ബിനു വടക്കഞ്ചേരിയുടെ ഉപദേശിയുടെ കിണർ എന്ന പുസ്തകത്തെ കുറിച്ചു എഴുത്തുകാരൻ സുനിൽ ബാംഗ്ലൂർ ഫേസ് ബുക്കിൽ സുഹൃത്തിന് എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു.

പ്രിയ സ്നേഹിതന്‍ ലിജുവിന്

ഇന്നു രാവിലെ തപാല്‍ വഴി ഉപദേശിയുടെ കിണര്‍ എന്ന പുസ്തകം കിട്ടി. നിനക്കറിയാമല്ലോ ബിനു വടക്കുംചേരിയെന്ന എഴുത്തുകാരനെക്കുറിച്ച്; ചിലപ്പോഴൊക്കെ നമ്മള്‍ ബിനു ബ്രദറിന്‍റെ ചില കുറിപ്പുകളെ കുറിച്ച് അതില്‍ നിന്നുയരുന്ന പ്രകാശങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് നീ മറക്കുവാനിടയില്ലല്ലോ. നമ്മുടെ സൗഹൃദ സംഭാഷണങ്ങളില്‍ ചര്‍ച്ചകളില്‍ ബിനു വടക്കുംചേരിയുടെ എഴുത്തുഭാഷയ്ക്കും ആശയങ്ങള്‍ക്കും കൂടാരങ്ങളുണ്ടായിരുന്നുവല്ലോ.

പലപ്പോഴായി ബിനു ബ്രദര്‍ എഴുതിയ ആത്മീയ വിചാരങ്ങളുടേയും കഥകളുടേയും സമന്വയമാണ് ഉപദേശിയുടെ കിണര്‍ എന്ന ഈ പുസ്തകം. തിരക്കുപിടിച്ച ഇന്നത്തെ സ്കൂള്‍ സമയത്തിനുള്ളില്‍ തന്നെ ഞാന്‍ ആ പുസ്തകം വായിച്ചു തീര്‍ന്നു. തികച്ചും ഹൃദ്യം മനോഹരം; തീര്‍ന്നു പോയല്ലോ എന്ന ഖേദവും. നമ്മള്‍ നാട്ടില്‍ ആ പാറക്കെട്ടുകള്‍ക്കിടയില്‍ പുഴയ്ക്കഭിമുഖമായി ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ പ്രതീതി. വായിച്ചു കഴിഞ്ഞപ്പോള്‍ നിന്നോട് ഇതിനെക്കുറിച്ച് പറയണമെന്ന് തോന്നി. അതിനാണ് കുറച്ചു മുന്‍പേ ഫോണ്‍ ചെയ്തത്. നിന്‍റെ തിരക്കുകള്‍ എനിക്കറിയാവുന്നതാണല്ലോ. നീ ഫോണ്‍ എടുക്കാത്തതിനാലാണ് പതിവു പോലെ എഴുതുന്നത്.

ലിജൂ, ഇതിലെ ഒരോ കുറിപ്പുകളും കാഴ്ചകളും ആഴത്തിലേക്കല്ല, സാഗരത്തിന്‍റെ വിശാലതയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. എത്രയും പെട്ടന്ന് നീ ഒരു കോപ്പി സംഘടിപ്പിക്കണം.( നാട്ടില്‍ ഉപദേശിയുടെ കിണര്‍ കിട്ടാന്‍ എളുപ്പമാണ്, കേട്ടോ) അല്ലെങ്കില്‍ ഞാന്‍ ഒരു കോപ്പി അയച്ചു തരാം.

ലിജൂ, നമ്മള്‍ പോലുമറിയാതെ, കുറേ മണിക്കൂറുകള്‍ എതോ മലമുകളില്‍ ധ്യാനനിരതനായി ഇരിക്കുന്ന ഒരു ബുദ്ധസന്ന്യാസിയെപ്പോലെയോ അല്ലെങ്കില്‍ ഏതെങ്കിലും വൈകുന്നേരങ്ങള്‍ മുത്തശ്ശിമാരുടെ മുന്‍പില്‍ കഥകേള്‍ക്കാന്‍ കൂട്ടം കൂടുന്ന കുട്ടികളുടെ ആകാംഷ പോലെയോ നമ്മള്‍ വായനയുടെ ആഴങ്ങളില്‍ കൈവിട്ടു പോകുന്നുവെന്ന സത്യമാണ് ഈ പുസ്തകത്തെ സമീപിച്ചപ്പോള്‍ ആദ്യമായി എനിക്ക് അനുഭവവേദ്യമായത്. നാം നല്‍കിയ എല്ലാ അലങ്കാരങ്ങളും കപട വേഷങ്ങളും അഴിച്ചു മാറ്റി അകമനസ്സ് യാത്ര തുടങ്ങുന്നത് നിങ്ങള്‍ ആര്‍ദ്രമായ മനസ്സോടെ കാണുമെന്നതിന് രണ്ടു പക്ഷമില്ല.

ഇതിലുള്ള ഒരോ സന്ദര്‍ഭങ്ങളേയും ചെറിയ ചിന്തകളേയും ആഴത്തില്‍ വേരോടിയ ധ്യാനാത്മകമായ ചിന്തകളേയും നിങ്ങള്‍ക്കായി എഴുതണമെന്നുണ്ട്. എന്നാല്‍ നീ ഒരു പുസ്തകം വാങ്ങി അതിലെ ഇടനാഴികളിലൂടെ കടന്നു പോകുന്നതാവും കൂടുതല്‍ ഉചിതം. സംഭാഷണങ്ങള്‍ എന്ന നിന്‍റെ പുസ്തകവുമായി ഏറെക്കുറേ സാദൃശമുള്ള രചനകളാണ് ഇതിലുള്ളത്. മനുഷ്യനെക്കുറിച്ചും അവന്‍റെ സഹജഭാവങ്ങളുടെ അതീത സ്വഭാവങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ വായിച്ചെടുക്കാന്‍ കഴിയും. ഈ പുതിയ കാലഘട്ടത്തില്‍ മൂല്യങ്ങള്‍ക്ക് വിലനല്‍കാതെ സമയത്തിനെ അതിജീവിക്കുവാന്‍ പരാക്രമം കാണിക്കുന്ന മനുഷ്യന്‍ തന്നെയാണ് ഇതിലെ കേന്ദ്രബിന്ദു. ലിജൂ, ചിലപ്പോള്‍ അതൊരു ചെറു ചിന്തയോ അല്ലെങ്കില്‍ ഭാവനയോ ആവാം. വേദശാസ്ത്രവും മന:ശാസ്ത്രവും നൂറുകണക്കിനു പേജുകളില്‍ വായിച്ചു മനസ്സിലാക്കാന്‍ പാടോടെ ഇറങ്ങുന്ന പുസ്തകങ്ങള്‍ നമ്മള്‍ കാണാറില്ലേ. എന്നാല്‍ അവയെല്ലാം അതിലളിതമായി ചെറിയ ഉപമകളിലും ചിന്തകളിലും ഭാവനകളിലും ഒളിപ്പിച്ചു വെച്ച് ബിനുബ്രദര്‍, അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വായനക്കാരെ മോഹിപ്പിക്കുകയാണ് ഈ ചെറിയ പുസ്തകത്തിലൂടെ.

ലിജൂ നിങ്ങള്‍ ജോലിത്തരക്കുകള്‍ കഴിഞ്ഞ് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ അപ്പോള്‍ സംസാരിക്കാം.

സ്നേഹം,

സുനില്‍ വര്‍ഗ്ഗീസ് ബാംഗ്ലൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.