പാക്കിസ്ഥാനിലെ ക്രൈസ്തവ വിദ്യാര്‍ത്ഥിയുടെ മരണം: നീതി തേടി മാതാപിതാക്കള്‍

ലാഹോര്‍: ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം രൂക്ഷമായ പാക്കിസ്ഥാനില്‍ സഹപാഠികൾ ചേർന്ന് ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തിയ ക്രിസ്ത്യൻ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നീതിയ്ക്കായി അലയുന്നു. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ, വെഹാരി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഏലിയാവ് മസിയുടെ മകന്‍ ഷാരൂണ്‍ മസി (17) യെയാണ് മതത്തിന്റെ പേരിലുള്ള വിവേചനം കാണിച്ചുകൊണ്ട് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയത്.

post watermark60x60

കേസില്‍ അക്രമികളായ കുട്ടികള പോലീസ് കസ്റ്റഡിയിലടുത്തെങ്കിലും മുന്‍പോട്ട് കാര്യമായ നടപടി ഉണ്ടായിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തന്റെ മകനു നീതി നല്‍കണമെന്ന യാചനയോടെ ഷാരൂണ്‍ മസിയുടെ മാതാപിതാക്കള്‍ ഉന്നതഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുന്നത്. മികച്ച പഠന നിലവാരം പുലര്‍ത്തി വന്ന ഷാരൂണ്‍ ഉന്നത പഠനത്തിനായാണ് വെഹാരിയിലെ എം.സി. മോഡല്‍ ബോയ്സ് ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നത്.

ക്ലാസ്സിലെ ഏക ക്രിസ്ത്യാനിയായിരുന്ന ഷാരൂണിനെ തങ്ങള്‍ക്കൊപ്പം ഇരുന്നു പഠിക്കുവാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു ഇസ്ലാം മതസ്ഥരായ കുട്ടികള്‍ സംഘം ചേര്‍ന്നു അപമാനിക്കുകയും, കളിയാക്കുകയും ചെയ്യുക പതിവായിരുന്നു. അധികം വൈകാതെ ചില കുട്ടികള്‍ സംഘം ചേര്‍ന്ന് ഷാരൂണിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമം കണ്ടിട്ടും പ്രതികരിക്കാതെ മാറിനിന്ന അദ്ധ്യാപകന്‍റെ നിസംഗത ഷാരൂണിന്‍റെ മരണം വേഗത്തിലാക്കി. അതേസമയം ശക്തമായ അസഹിഷ്ണുതയുടെ പര്യമായി നടന്ന സംഭവത്തെ വിഷയത്തില്‍ നിന്നും വേര്‍തിരിച്ചു വിടാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Download Our Android App | iOS App

മത വിദ്വേഷത്തിന്റെ പേരിലല്ല കൊലപാതകം നടന്നതെന്നും കൊലപാതകിയുടെ ഫോണിന്റെ ഗ്ലാസ് ഷാരൂൺ പൊട്ടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ ഇപ്പോഴത്തെ ഭാഷ്യം. സംഭവത്തെത്തുടര്‍ന്നു ബ്രിട്ടീഷ്-പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഷാരൂണിന്റെ കുടുംബത്തിനുവേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിന്നു. സംഘടനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നിയമ നടപടികള്‍ നടക്കുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇസ്ളാമിക രാജ്യമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ കടുത്ത ആക്രമങ്ങളാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. കേസില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പോലും ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് രാജ്യത്തു കണ്ടുവരുന്നത്. പാക്കിസ്ഥാനിൽ രണ്ട് ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്.

-ADVERTISEMENT-

You might also like