ലേഖനം:ജീവിക്കുന്ന ഇതിഹാസങ്ങൾ | Rev. Dr. ജോൺ കെ മാത്യു, ഡാളസ്

എട്ടോ, ഒമ്പതോ വയസുള്ള ഒരു കൊച്ചുകുട്ടിയെ ഇന്റർവ്യൂ ചെയ്യുകയാണ്. അതു ഏതോ സിനിമയിൽ അഭിനയിച്ച കുട്ടിയാണ്.
ചോദ്യം:-, ഏട്ടനോടൊപ്പം അഭിനയിച്ചപ്പോൾ എന്ത് തോന്നി ?
മറുപടി: ” ഏട്ടനോടൊപ്പമുള്ള അഭിനയം ഒരു അനുഭൂതിയായിരുന്നു.  എനിക്ക് ആദ്യം വലിയ ഭയമായിരുന്നു.  പക്ഷെ ഏട്ടൻ എന്നെ എത്രയധികം സഹായിച്ചെന്നോ,. ഏട്ടൻ നാം വിചാരിക്കുന്നത് പോലെ ഗൗരവക്കാരനല്ല.  ഏട്ടൻ നല്ല സ്നേഹമുള്ള ആളാ. എനിക്ക് ഏട്ടനെ ഒട്ടും മറക്കാൻ കഴിയില്ല ” നന്മയുടെ ഒരു ആൾരൂപമാണ് ഏട്ടൻ എന്നു കാഴ്ചക്കാർക്ക് തോന്നും വിധം ഇതിങ്ങനെ നടന്നു കൊണ്ടേയിരിക്കും.  നിർദോഷം എന്നു തോന്നാവുന്ന ഒരു തരം മസ്തിഷ്ക പ്രക്ഷാളനം.  കൃത്യമായ ഇമേജ് സൃഷ്ടിപ്പിന്റെ ബോധപൂർവമായ ഇടപെടൽ !
ഇമേജ് സൃഷ്ടിപ്പ് ഇന്നൊരു പരസ്പര സഹായ സഹകരണ സംഘമാണ്.  ഒരു മുതല്മുടക്കുമില്ലാതെ ഇരു കക്ഷികൾക്കും ലാഭമുണ്ടാക്കുന്ന സൗജന്യ സഹായ പദ്ധതി.  ഒന്നോർത്താൽ ഇങ്ങനെയാണ് ജീവിക്കുന്ന ഇതിഹാസങ്ങൾ രൂപപ്പെടുന്നത് ! എല്ലാവരും അതികായരാണ്. പലപ്പോഴും അമാനുഷരാണ്.  ഇരട്ടച്ചങ്കുള്ളവരാണ്.  തിട്ടപ്പെടുത്താനാവാത്ത നെഞ്ചളവുള്ളവരാണ് !

ബലൂൺ നമുക്ക് ഊതി വീർപ്പിക്കാൻ കഴിയുന്നതാണ്.  എത്രത്തോളം അതു പുറമെ വലിപ്പമുള്ളതായി തോന്നുന്നുവോ അത്രത്തോളമാണ് അതിന്റെ അകത്തെ ശൂന്യത. അടുപ്പക്കാരുടെ ആശംസാ വാക്കുകളിലും, അണികളുടെ ആഴമായ ഭാഷയിലുള്ള അട്ടഹാസങ്ങളുമൊക്കെ രൂപപ്പെടുത്തിയെടുക്കുന്ന, ജീവിക്കുന്ന ഇതിഹാസങ്ങളിൽ പലരും ഈ ബലൂൺ പോലെ മാത്രമാണ്.
പക്ഷെ ഉള്ള് പൊള്ളയായ ഈ ഇതിഹാസങ്ങൾ ഒരു കാര്യത്തിൽ വിജയിച്ചിരിക്കുന്നു. സാംബ്രാണിതിരി വിൽക്കണമെങ്കിൽ വരെ സിനിമാ നടന്മാരുടെ പരസ്യം. ഇരുന്നെഴുന്നേൽക്കണമെങ്കിൽ കോടികൾ കൊടുക്കേണ്ടി വരുന്ന സിനിമ നടന്മാരുടെ പരസ്യം വേണ്ടിയിരിക്കുന്നു എന്ന ഒരു ആന്തരീക ശൂന്യതയിലേക്ക് ഒരു സമൂഹത്തെ മുഴുവൻ തരം താഴ്ത്താൻ അവർക്കു കഴിഞ്ഞിരിക്കുന്നു.
കേഴുക പ്രിയ നാടേ.

കൈവശം ഒരു സാധാരണ സെൽഫോൺ ഉണ്ടെങ്കിൽ നാം നിൽക്കുന്ന സ്ഥലത്തെയോ രാജ്യത്തെയോ മാത്രമല്ല ലോകത്തെവിടെയുമുള്ള സകല രാജ്യങ്ങളിലെയും സമയം നമുക്കറിയുവാൻ കഴിയുമെങ്കിലും, ഒരു ക്ലോക്ക് സൗജന്യമായി കിട്ടുമെന്നറിഞ്ഞാൽ ഇന്ന് ഉപഭോക്താക്കൾ ആ കടയിലേക്ക് തന്നെ പോകും. ഇഷ്ട്ടപ്പെട്ട നടി നടൻമാർ ബ്രാന്റ് അംബാസ്സിഡർമാരെങ്കിൽ ഒഴുക്ക് പിന്നെയും വർധിക്കും. കാരണം അന്വേഷിച്ചു നാം എവിടെയും പോകണ്ടതില്ല: ഉള്ളിലെ ശൂന്യത അത്ര വലുതാണ് എന്നു മാത്രം കരുതിയാൽ മതി.
അധ്വാനിച്ചു ഉണ്ടാക്കിയ സ്വന്തം പണമാണ് ” ജീവിക്കുന്ന ഇതിഹാസങ്ങൾ ” വെറുതെ വീതം വെച്ച് കൊണ്ട് പോകുന്നതെന്ന് ഈ സമൂഹത്തിൽ ഇനി ആരും വിലപിക്കുമെന്ന് തോന്നുന്നില്ല.  എന്ത്കൊണ്ടെന്നാൽ അത്രമാത്രം ബുദ്ധി പരമായ അടിമത്വം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
ഇതൊക്കെ പൊതു സമൂഹത്തിന്റെ കാഴ്ചയാണെങ്കിൽ ആത്മീയഗോളവും ഒട്ടും പിന്നിലല്ല. അവിടെയെല്ലാം ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന ഇതിഹാസങ്ങൾ രൂപപ്പെടുകയാണ്. തിരിച്ചു ചോദിക്കാനോ, തിരിഞ്ഞു ചിന്തിക്കാനോ പ്രാപ്തിയില്ലാത്ത ‘അമുൽ ബേബികൾ’ ആത്മീയ ഗോളത്തിലും വർദ്ധിക്കുന്നു.
ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തിലെക്കു മാത്രം നോക്കിയാൽ നാം ഒക്കെ എത്ര ചെറിയവർ എന്നു ബോധ്യമാകും. അമേരിക്കയുടെ ഇരുപത്തിയാറാമത് പ്രസിഡന്റ്‌ ആയിരുന്ന തിയഡോർ റൂസ്‌വെൽറ്റിനെക്കുറിച്ചു ഒരു വരി എഴുതി ഇതു അവസാനിപ്പിക്കട്ടെ. വൈറ്റ് ഹൌസിൽ ഏത് അഥിതി താമസിച്ചാലും, ആ വ്യക്തിയുമായി സന്ധ്യ സമയത്തു അദ്ദേഹം വൈറ്റ് ഹൌസിന്റെ പിൻഭാഗത്തെ വിശാലമായ പുൽത്തകിടിയുടെ ഓരത്ത് എത്തി ആകാശത്തേക്ക് നോക്കാൻ പറയുമായിരുന്നു. അനന്തമായ ആകാശത്തിൽ ചിറകു വിരിച്ചു നിൽക്കുന്ന നക്ഷത്ര സമൂഹത്തെ നോക്കി അദ്ദേഹം ഇപ്രകാരം പറയും ” നാം എത്ര ചെറിയവർ എന്നു ഒരു പ്രാവശ്യം കൂടി നമുക്കു മനസ്സിലായിരിക്കുന്നു. വരിക ഇനി നമുക്ക് കിടക്കയിലേക്ക് നീങ്ങാം”
എത്ര ധന്യമായ മാതൃക !.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.