ഷെറിൻ മോളെ, നീ ഞങ്ങൾക്ക്‌ പ്രിയപ്പെട്ടവളായിരുന്നു!! | പ്രിയ വെസ്ലി, ഡാളസ്

വ്യക്തിപരമായി എന്റെ ആരുമല്ല ഷെറിൻ മാത്യൂസ്‌ എന്ന കൊല്ലപ്പെട്ട കുഞ്ഞ്‌. പക്ഷേ, അവൾ എല്ലാവരുടെയും ഹൃദയമാണു പറിച്ചുകൊണ്ടുപോയിരിക്കുന്നത്‌!

അനാഥയായി ജനിച്ച്‌ ഒരിക്കൽ പുറത്തെറിയപ്പെട്ട ആ കുഞ്ഞിനു സഹൃദയരായ ദത്തുമാതാപിതാക്കളുടെ നറുക്ക്‌ വീണപ്പോൾ എല്ലാവരും കരുതിക്കാണും അവൾ എത്ര ഭാഗ്യവതിയാണെന്ന്! ഏറ്റവും സമ്പന്നരാജ്യത്ത്‌ രാജകുമാരിയെപ്പോലെ കഴിയണ്ടവൾ! ആ കുഞ്ഞിനെ ആ മാതാപിതാക്കൾ സ്നേഹിച്ചിരുന്നില്ല എന്ന് കരുതാൻ കഴിയില്ല. ശിക്ഷണനടപടികൾ ചിലപ്പോഴൊക്കെ അതിരുവിട്ടിരുന്നിരിക്കാം. ഷെറിന്മോൾ എല്ലാ പടങ്ങളിലും വീഡിയോകളിലുമൊക്കെ അതീവ സന്തോഷവതിയായിട്ടാണു കാണപ്പെട്ടത്‌.

ഈ കുഞ്ഞിനോടുള്ള ബന്ധത്തിലല്ലാതെ ഈ ദമ്പതികളെക്കുറിച്ച്‌ എല്ലാവർക്കും നല്ലതുമാത്രമേ പറയാനുള്ളു. പിന്നെ, എന്താണു സംഭവിച്ചത്‌? നമുക്കാർക്കും അറിയില്ല എന്താണു സത്യമെന്ന്…

ആർക്കും കരുണ തോന്നാഞ്ഞപ്പോൾ ഈ കുഞ്ഞിനെ എടുത്തു വളർത്താൻ അവർക്ക്‌ മനസ്സുണ്ടായി. ധാരാളം പണം ചിലവ്‌ ചെയ്തു. ഈ കുഞ്ഞിനുവേണ്ടി ചെയ്തതെല്ലാം ഒറ്റനിമിഷംകൊണ്ട്‌ ഒരു ചീട്ടുകൊട്ടാരം പോയപോലെ തച്ചുടഞ്ഞുപോയി… എവിടെയാണു പിഴവ്‌ പറ്റിയത്‌? തുടക്കത്തേക്കാൾ ഒടുക്കം നന്നാവാൻ സാധിച്ചില്ല.

മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവത്തിനാണു കഴിഞ്ഞ ദിവസങ്ങളിൽ സണ്ണിങ്ങ്ഡേൽ സാക്ഷ്യം വഹിച്ചത്‌! ഏതൊരമ്മയും പ്രായഭേദമെന്യേ സ്വന്തം കുഞ്ഞിനെ ഒരുനിമിഷത്തേക്കെങ്കിലും മാറോടണക്കുന്ന നെടുവീർപ്പുകളുടെ നിമിഷങ്ങൾ!! എന്നിട്ടും ദുരൂഹതകൾ ബാക്കി! ഈ കുഞ്ഞുമാലാഖക്ക്‌ ഒരു നല്ല ഗുഡ്‌ ബൈ പോലും ഈ ലോകത്തിൽ കിട്ടുമോ എന്നറിയില്ല…
കരുതിക്കൂട്ടി ചെയ്യുവാൻ യാതൊരു ന്യായവുമില്ല. ഒരുപക്ഷേ, ഒരു കയ്യബദ്ധം പറ്റിയതാവാം. പക്ഷേ, അതു അംഗീകരിക്കുന്നതിനുപകരം ആ കുഞ്ഞിന്റെ ജീവനറ്റ ശരീരം മറവ്‌ ചെയ്യാൻ ശ്രമിച്ചത്‌ തികച്ചും മഠയത്തരവും അതിനീചവുമായിപ്പോയി. കാരണം, എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കമായി ചിരിക്കാൻ മാത്രമറിയാവുന്ന, പോരാത്തതിനു നല്ല ആരോഗ്യമില്ലാതിരുന്ന ബലഹീനയായ ഒരു പെൺകുഞ്ഞായിരുന്നു അവൾ.

അവൾ ആ ചേച്ചിക്കുട്ടിയുടെ വിരൽത്തുമ്പിൽ പലപ്പോഴും ആശ്വാസം കണ്ടിട്ടില്ലേ? മമ്മീ, പപ്പാ , അപ്പച്ചാ, അമ്മച്ചീ എന്നൊക്കെ വിളിച്ച്‌ അവരുടെയൊക്കെ അടുക്കലേക്ക്‌ ഓടിയെത്തിയിട്ടുണ്ടാവില്ലേ പലവട്ടം? വീണപ്പോൾ പൊടിതട്ടി കൊടുത്തിട്ടുണ്ടാവില്ലേ? പാലുകുടിപ്പിച്ചും ചോറു കഴിപ്പിച്ചും അവൾടെ തൂക്കം കൂടുന്നുണ്ടോ എന്ന് അവരും ആശങ്കപ്പെട്ടിട്ടില്ലേ?

എന്തുതന്നെയായിരുന്നാലും ഈ സംഭവം ലോകജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണങ്ങൾ പലതാണു. അനാഥയായിരുന്നതും അൽപ്പം വളർച്ചവൈകല്യങ്ങളുണ്ടായിരുന്നു എന്നതും പലപ്പോഴും ശാരീരിക പീഡനങ്ങളേറ്റിട്ടുണ്ടായിരുന്നു എന്നതും അവയിൽ ചിലതുമാത്രം. ഇത്രയും ദുരൂഹത നിറഞ്ഞ മരണത്തിനു ശേഷവും യാതൊരു മാനസിക വൈകല്യങ്ങളുമില്ലാത്ത മാതാപിതാക്കൾ കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ടെടുത്തിട്ടും മൗനം പാലിച്ചതും ഈ സംഭവത്തെ വേറിട്ടുനിർത്തുന്ന പ്രത്യേകതകളാണു. ഇനിയുമാരൊക്കെ ഇതിൽ പ്രതികളാണെന്നറിയില്ല.

ഈ കുഞ്ഞിന്റെ വേർപ്പാട്‌ ജാതിക്കും ഭാഷക്കും മതത്തിനും സംസ്ക്കാരത്തിനുമൊക്കെ അതീതമായി മനുഷ്യ മനസ്സാക്ഷികളെ പിടിച്ചുലച്ചിരിക്കുകയാണ്. കാരണമെന്തുമായിക്കൊള്ളട്ടെ, കൊന്നതാരുമാവട്ടെ, ഈ മാലാഖക്കുഞ്ഞിനു നീതി ലഭിക്കണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഈ വിഷയത്തിന്റെ പേരിൽ പലരും ഗ്രൂപ്പുകളുണ്ടാക്കുകയും നിലവിലുള്ള ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം കരിവാരിത്തേക്കുകയുമൊക്കെ ചെയ്യുന്നത്‌ കാണുവാനിടയായി. സഭകളുടെയും മതങ്ങളുടെയും രാജ്യങ്ങളുടെയോപോലും വേലിക്കെട്ടിനകത്തുനിന്നു ചിന്തിക്കാതെ ഒരു മാനുഷിക പരിഗണനയുടെ പേരിൽ ചിന്തിക്കാം. കൊലപാതകം ചെയ്തിട്ടും യഥാർഥ കുറ്റവാളി ശിക്ഷിക്കപ്പെടാതെ പോയാലോ നിരപരാധി ശിക്ഷിക്കപ്പെട്ടാലോ അതു വേദനാജനകമാണ്. മനസ്സാക്ഷി മരവിച്ചുവെങ്കിൽ കുറ്റബോധം ഉണ്ടാകുകയുമില്ല. അഭിപ്രായങ്ങൾ പറയാം വികാരപ്രകടനങ്ങൾ ഒരുപരിധിവരെ പ്രകടിപ്പിക്കാം. പക്ഷേ, വിധിക്കുന്നത്‌ നമ്മളാരുമല്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള അവസരങ്ങളിൽ കഴിവതും സംയമനം പാലിക്കുവാൻ ഞാനുൾപ്പെടെയുള്ള നമ്മുടെ സമൂഹത്തിനു കഴിയട്ടെ.

ഷെറിന്റെ മൂത്ത സഹോദരിയും ഒരുതെറ്റും ചെയ്യാത്ത സ്ഥിതിക്ക്‌ ആ കുഞ്ഞിന്റെ മനസ്സിനേറ്റ മുറിവിൽനിന്നും പരിപൂർണ്ണമായ ഒരു വിടുതൽ ലഭിക്കുവാനും നമുക്ക്‌ പ്രാർത്ഥിക്കാം.

സങ്കടങ്ങളോ വേദനകളോ പീഡനങ്ങളോ ഒന്നുമില്ലാത്തിടത്തേക്ക്‌ ഷെറിൻ മോൾ എന്നെന്നേക്കുമായി വിടവാങ്ങിക്കഴിഞ്ഞു!!

ഇത്രയും ഇളം പ്രായത്തിൽത്തന്നേ ജീവിച്ചുമതിയാവാതെ ഈ ലോകത്തുനിന്നും പറന്നുപോകണ്ടിവന്ന ഷെറിൻ മാത്യൂസ്‌ എന്ന പൂമ്പാറ്റയെ ഈ ലോകം മുഴുവൻ നെഞ്ചിലേറ്റിയെങ്കിൽ ഒരു തെറ്റും ചെയ്യാത്ത ഈ കുഞ്ഞുമനസ്സിനെ സ്വർഗ്ഗത്തിലെ മാലാഖമാർ എത്രയധികം വരവേൽക്കും?

– പ്രിയ വെസ്ലി

-ADVERTISEMENT-

-ADVERTISEMENT-

You might also like