അനുസ്മരണം: കെ.വി. പോൾ പിള്ള ആർഷഭാരതത്തിന്റെ ക്രിസ്ത്വാന്വേഷകൻ | പാ. ജോസ് സാമുവൽ

ഡോ. കെ.പി. പോൾ പിള്ളയുടെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്ന പാസ്റ്റർ. ജോസ്‌ സാമുവൽ, ന്യൂ ഡൽഹി എഴുതുന്നു…

ആർഷഭാരതത്തിന്റെ ക്രിസ്താന്വേഷകൻ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. എൺപത്തിയാറു വയസ്സായിരുന്നു. നീണ്ട നാൽപ്പത്തിയാറു വർഷത്തെ ശുശ്രൂഷാസപര്യ. ഡൽഹിയിൽ ഉള്ള ഗ്രീൻപാർക്ക്‌ എക്സ്‌റ്റെൻഷൻ V 20 യിൽ ആയിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകളിൽ ഏറെ സുവിശേഷവേലയിൽ വ്യാപൃതനായിരുന്ന ഡോ. കെ.വി. പോൾ പിള്ള നിത്യതുറമുഖത്തേക്ക്‌ യാത്രയായി.

തിരുവനന്തപുരം ജില്ലയിൽ കിളിമാന്നൂരിൽ കുഞ്ഞുകൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും സീമന്തപുത്രനായി 1932 ആഗസ്റ്റ്‌ 15 ന് ജന്മം കൊണ്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, ലോ കോളേജിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ സജീവ ഔദ്യോഗിക പ്രവർത്തകനായിരുന്നു അദ്ദേഹം. 1958 ൽ കേന്ദ്രസർക്കാർ ഉദ്ദ്യോഗസ്ഥനായി ആൻഡമാനിൽ പബ്ലിക്‌ പ്രോസിക്യൂട്ടർ പദവിയിൽ നിയമിതനായി. 1959 മാർച്ച്‌ 17 ന് ശരീരത്തിൽ ഉണ്ടായ ഒരു രോഗം ഒരു പ്രാർത്ഥനാ കൂട്ടായ്മയിൽ കൂടി സൗഖ്യം ലഭിക്കുകയും അങ്ങനെ യേശുവിനെ രക്ഷകനായി അംഗീകരിക്കുകയും ചെയ്തു.

1960 മുതൽ താൻ സുവിശേഷവേലയിൽ വ്യാപൃതനായി. സുവിശേഷവേലയോടുള്ള ബന്ധത്തിൽ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ജപ്പാൻ, ജർമ്മനി, സ്വിറ്റ്‌സർലാൻഡ്‌ തുടങ്ങി ആഗോളവ്യാപകമായി സുവിശേഷ പര്യടനങ്ങൾ നടത്തുകയും അനേകരെ ആത്മീയമായി നടത്തുകയും ചെയ്തിട്ടുണ്ട്‌.

The Fundamentals of Prayer, God’s blue print for the Family, A Man after God’s own heart, A people for His name, Elijah a lonely flame, Moses, India’s search for the Unknown Christ…  ഇത്യാദി മഹത്‌ ഗ്രന്ഥങ്ങളുടെ രചയിതാവ്‌ കൂടിയാണ്. തന്റെ സുവിശേഷ ദർശനത്താൽ ഉളവായതാണ് ഹരിയാനയിൽ ഉള്ള ഗ്രേസ്‌ ബൈബിൾ കോളേജ്‌. ആയിരക്കണക്കിന് വിദ്യാർത്ഥി സമ്പത്തുകൾ ഉള്ള ലോകത്തിന്റെ എല്ലാ ദിശയിലും തന്റെ ശിഷ്യ സമൂഹത്തെ നമുക്ക്‌ ദർശിക്കുവാൻ കഴിയും.

ഇന്ത്യൻ ഇൻ ലാൻഡ്‌ മിഷൻ പ്രസിഡന്റ്‌, ബൈബിൾ ചർച്ച്‌ ഓഫ്‌ ഇന്ത്യ അധ്യക്ഷൻ, കോഹൻ സെമിനാരി പ്രസിഡന്റ്‌, ഗ്രേസ്‌ ബൈബിൾ കോളേജ്‌ ഡയറക്ടർ, ബേഥേസ്ഥാ ചിൽഡ്രൻസ്‌ ഹോം സ്ഥാപകൻ, വിശ്വവിഖ്യാത പ്രഭാഷകൻ, തികഞ്ഞ മാതൃകാധ്യാപകൻ, അതുല്യ ക്രൈസ്തവ സംഘാടകൻ, നേതൃത്വ സാരഥി, വാഗ്മി, വേദ പണ്ഡിതൻ, ഗ്രന്ഥ കർത്താവ്‌, സ്നേഹത്തിന്റെയും സൗമ്യതയുടെയും അപ്പസ്‌തോലൻ, ആയിരക്കണക്കിന് ക്രിസ്തു ശിഷ്യരേ വാർത്തെടുത്ത മഹത്‌ ദർശനങ്ങളുടെ ആദർശപുരുഷൻ എന്നീ നിലകളിൽ ക്രൈസ്തവ ചരിത്രത്തിൽ ചിരപ്രതിഷ്ഠ ലഭിച്ച നാഴികക്കല്ലാണ് ഈ അഗ്രഗണ്യൻ.
സഹധർമ്മിണി: ആനി പിള്ള
മക്കൾ: റവ. അജയ്‌ പിള്ള, റവ. സുജയ്‌ പിള്ള, റവ. വിജയ്‌ പിള്ള, ജയ്മ ജയ്സൺ, ജസിക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.