ഭാവന: “അല്ല.. ഇതൊക്കെ കണ്ടാൽ ആരെങ്കിലും വിശ്വാസത്തിൽ വരുമോ..?” | റോജി ഇലന്തൂർ

ആണ്ടറുതിയോഗത്തിനു ഒരിക്കലും വരാത്ത ചില പുള്ളികളും അന്നു പള്ളിയിൽ വന്നു! പിന്നല്ല.. എന്നാൽ പിന്നെ ആണ്ടറുതിയോഗത്തിന് അങ്ങ്‌ പോയിക്കളയാം എന്നുള്ള വല്ല്യ പൂതികൊണ്ടൊന്നുമല്ല, പിന്നെയോ ചർച്ച്‌ ഗ്രൂപ്പ്‌ ചർച്ച അവസാനം ഒരടിയിൽ കലാശിക്കുമോ എന്നറിയാനാണ്.. സഭയിലെ രാഷ്ട്രീയമുതലാളിയും‌ കമ്മിറ്റി അംഗവുമായ അച്ചായൻ ഖദർധാരിയായി എല്ലാത്തിനും മുൻപിലുണ്ട്‌. പക്ഷേ.. എല്ലാവരും കാത്തിരുന്നതുപോലെ ഒരടി അന്നവിടെ നടന്നില്ല!

ആണ്ടറുതി എന്നു പറഞ്ഞാൽ ആണ്ടറുതി.. അല്ലാതിവിടെ അടിപിടി ഒന്നുമില്ല. പിന്നെ, കമ്മിറ്റി കൂടുമ്പോൾ വല്ലോം ചെറുതായിട്ട് ഒരു കശപിശ.. അത്രേ ഉള്ളൂ.. അതും ഒരു കർത്തൃമേശ വച്ചോ അല്ലെങ്കിൽ ഒരു ഉപവാസപ്രാർത്ഥന ക്രമീകരിച്ചോ അങ്ങ്‌ നിരപ്പിക്കും‌.. അത്രതന്നെ! അതുപിന്നെ ഇവിടെ മാത്രമൊന്നുമല്ലല്ലൊ.. എല്ലാടവും ഒള്ളതല്ലിയോ..? കേട്ടാൽ തോന്നും നമ്മുടെ സഭയിലെ ഇതൊക്കെ ഉള്ളെന്ന്, ഒന്നു പോന്നേ.. കള്ളം പറയാതെ.. പിന്നെ ഇപ്പോൾ ഈ സഭയിലെ വിഷയങ്ങൾ പിന്നെയും സഹിക്കാം.. ഇപ്പൊ ഈ.. എന്തോന്നാ ആ സാധനത്തിന്റെ പേരു..? ആ.. ഫേസ്ബുക്കോ.. ആ അതിനാത്തൂടെ ഒക്കെയില്ലിയോ.. എന്തൊക്കെയാ ഈ പിള്ളേരും മറ്റും.. അതും ദൈവദാസന്മാരുടെ മക്കളും മറ്റും ചില ഗ്രൂപ്പുകളിൽ.. ജാതികൾ പറയാൻ അറയ്ക്കുന്നതും മടിക്കുന്നതും ആയ കാര്യങ്ങൾ, അതും പരസ്യമായിട്ട്‌.. ഹൊ! ആരേലും കാണുമെന്നോ കേൾക്കുമെന്നോ വല്ല വിചാരവും ഉണ്ടോ ഇവറ്റകൾക്ക്‌..? എവിടെ..? ഒരു വിശുദ്ധൻ മറ്റൊരു വിശുദ്ധനെ കുറ്റം പറയുന്നതു കൊണ്ട്‌ അതിനൊരു ‘വിശുദ്ധപരിവേഷം’ കിട്ടുമാരിക്കും ഇല്ലിയോ..? അല്ല, ഒരാൾ ഇനി പത്ത്‌ പേരുടെ കുറ്റം പറഞ്ഞാൽ പറയുന്ന ആൾ വിശുദ്ധനാകുമോ എന്തോ..? ഒരുപിടിയുമില്ല.

എന്തായാലും കൊള്ളാം.. ആണ്ടറുതി വേഗത്തിൽ കഴിഞ്ഞു. പതിവ്‌ പോലെ എല്ലാരും ചില പുതിയ തീരുമാനങ്ങളൊക്കെ എടുത്തു. രാഷ്ട്രീയമുതലാളിയായ കമ്മിറ്റി അംഗത്തിന്റത്‌ ആയിരുന്നു അതിലൊരു പ്രധാന തീരുമാനം, “സഭാകമ്മിറ്റിയിൽ ഇനി ഞാനായിട്ട്‌ കസേരയേറും അടിപിടിയും ഉണ്ടാക്കത്തില്ല” എന്നുള്ളതായിരുന്നു. ഇനി ഒരു പാർലമന്റ്‌ ഇലക്ഷനോ മറ്റോ നിൽക്കാനാണൊ ഇതുവഴി പദ്ധതിയെന്ന് ശത്രുപക്ഷം ചെവിയിൽ മന്ത്രിച്ചുചിരിച്ചു.

ഒരു രണ്ടാഴ്ച കഴിഞ്ഞു കാണും..

ജനറൽ കൺവൻഷനിൽ പങ്കെടുക്കാനായി ചാക്കോച്ചനും ചിന്നമ്മയും കഴിഞ്ഞ വർഷത്തെ പോലൊരു പോക്ക്‌ പോയി. കഴിഞ്ഞ വർഷം ‘ദൈവത്തിന്റെ വിലയേറിയ ദാസൻ..’ കേട്ട്‌ ചാക്കോച്ചൻ ഇറങ്ങിപ്പോയ അതേ വേദി! കൺവൻഷനു വണ്ടി പാർക്ക്‌ ചെയ്യാൻ ഒത്തിരി തപ്പിയിട്ടാണ് ചാക്കോച്ചന് ഒരിത്തിരി സ്ഥലം കിട്ടിയത്‌. അതും ആ പെട്രോൾ പമ്പിന്റെ പുറകിൽ ഉള്ള വീട്ടുമുറ്റത്ത്‌. വണ്ടി പാർക്ക്‌ ചെയ്ത്‌ വന്നതും അവിടെ അതാ ചിലർ ‘സ്ത്രീവേഷം കെട്ടിയെന്നും പറഞ്ഞ്‌’ ഒരുവനെ പിടികൂടിയിരിക്കുന്നു. പിടി കൂടിയതുമല്ല ലൈവും വീഡിയോയും ഒക്കെയായി ‘വിശുദ്ധന്മാർ’ അത്‌ ആഘോഷിക്കയാണ്. ചാക്കോച്ചൻ നോക്കുമ്പോൾ കൺവൻഷൻ ദൂത്‌ കേൾക്കാനുള്ള ജനത്തേക്കാൾ ‘സ്ത്രീവേഷം’ കാണാനായിട്ട്‌ ആളുകൾ തടിച്ചുകൂടിയിരിക്കുന്നു. ചാക്കോച്ചനും ചിന്നമ്മയും പിന്നെ അവിടെ അധികം നിന്നില്ല, കാരണം രാഷ്ട്രീയനേതാക്കന്മാരും മതമേലാളന്മാരും വേദിയിൽ ഘോരഘോരം ഉച്ചൈസ്തരം പ്രസംഗിക്കുമ്പോൾ ജനം സ്ത്രീവേഷധാരിക്കു പിന്നാലെ! പുതുവിശ്വാസിയായ നമ്മുടെ ചാക്കോച്ചായനും ചിന്നമ്മയ്‌ക്കും ഇതൊക്കെ കണ്ട്‌ ഒരു പുച്ഛം തോന്നി. പണ്ടത്തെ ചാക്കോച്ചൻ ആരുന്നെങ്കിൽ ഇപ്പോൾ വണ്ടി സ്റ്റാർട്ട്‌ ആക്കി വീട്ടിലോട്ട്‌ പറന്നേനേം..

എന്തായാലും കൊള്ളാം.. അങ്ങനെ കൺവൻഷൻ ഒക്കെ കഴിഞ്ഞ്‌ തിരികെ വരുമ്പോഴും ചാക്കോച്ചന്റെയും ചിന്നമ്മയുടെയും മനസ്സിൽ നിന്ന് ‘സ്ത്രീവേഷധാരി’യായ ആ മനുഷ്യന്റെ ‌‌മുഖം മായുന്നില്ല.

“എന്നാലും അച്ചായാ, നമ്മുടെ ഈ കൺവൻഷൻ സ്ഥലത്ത്‌ ഇതൊന്നും സംഭവിക്കരുതായിരുന്നു.. ആ പാവം മനുഷ്യനോട്‌ ഇങ്ങനെ ഒന്നും അവർ ചെയ്തുകൂടാരുന്നു..”
ചിന്നമ്മയാണ് തുടക്കമിട്ടത്‌.

“ആ മനുഷ്യനോടെന്നല്ല ഒരു മനുഷ്യനോടും ഈ കാടത്തം പാടില്ലായിരുന്നു, തന്നെയുമല്ല ആ മനുഷ്യൻ ഒരു മാനസികാസ്വാസ്ഥ്യം ഉള്ള വ്യക്തി ആയിരുന്നെന്നുമാണ് പോലീസും പറഞ്ഞ സ്ഥിതിക്ക്‌‌. അല്ലേൽ പിന്നെ സ്ത്രീവേഷം കെട്ടി ബുദ്ധിയുള്ള ആരെങ്കിലും അവിടെ വരുമോ.. അതും ഇത്രയും ജനമധ്യത്തിൽ..? ഇതൊന്നും ഇവരീ ചിന്തിക്കാത്തതെന്താ..? ചാക്കോച്ചാൻ രക്ഷിക്കപ്പെട്ടതല്ലാരുന്നെങ്കിലും പണ്ടും മനസ്സാക്ഷി ഉള്ളവനായിരുന്നു, ആ മനസ്സാക്ഷി പോലും ഇക്കൂട്ടർക്ക്‌ ഇല്ലല്ലോ എന്ന് ചിന്നമ്മ പോലും ഇതു കേട്ടപ്പോൾ ചിന്തിച്ചുപോയി.

“അല്ല, അവിടെ ചിലർ ‘സ്ത്രീവേഷം’ കെട്ടിയില്ലെന്നല്ലേ ഉള്ളൂ.. വേഷംകെട്ട്‌ പലവിധം നമ്മൾ കഴിഞ്ഞ വർഷങ്ങളിൽ കണ്ടതല്ലിയോ..? അല്ല, അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേക വികാരം ഈ മനുഷ്യനോട്‌ തോന്നിയതെന്താണെന്നാ എനിക്ക്‌ മനസ്സിലാകാത്തത്‌..”
ചിന്നമ്മ സംശയത്തോടെ ചോദിച്ചു.

“വല്യവല്യ ആൾക്കാരെ തൊടാൻ തക്ക ധൈര്യമൊന്നും ഇപ്പറയുന്ന ആർക്കും ഇല്ലടീ ചിന്നമ്മേ.. സ്ഥാനവും പദവിയും കൂടുംതോറും ജനം അവരെ ഭയക്കുന്നു എന്നതാണ് സത്യം, ആരും ചോദിക്കാനും പറയാനും ഇല്ലാത്തവനെ വായിൽ വരുന്നതെന്തും പറയാനും കൈയേറ്റം ചെയ്യാനും വീഡിയോ ഇടാനും അപഹാസ്യനാക്കാനും നമ്മുടെ ആൾക്കാരുടെ ആ മിടുക്കുണ്ടല്ലൊ.. ഹൊ.. ഒന്നും പറയണ്ട!”
ചാക്കോച്ചൻ കൂട്ടി ചേർത്തു. ചാക്കോച്ചൻ ‘വിശ്വാസത്തിൽ’ വന്നിട്ട്‌‌ അധികം ആയില്ലെങ്കിലും ചില ഉള്ളുകള്ളികൾ ഒക്കെ പിടിച്ചെടുത്ത മട്ടാണ് സംസാരം കേട്ടിട്ട്.. ചിന്നമ്മ ചിന്തിച്ചു‌.

“അല്ല, ഇതൊക്കെ കണ്ടാൽ ആരെങ്കിലും പുതുതായി വിശ്വാസത്തിൽ വരുമോ..?”
ചിന്നമ്മയുടെ സംശയം പിന്നെയും ബാക്കിയായി, എന്നാൽ ചാക്കോച്ചനോടൊട്ട്‌ പറഞ്ഞതും ഇല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.