ചെറുചിന്ത: ബന്ധങ്ങൾ എവിടെ തുടങ്ങുന്നു? | ബ്ലസ്സൻ ചെറിയനാട്

രചനയിൽ ഇരിക്കുന്ന മാറാത്ത സഖി എന്ന പുസ്‌തകത്തിൽ നിന്നും

“ഒന്നായി അധ്വാനിക്കുന്ന ഇരുമിഴികളും കാതുകളും സുഷിരദ്വയങ്ങൾ ചേർന്ന നാസികയും, കരങ്ങൾ രണ്ടും, മുന്പിലെത്തിക്കാൻ ഒന്നിച്ചു ചലിക്കുന്ന പാദങ്ങളും എല്ലാം ആ ബന്ധത്തിന്റെ സംഭാവനയാണ്….”

ല്ലാ ജീവനുകളും ബന്ധങ്ങളിൽ ഉരുവാകുന്നു. ജീവദാനം ഉണ്ടാകുന്നതു തന്നെ ഗര്ഭാപാത്രത്തിലേക്കു ബന്ധം തേടിയെത്തുന്ന ബീജാണുവിന്റെ പ്രയാണത്തിൽ നിന്നാണ്. അതിനെ കാത്തിരിക്കുന്ന മാതൃകോശവും ബന്ധം ആഗ്രഹിക്കുന്നു. ആ സ്വീകാര്യതയും സ്വീകാര്യതയിലേക്കുള്ള പ്രയാണവും സാധിതവേഗം ബന്ധം എന്ന ലക്‌ഷ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. അത് സാധ്യമാകാതെ വന്നാൽ അനിവാര്യമായ മരണം ഉടനെ വരിക്കേണ്ടി വരുമെന്ന് ആ മാതൃത്വംശവും തിരിച്ചറിയുന്നുണ്ട്.

ഇതിൽ ഏതിനാണ് ജീവനുള്ളത്. രണ്ടും ജീവനുള്ളതാണ് പക്ഷെ അപൂർണ്ണമാണ്‌ ആ ജീവൻ താനും. എന്നാൽ ആ അപൂർണ്ണതയിൽ നിന്നും പൂർണ്ണത കൈവരിക്കാൻ അതിനു വേണ്ടത് സ്വീകാര്യതയുള്ള ഒരു ബന്ധമാണ്. അഥവാ ആ സ്വീകര്യതയുള്ള ബന്ധം ജീവന് നിലനിൽപ്പിന്റെ സമസ്യയാകുന്നു. അത് പൂർത്തീകൃതമായാൽ ഒരു ഏകാകി നിർമിതനാകും. ഒന്നായി അധ്വാനിക്കുന്ന ഇരുമിഴികളും കാതുകളും സുഷിരദ്വയങ്ങൾ ചേർന്ന നാസികയും, കരങ്ങൾ രണ്ടും, മുന്പിലെത്തിക്കാൻ ഒന്നിച്ചു ചലിക്കുന്ന പാദങ്ങളും എല്ലാം ആ ബന്ധത്തിന്റെ സംഭാവനയാണ്. പരസ്പര ബന്ധങ്ങൾകൊണ്ട് മാത്രം പൂർണതയിൽ എത്തുന്ന സങ്കീര്ണതളുടെ വ്യാഖ്യാനമായി മാറുന്നു ഈ പ്രാണധാരിയായ സംഘടിതവ്യവസ്ഥയെന്ന ഗാത്രം. അവിടെ നിന്ന് ഉല്പാദിതനാകുന്നു ബന്ധങ്ങൾ തേടി യാത്രതുടങ്ങുന്ന ഒരു ഏകാന്ത പ്രയാണി.

മാതൃത്വത്തിന്റെ സൗജന്യം പൊക്കിൾ കോടി എന്ന ബാന്ധവത്തിൽകൂടി വാങ്ങി തുടങ്ങിയ ഭ്രൂണം നിലനിൽപ്പിന്റെ സ്വാശ്രയത്വം തേടി വളരാൻ തുടങ്ങുന്നു. ചലനാത്മകമായ ശാരീരിക സ്ഥിതികൾ എത്തുമ്പോഴേക്കും ഗർഭപാത്രത്തിന്റെ അതിരുകൾക്കു പുറത്തുള്ള ലോകത്തിന്റെ സ്വാതന്ത്ര്യങ്ങളിൽ എത്തുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ബാഹ്യലോകത്തിന്റെ സ്വേച്ഛയെ പുല്കുമ്പോഴും നവാഗതൻ പഴമയുടെ കഥനം തിരയുന്നു. അത് ജനനിയുടെ തപോഗുണത്തിൽ പ്രാപ്യമാകുന്ന ഭദ്രതയാണ്. അറ്റുപോയ ബന്ധത്തിലും വിട്ടുമാറാതെയും അകന്നു പോകാതെയും ചേർത്ത് നിർത്തുന്നത് തായതനുജ ബന്ധം തന്നെയാണ്. മാതാവിന് അലപം അകന്നു നില്ക്കാൻ കഴിഞ്ഞാലും അജ്ഞതയുടെ ആ നൈതലീയ കാലം തിരയുന്നത് വിശ്വാസ്യതയുള്ള സ്വജനയത്രി തന്നെ. പുതിയത് ലഭിക്കും വരെ ശൈശവത്തിനു സുരക്ഷിതമായി തോന്നുന്നത് മുമ്പുളളത് തന്നെ.

– ബ്ലസ്സൻ ചെറിയനാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply