വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും, സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി, ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക”

സഹോദരങ്ങളെ, ഇനിയും ഉള്ള നാളുകൾ കർത്താവിനു വേണ്ടി ജീവിക്കുക പുറമെ ഉള്ളവൻ ക്ഷയിച്ചുപോയാലും അകമേ ഉള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കട്ടെ. ഇനിയുള്ള കാലങ്ങളിൽ നമ്മുടെ ജീവിതത്തിന് ഒരു മാറ്റം വരുത്താം. ആത്മസ്വഭാവം, ദൈവമായുള്ള അതിതീവ്രമായ ബന്ധത്തിൽ നമുക്ക് ജീവിയ്ക്കാം. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. നമ്മുടെ ലക്ഷ്യം നിത്യത ആയിരിക്കണം, ആ ലക്ഷ്യത്തിൽ നിന്ന് മാറാതെ അന്ത്യത്തോളം നമ്മുടെ കർത്താവിനു വേണ്ടി ജീവിക്കുക.

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും”

നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ദൈവം ഒരു പൊലീസ് ഓഫീസറായിരുന്നെങ്കിൽ
എത്ര തവണ നമുക്ക് പിഴയോ അല്ലെങ്കിൽ അറസ്റ്റോ ലഭിക്കുമായിരുന്നുന്നെന്ന്.
കാരണം നമ്മുടെ ജീവിതം എത്ര തവണ തെറ്റായ ദിശയിൽ പാർക്കു ചെയ്തിരിക്കാം.

ഓർക്കുക!!!! കാലം അധികമില്ല അവസാന നാളുകൾ വിദൂരമല്ല !!! നമുക്ക് നിത്യതയ്ക്കായി ഒരുങ്ങാം…

ഡോ. അക്സ മനോജ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.