കവിത: സത്യസാക്ഷികള്‍

ഷീന ടോമി

ഈയാമ്പാറ്റകള്‍ തന്‍ കര്‍മ്മകാണ്ടത്തിന്‍
ബാക്കിപത്രങ്ങളായ് ലോകം എണ്ണിയോര്‍
പുല്‍നാമ്പിന്‍ വില പോലും ജീവനായ് ഏകാതെ
താന്‍ വിശ്വസിക്കും മാര്‍ഗ്ഗത്തിനായ്‌ ഉയിരേകി
രക്തപുഷ്പങ്ങള്‍ മണ്ണില്‍ ചൊരിഞ്ഞവര്‍..
രക്തം തിളപ്പിക്കും ധീരസഹോദരര്‍..
സത്യസാക്ഷികള്‍…നിര്‍മ്മലവീരപോരാളികള്‍…

അത്യുന്നതചിന്താസരണികള്‍ ധരയില്‍
ഊട്ടി ഉറപ്പിച്ചവര്‍…
മര്‍ത്ത്യമാനസങ്ങളെ ധരണിയില്‍
ഉത്കൃഷ്ട വിളനിലങ്ങളാക്കി മാറ്റിയോര്‍
നീതിയും ന്യായവും
വറ്റാത്ത തോടുപോല്‍ ഒഴുക്കിയോര്‍ …

കരയില്‍ എന്നപോല്‍ ചെങ്കടല്‍ കടന്നവര്‍..
കഷ്ടത തന്‍ കയ്പുനീര്‍ കുടിച്ചവര്‍..
കരളുറപ്പിനാല്‍ രാജ്യങ്ങളെ അടക്കിയോര്‍..
വിശ്വാസത്താല്‍ വാഗ്ദത്തം പ്രാപിച്ചവര്‍..
വാളിന്റെ വായ്ക്കു തെറ്റിയവര്‍..
സിംഹങ്ങള്‍ തന്‍ വായടച്ചവര്‍..
തീയുടെ ബലം കെടുത്തവര്‍..

ബലഹീനതയില്‍ ശക്തി പ്രാപിച്ചവര്‍..
ശ്രേഷ്ടമാം ഉയിര്‍ത്തെഴുന്നെല്‍പ്പ് ഒന്നതിനായ്
ഉദ്ധാരണം വെടിഞ്ഞ് ഭേദ്യം ഏറ്റവര്‍…
പരിഹാസം,ചമ്മട്ടി,ചങ്ങല,
തടവ്‌, കല്ലേറ് ഏറ്റവര്‍…
യുദ്ധത്തില്‍ വീരന്മാര്‍…
മൃത്യുവെ വെന്ന ധീരന്മാര്‍…

ഈര്‍ച്ചവാളിന്‍ മൂര്ച്ചയേറും വായ്ത്തല
പച്ചമാംസം കീറി അറുത്തവര്‍…
ജടയാടുകള്‍,കോലാടുകള്‍ തന്‍ തോലിന്നകം
ഒരു വീര്‍പ്പ് ശ്വാസത്തിനായിപ്പിടഞ്ഞവര്‍…
ബുദ്ധിമുട്ടുകള്‍…ഉപദ്രവങ്ങള്‍
ഏറെ സഹിച്ചേറ്റം അലഞ്ഞവര്‍..
കാടുമേടുകളില്‍..ഗഹ്വരങ്ങളില്‍
ഭൂമി തന്‍ പിളര്‍പ്പുകളില്‍
ഉഴന്നു വലഞ്ഞവര്‍…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.