ഭാവന: അഞ്ചപ്പോം രണ്ടുമീനും പിന്നെ ഞാനും I ജസ്റ്റിൻ ജോർജ്

അപ്പച്ചന്റെ പണ്ടത്തെ അനുഭവങ്ങൾ ഒന്നു പറയാമോ, കൊച്ചു മക്കൾ വഴക്കിടാൻ തുടങ്ങി, അപ്പച്ചൻ പിള്ളേരോട് കഥ പറയാൻ തുടങ്ങി..

എന്റെ വീട്ടിൽ ഞങ്ങൾ 8 മക്കളായിരുന്നു. അപ്പൻ ഭയങ്കര മദ്യപാനിയും, വെറുക്കപ്പെട്ടവനും. ആർക്കും അപ്പനെ ഇഷ്ടമല്ലായിരുന്നു. ഞങ്ങളെ വളരെയധികം ഉപദ്രവിക്കും. അമ്മയെയും മാരകമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഷ്ടതയുടെയും, പട്ടിണിയുടെയും, നിരാശയുടേയും നാളുകൾ.

അങ്ങനെയിരിക്കെ ഒരിക്കൽ അയലത്തെ അമ്മാമ്മ എന്റെ അമ്മയെ ഒരു യോഗത്തിനു കൊണ്ട് പോവുകയുണ്ടായി. സൗമ്യനും മധുര ഭാഷിയുമായ ഒരു ചെറുപ്പക്കാരൻ അവിടെ വചനപ്രഘോഷണം നടത്തി. അദ്ധേഹത്തിന്റെ വാക്കുകൾ അമ്മയെ ആശ്വസിപ്പിച്ചു ജീവിതത്തിലേക്ക് ലക്ഷ്യത്തോടെ നോക്കുവാൻ പ്രേരിപ്പിച്ചു. സമാധാനം നഷ്ട്ടപ്പെട്ട ഞങ്ങളുടെ കുടുംബത്തിലേക്ക് അവൻ കടന്നു വന്നു. അന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ സന്തോഷം ഉണ്ടായി. അപ്പൻ മദ്യപാനം ഉപേക്ഷിച്ചു. ഞങ്ങളുടെ ദാരിദ്ര്യം മാറി. ഞങ്ങൾ സന്തുഷ്ടരായി..

പിന്നീട് കേൾക്കാൻ കഴിഞ്ഞത് അദ്ദേഹം ദൈവദൂഷകൻ ആണെന്നും അവിടെ പ്രസംഗം കേൾക്കാൻ പോകരുതെന്നുമൊക്കെ സമൂഹം പറയുന്നതാണ്. അവൻ ദൈവപുത്രനാണെന്നും, രക്ഷകനാണെന്നുമൊക്കെ നുണ പറഞ്ഞു ജനങ്ങളെ വഴി തെറ്റിക്കുന്ന വ്യക്തിയാണെന്നൊക്കെയാണ് ജനസംസാരം. പള്ളിയിൽ നിന്നും പുരോഹിതന്മാരും, സെക്രട്ടറിയുമൊക്കെ വന്നു ഞങ്ങളെ ഭീഷണിപ്പെടുത്തി ഇനി അവന്റെ കൂട പോകരുതെന്നും, കള്ളങ്ങളിൽ വീഴരുതെന്നുമൊക്കെ പറഞ്ഞു. അമ്മ അതൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങളെ അവന്റെയൊപ്പം പോകുന്നതിനും, അനുഗമിക്കുന്നതിനും പ്രോത്സാഹിപ്പിച്ചു.
എനിക്ക് ആ നല്ല ഗുരുവിനെ വളരെയധികം ഇഷ്ട്ടപ്പെട്ടു.എവിടെ അദ്ദേഹം വന്നാലും ഞാൻ പോകുമായിരുന്നു. ആവേശത്തോടെ പോകും.

എനിക്കൊരു പന്ത്രണ്ടു വയസ്സുള്ളപ്പോളാണ് അവൻ ഗലീലയിൽ യോഗങ്ങൾ നടത്തുന്ന സ്ഥലത്തു ഞാൻ പോയത്. യഹൂദന്മാരുടെ പെസഹപെരുന്നാളിന്റെ സമയം. വളരെ ആൾകൂട്ടം ഉണ്ടായിരുന്നു. അവന്റെ പിന്നാലെ എല്ലാവരും കൂടി. പ്രസംഗം കേട്ടും, സൗഖ്യം പ്രാപിച്ചും, അത്ഭുതങ്ങൾ കണ്ടും ആളുകൾ കൂടി വന്നു.
ഇന്നും അതു പോലെയല്ലേ അത്ഭുതങ്ങൾ നടക്കുന്നയിടത്തു ആളുകൂടും. ജനം വരുന്നു പോകുന്നു. ആർക്കും യേശുവിനെ വേണ്ട, എല്ലാവർക്കും അത്ഭുതവും രോഗസൗഖ്യവും മതി.

അങ്ങനെ പോയിപ്പോയി ഗലീല കടലിന്റെ അക്കരെ ഞങ്ങളെത്തി. ജനം വർദ്ധിച്ചു, യേശുവിനെ ഒരു പൊട്ടുപോലെ കാണാം, എങ്കിലും ശബ്ദം ഞങ്ങൾക്ക് നന്നായി കേൾക്കാമായിരുന്നു. നിങ്ങളെപ്പോലെ പ്രസംഗം കേൾക്കുമ്പോൾ മൊബൈലിൽ കുത്തിക്കൊണ്ട് ട്രോൾ ഉണ്ടാക്കുകയും, കമന്റടിക്കുകയും ഒന്നുമില്ലായിരുന്നു, വളരെ ആകാംഷയോടെ ഞാൻ പ്രസംഗം കേൾക്കും. അവരെന്തോ പറയുന്നുണ്ട്. എല്ലാവരും വിശന്നു കറങ്ങിയിരിക്കയാണ്. പ്രസംഗം തീർന്നിട്ടില്ല. പിന്നെ വേണം എനിക്ക് വല്ലതും കഴിക്കാൻ. അമ്മ പൊതിയൊക്കെ കെട്ടിത്തന്നു വിട്ടിട്ടുണ്ട്. വല്ലപോഴുമേയുള്ളു വയറു നിറച്ചു തിന്നാൻ വല്ലതും കിട്ടുന്നത്. ആഹാരം കയ്യിലുള്ളത് കൊണ്ട് വളരെ സന്തോഷവുംകൊതിയുമൊക്കെയുണ്ട്.

അപ്പോളാണ് യേശുവിന്റെ ശബ്ദത്തിനൊരു വ്യത്യാസം. ശിഷ്യന്മാരോക്കെ കൂടെയുണ്ട്. യേശു ഫിലിപ്പോസിനോട് വേവലാതിയോടെ ചോദിക്കുന്നു ” ഇവർക്ക് തിന്മാൻ നാം എവിടെ നിന്നും വാങ്ങും” പുള്ളി ബെത്‌സയിദാ നിവാസിയാണ്, അയാൾക്ക്‌ ആ സ്ഥലത്തെ ഹോട്ടലൊക്കെ അറിയാമെന്നു കരുതിയാണ് ഗുരു ചോദിച്ചത്. പക്ഷെ
ഫിലിപ്പോസ് കർത്താവിന്റെ കൂടെ നടന്നിട്ടും അവനിൽ വിശ്വാസമില്ലാത്തോണ്ട് ഒറ്റപറച്ചിൽ, “എന്റെ കയ്യിൽ ഇരുന്നൂറുണ്ട് അതു തികയത്തില്ല, അതു കൊണ്ട് ഞാൻ തരത്തില്ല”.ചോദിച്ചത് എവിടെ കിട്ടുമെന്നാണ് എന്നാൽ പറഞ്ഞ ഉത്തരം ഇരുന്നൂറ് പണത്തിനു തികയത്തില്ലെന്നും !. ഇന്നത്തെ ചില പുള്ളികൾ ഇങ്ങനെയാണ് കയ്യിലുണ്ടായിട്ടു കൊടുക്കാതെ ഒഴിവു കഴിവുകൾ പറഞ്ഞു കർത്താവിനെ കബളിപ്പിക്കും. കർത്താവാരാ മോൻ, ഇവന്റെയൊക്കെ എല്ലാ തരികിടയും മനസ്സിലാക്കിയല്ലേ ചോദിച്ചത്. കിട്ടാതില്ലെന്നു അറിഞ്ഞോണ്ട് തന്നെ…
ഫിലിപ്പോസിനോട് ചോദിച്ചത് കേട്ടോണ്ട് നിന്നവൻ ചാടിയിറങ്ങി ജനക്കൂട്ടത്തിന്റെ ഇടയിലേക്ക്. ഇങ്ങനെയുള്ള പുള്ളികളെ നമുക്ക് ഇന്നും കാണാം ആള് കളിക്കാൻ എന്തിനും ചാടിയിറങ്ങും. കഥയൊന്നുമില്ല. ഞാൻ വല്യ സംഭവം ആണെന്നു എല്ലാർക്കും തോന്നണം.
കഴിവും വിവരവും വിവേകവും ഉള്ളവരെ ദൈവം കാര്യങ്ങൾ ഏൽപ്പിക്കുമ്പോൾ ഇടയ്ക്കൂടെ തലയിട്ടു മുന്നിൽ കേറാൻ നോക്കും. അന്ത്രയോസ് നേരെ ആളുകളുടെ ഇടയിലേക്ക് രസീത് കുറ്റിയും കൊണ്ട് പിരിവിനിറങ്ങി. അവനെ കണ്ടപ്പളെ ആളുകൾ തല കുനിച്ചു. ഒന്നും കൊടുത്തില്ല. കയ്യടി മേടിക്കാൻ ആവശ്യമില്ലാത്ത പണിക്കു പോകുന്നവനെല്ലാം ഇളിഭ്യനാകും. എന്തായാലും ഇവന്റെ ഭാവവും മോന്തായവുമൊക്കെ കണ്ട എനിക്ക് വിഷമം തോന്നി. ഞാൻ കൊതിയോടെ പ്രസംഗം തീർന്നിട്ട് തിന്നാൻ വെച്ചിരുന്നതെടുത്തു അന്ത്രയോസിന്റെ കയ്യിൽ കൊടുത്തു..എനിക്കു കുറച്ചു ദിവസം കൊണ്ട് കർത്താവിന്റെ കൂടെ നടന്നപ്പോൾ അവന്റെ ശക്തി മനസ്സിലായിട്ടുണ്ടായിരുന്നു അതു കൊണ്ട് തന്നെ എനിക്ക് തോന്നി കർത്താവിനു ഈ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് എന്തെങ്കിലും അത്ഭുതം ചെയ്യാൻ കഴിയുമെന്ന് !. അല്ലാതെ അന്ത്രയോസിന്റെ ഗ്ലാമറും വാക്കുകളും കൊണ്ടല്ല ഞാൻ കൊടുത്തത്. പക്ഷെ അന്ത്രയോസ് കരുതി തന്റെ കഴിവു കൊണ്ട് ഒപ്പിച്ചത് ആണെന്ന് അതുകൊണ്ട് രണ്ടു ഡയലോഗും കൂട്ടിച്ചേർത്തു കർത്താവിനോട് ഒറ്റപ്പറച്ചിൽ .
“എനിക്ക് അഞ്ചപ്പവും രണ്ടു മീനും ഒപ്പിക്കാൻ പറ്റി,പക്ഷെ ഇതും തികയത്തില്ല”
ആള് വല്യ ജാഡയ്ക്കാണ് പറഞ്ഞത്..
ദൈവ മക്കൾ ദൈവനാമത്തിൽ ദൈവത്തോടുള്ള സ്നേഹത്തിൽ കൊടുക്കുന്ന നന്മകൾ വാങ്ങി കീശയിൽ വെച്ചിട്ട് പാവങ്ങൾക്ക് നക്കാപ്പിച്ച കൊടുത്തു ഞങ്ങൾ ചെയ്തെന്നു ബാനറടിക്കുന്നവർക്കു ഉദാഹരണമാണ് പുള്ളി. കർത്താവു പക്ഷെ ഇവരെയാരെയും നോക്കിയില്ല. നേരെ ജനത്തെ ഇരുത്തി എന്നെയും അനുഗ്രഹിച്ചു തന്റെ പിതാവിന്റെ സന്നിധിയിൽ വാഴ്ത്തി ആ അഞ്ചപ്പവും രണ്ടു മീനും ജനങ്ങൾക്ക് കൊടുത്തു. എല്ലാവരും തിന്നു തൃപ്തിയായി എഴുന്നേറ്റു .

നേരെ ബാക്കി വന്ന പന്ത്രണ്ടു കൊട്ടയിൽ ഓരോ കൊട്ട വീതം അവിശ്വാസികളായ അന്ത്രയോസിന്റെയും, ഫീലിപ്പോസിന്റെയും തലയിൽ വെച്ചു കൊടുത്തു. പിന്നല്ല ! കർത്താവിനോടാണ് കളി..
കർത്താവിനു നന്നായറിയാം നാം എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു, നമ്മുടെ മനോഭാവം എന്താണെന്നു. ആകയാൽ ദൈവത്തോട് കളിക്കരുത്. അവൻ കളി പഠിപ്പിക്കും. യേശു കർത്താവിനെ നിർമ്മലതയോടെയും വിശുദ്ധിയുടെയും വിശ്വാസത്തോടെയും നമുക്ക് പിന്തുടരാം.

– ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.