ലേഖനം:പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ | ഡോ. ജോജി മാത്യു കാരാഴ്മ (ടൾസാ, ഒക്കലഹോമ)

പൊതുവേദികളിൽ പ്രസംഗിക്കുന്നവർ പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളുണ്ട്. ദീർഘനാളത്തെ പ്രാർത്ഥനയുടെയും തയ്യാറെടുപ്പിന്റെയും ഫലമാണ് ഒരു കൺവൻഷൻ. അത് ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കുന്നതു വളരെ ഖേദകരമാണ്.

നമ്മുടെ കൺവൻഷൻ വേദികൾ യേശുക്രിസ്തുവിനെ പ്രസംഗിക്കുവാനുള്ള വേദികളാണ്. ആ ഉദ്ദേശ്യം സാധിക്കുന്നില്ലെങ്കിൽ അധ്വാനവും പണവ്യയവും വെറുതെയാണ്. സുവിശേഷസത്യങ്ങൾ, ബൈബിൾ സന്ദേശങ്ങൾ മുഴങ്ങേണ്ടുന്ന ഇടങ്ങളാണ് കൺവൻഷൻ വേദികൾ.

വിശ്വാസികളുടെ ആത്മിക വർദ്ധനവ് മറ്റൊരു ലക്ഷ്യമാണ്. പ്രസംഗങ്ങൾ അതിനുതകണം. വിശ്വാസികളെ ഉറപ്പിക്കുവാനും പ്രായോഗിക ക്രിസ്തീയതയിൽ വളർത്തുവാനും പര്യാപ്തമാകണം സന്ദേശങ്ങൾ.

ഇന്ന് ഒരു സ്ഥലത്തു പ്രസംഗിക്കുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള കേൾവിക്കാരിലെത്തുന്നു. ഇത് ഒരു സാധ്യതയാണ്. അപ്പോൾത്തന്നെ സന്ദേശങ്ങൾ നിലവാരമില്ലാത്തതാണെങ്കിൽ ഗുണത്തിനുപകരം ദോഷമാവും ഫലം.

പെന്തകൊസ്തിനകത്തെ അനാത്മിക പ്രവണതകളിൽ അതൃപ്തിയുള്ള അനേകരുണ്ട്. അതിനെതിരെ പ്രതികരിക്കുവാൻ താല്പര്യമുള്ള അനേകർ. തങ്ങൾ പറയുവാൻ ആഗ്രഹിച്ചത് പ്രസംഗകൻ പറയുമ്പോൾ വലിയ സന്തോഷം തോന്നും. ആയതുകൊണ്ടുതന്നെ അത്തരം പ്രസംഗകർക്കു വലിയ താരമൂല്യം ലഭിച്ചു. എന്നാൽ ഇന്നത്തെ ദുഷ്പ്രവണതകൾ പൊതുവേദിയിലെ പ്രസംഗത്തിലൂടെ തിരുത്തുവാൻ കഴിയുമെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. ഇത്തരം അനാൽമികപ്രവണതകൾക്കു അറുതിവരുത്തുവാൻ കൂട്ടായ ചർച്ചകളും സഭാതലത്തിലുള്ള തീരുമാനങ്ങളും ആവശ്യമാണ്.

നിലവാരമില്ലാത്ത ഭാഷ പ്രസംഗങ്ങളിൽ ഉപയോഗിക്കുന്നത് ഖേദകരമാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ അതിനുതകുന്ന ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതു. സഹനത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് വേണ്ടത്. നിലവാരമില്ലാത്ത തമാശകൾ സുവിശേഷയോഗങ്ങൾക്കു ഒട്ടും യോജിച്ചതല്ല.

വ്യക്തിഹത്യയും വിമർശനങ്ങളും പൊതുവേദിയിൽ ഒട്ടും ആശാസ്യമല്ല. നേരിട്ടോ സഭാവേദിയിലോ പറയേണ്ടത് പൊതുവേദികളിൽ പറയുന്നത് നന്നല്ല. സംഘടനവിഷയങ്ങൾ അത്തരം വേദികളിലാണ് ചർച്ച ചെയ്യപ്പെടേണ്ടുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ ഒരു സമൂഹത്തിന്റെ അവമതിക്കു കാരണമാകും.

കുറേപ്പേരെ കുറ്റം പറയാനും താറടിച്ചു കാണിക്കാനുമല്ല കൺവൻഷൻ പ്രസംഗങ്ങൾ. പലരുടെ അധ്വാനവും ചിലവാക്കുന്ന പണവും അതിനുവേണ്ടിയല്ല. യേശുക്രിസ്തുവിനെ പ്രസംഗിക്കുവാനാണ് കൺവൻഷനുകൾ. വിശ്വാസ സമൂഹത്തിന്റെ ആത്മീക മുന്നേറ്റത്തിനും ഉണർവിനും പുനർസമർപ്പണത്തിനുമാണ് കൺവൻഷനുകൾ. സംഘാടകർക്കും പ്രസംഗകർക്കും ഈ ബോധ്യമുണ്ടാവണം.

ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാതിരിക്കാൻ പ്രാർത്ഥനയും ശ്രദ്ധയും ആവശ്യമാണ് എന്നുള്ളകാര്യത്തിൽ സംശയമില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.