തുറന്നെഴുത്ത്: നമ്മുടെ പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം; അത് നമ്മുടെ കടമയാണ് ദൈവ ഹിതമാണ്

ജോൺസൺ വെടികാട്ടിൽ

എന്തൊരു ചൂട്!. അസ്സഹനീയമായ കാലാവസ്ഥ. തര്‍ക്കമേതുമില്ലാതെ എല്ലാവരും ചൂടിനെ പഴിക്കുന്നു. ഇതുപോലൊരു കാലാവസ്ഥ തങ്ങള്‍ ആദ്യമായാണ് അനുഭവിക്കുന്നതെന്നാണ് മിക്ക വീടുകളിലെയും കാരണവര്‍ ആയവരുടെ മതം. അതേ, നമ്മുടെ നാട്ടിലെ കാലവസ്ഥയുടെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞു.

കഴിഞ്ഞ ദശകങ്ങളില്‍ മലയാളക്കരയുടെ കാലാവസ്ഥയുടെ സൌന്ദര്യത്തെപറ്റി വാചാലരാകാത്തവരില്ല. അധികം ചൂടും തണുപ്പും ഇല്ലാത്ത സുന്ദരമായ കാലാവസ്ഥ ദൈവം തന്റെ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കായ്‌ കനിഞ്ഞു നല്‍കിയിരുന്നു. മറ്റു ദേശക്കാരും ഭാഷക്കാരുമായവര്‍ കേരളത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തങ്ങളുടെ നാട്ടിലെ ചൂടില്‍ നിന്നും രക്ഷപെടാനുമായ് കേരളാ സന്ദര്‍ശനം നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനം ഏറ്റവും  ദോഷകരമായ് ബാധിച്ച ഒരു സ്ഥലമാണ്‌ കേരളം. ഈ ദശകത്തില്‍ വര്ഷം ചെല്ലുംതോറും ക്രമാനുഗതമായ് വര്‍ദ്ധിക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ജനിച്ചു വളര്ന്നവര്‍ക്കുപോലും കഴിയുന്നില്ലെന്നതാണ് വാസ്തവം. മഴക്കാലത്തുപോലും ഒരു ദിവസം മഴ പെയ്തില്ലെങ്കില്‍ അസ്സഹനീയമായ ചൂടാണ്.

കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഉത്തരവാദിത്വം ആരുടെയെങ്കിലും മേല്‍  കെട്ടിവച്ചു രക്ഷപെടാന്‍ നമ്മുക്ക് കഴിയില്ല. അതിനുള്ള പരിഹാരം തേടിയലഞ്ഞിട്ടും കാര്യമില്ല. പ്രകൃതിയെ സ്നേഹിക്കുക, മറ്റു ജീവ ജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കുവാന്‍ ഉള്ള അവകാശത്തെ മാനിക്കുക എന്നത് മാത്രമാണ് പോം വഴി. മരം ഒരു വരം എന്ന് പഠിച്ച നാം മരം ഒരു വരുമാനം എന്ന് തിരുത്തി വായിച്ചു. പ്രകൃതി കനിഞ്ഞു നല്‍കിയ സുന്ദരമായ വനങ്ങളും, മലകളും, താഴ്വരകളും, അരുവികളും, പാടങ്ങളും , നദികളുമൊക്കെ നാം വികസനത്തിന്റെ പേരില്‍ മുടിച്ചു കളഞ്ഞതാണ് നാം ഇന്നനുഭവിക്കുന്ന ഈ കാലാവസ്ഥ വൈകൃതത്തിന്റെ പ്രധാന കാരണം.

 

പടം നികത്തി കോണ്‍ക്രീറ്റ് സൌധം പണിതുയര്‍ത്തി മഴ പെയ്തപ്പോള്‍ തിരുവല്ലയിലെ ബിലിവേഴ്സ് ആശുപത്രിയില്‍ മുട്ടോളം വെള്ളം കയറിയത് നാം ഉടനെയൊന്നും മറക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്ഷം ചെന്നൈ മഹാ നഗരത്തോടും മഴ കാണിച്ച ക്രൂരത അശാസ്ത്രീയമായ വികസനത്തിന്റെ അനന്തരഫലം ആയിരുന്നു. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്‌താല്‍ ഒരിക്കല്‍ പ്രകൃതി മനുഷ്യനെയും നശിപ്പിക്കും എന്നാണ് ചരിത്രം നല്‍കുന്ന പാഠം.

 

നാല്‍പ്പത്തി നാല് നദികളാല്‍ സംപുഷ്ട്ടം എന്ന് നാം അഭിമാനിച്ചിരുന്ന നമ്മുടെ നദികളില്‍ പകുതിയും  അകാല ചരമത്തിന്റെ വക്കിലാണ്.  വികലമായ വികസന നയങ്ങളും , കോണ്‍ക്രീറ്റ് സൌധങ്ങലുമാണ്  വികസനത്തിന്‍റെ മാനദണ്ഡം എന്നുള്ള മിഥ്യ ധാരണയില്‍ അധിഷ്ട്ടിതമായ അന്ധമായ വികസന അജണ്ട നമ്മുടെ നാടിന്‍റെ പ്രകൃതി രമണീയതയുടെമേലുള്ള കടന്നു കയറ്റം ആയിരുന്നു. വികസനത്തിന്റെ മറവിലെ കച്ചവട താല്‍പ്പര്യം ഒടുക്കി കളഞ്ഞത് ജനിക്കുവാനുള്ള തലമുറയുടെ സ്വപ്നങ്ങളാണ്. പൂര്‍വീകര്‍ തങ്ങളോടു  ചെയ്ത ദ്രോഹമായ് ലോകം നാളെ ഇതൊക്കെ വിലയിരുത്തിയേക്കാം. എങ്കിലും വീണ്ടും നമ്മള്‍ എയര്‍ പോര്ട്ടുകള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. ഉപയോഗ ശൂന്യമായ (എന്ന് പലരും തെറ്റായി കരുതുന്ന) കണ്ടല്‍ കാടുകളും, പാടങ്ങളും മണ്ണിട്ടു മൂടുവാന്‍ പിന്‍വാതില്‍ ശ്രമങ്ങള്‍ നടത്തുന്നു. അരുവികള്‍ മലിനമാക്കപ്പെടുന്നു. നെല്‍ പാടങ്ങള്‍ സന്തോഷ്‌ മാധവന്‍ മാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ അധികാരികള്‍ വ്യഗ്രത കാണിക്കുന്നു. അങ്ങനെ തകൃതിയായ് നടക്കുന്നു നമ്മുടെ വികസന സ്വപ്‌നങ്ങള്‍.

 പ്രകൃതിയെ സംരക്ഷിച്ച് എങ്ങനെ വികസനം നടത്താം എന്ന കാര്യത്തില്‍ നാം യൂറോപ്പ്യന്‍ രാജ്യങ്ങളെ മാതൃകയാക്കണം. വികസനത്തിന്റെ പേരില്‍ അനാവശ്യമായ് അവിടെ മരങ്ങള്‍ മുറിക്കുന്നില്ല, നദികള്‍ മണ്ണിട്ടു മൂടുന്നില്ല. പ്രകൃതി സൌന്ദര്യം അതേപടി നില നിര്‍ത്തി അവര്‍ ചെയ്തെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നയന മനോഹരവും പ്രകൃതി സൌഹൃദവും ആണ്. മരുഭൂമി എന്ന് പേര് കേട്ട മധ്യേഷ്യന്‍ രാജ്യങ്ങളിലും അങ്ങനെ തന്നെ. ഉള്ള പച്ചപ്പ്‌ നില നിര്‍ത്താന്‍ വേണ്ടി കോടികള്‍ ആണ് എല്ലാ വര്‍ഷവും ഗള്‍ഫ്‌ രാജ്യങ്ങള്‍ തങ്ങളുടെ ബജറ്റില്‍ വകയിരുത്തുന്നത്.

വമ്പന്‍ മുതല്‍ മുടക്കില്‍ ദുബായില്‍ ഇപ്പോള്‍ ഒരു കൃത്രിമ കാനാല്‍ നിര്‍മ്മിച്ചു. അത് കാണുമ്പോള്‍ ഒരു മുതല്‍ മുടക്കുമില്ലാതെ പ്രകൃതി കനിഞ്ഞു നല്‍കിയ അരുവികള്‍ സംരക്ഷിക്കാന്‍ കഴിയാത്തതിലുള്ള പാപ ഭാരം പേറികൊണ്ട് നോക്കി കാണാനേ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മക്കള്‍ക്ക്‌ സാധിക്കുകയുള്ളൂ. വികസിത രാജ്യങ്ങളില്‍  സര്‍ക്കാരിന്റെ കൃത്യമായ അനുവാദം ഇല്ലാതെ ഒരു മരം വെട്ടിയാല്‍ ഭീമമായ തുകയാണ് പിഴയായ് അടക്കേണ്ടി വരിക. വികസത രാജ്യങ്ങളിലെല്ലാം തന്നെ  Sustainable Construction Method എന്ന ഒരു രീതി തന്നെ ഇപ്പോള്‍ അവലംബിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെയുള്ള തരം നിര്‍മ്മാണ പ്രവര്‍ത്തനമാണ് Sustainable Construction.

ദുഖകരമായ വസ്തുത നമ്മുടെ സ്ഥിതി ഇങ്ങനെ അനുദിനം വഷളായ്‌ തീര്‍ന്നു തീര്ന്നുകൊണ്ടിരുന്നിട്ടും നമ്മുടെ ഭരണാധികാരികളില്‍ നിന്നും ആശാവഹമായ ഒരു പ്രസ്താവന പോലും പ്രകൃതി സംരക്ഷണത്തെ കുറിച്ച് കേള്‍ക്കുന്നില്ല എന്നതിലാണ്. ഗുണകരമായ തീരുമാനങ്ങള്‍ അടങ്ങിയ ഗാട്കില്‍ റിപ്പോര്‍ട്ടിനെ നമ്മുടെ മന്ത്രിമാരും പട്ടക്കാരും ചേര്‍ന്നു പുറത്താക്കി പിണ്ഡം വച്ചു. സ്ഥിതി ഇത്രേം വഷളായിട്ടും അപൂര്‍വ്വയിനം ജീവജാലങ്ങള്‍ വസിക്കുന്ന ആതിരപ്പള്ളിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിലാണ് സര്‍ക്കാരിനു താല്‍പ്പര്യം.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ ഞാന്‍ വീണ്ടും ബെംഗളുരു വരെ ഒന്ന് പോയി. പൂന്തോട്ട നഗരം എന്ന വിശേഷണം അച്ചടി പുസ്തകത്തില്‍ മാത്രം ഒതുങ്ങി.

പ്രകൃതി സംരക്ഷണത്തെ കുറിച്ച് തിരുവചനം എന്ത് പറയുന്നു. ഈ വിഷയത്തില്‍ ഉള്ള ക്രൈസ്തവ വീക്ഷണം എന്താണ്?.

നാം അധിവസിക്കുന്ന ഭൂമി സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. വിശുദ്ധ ബൈബിള്‍ അത് അടിവരയിട്ടു പഠിപ്പിക്കുന്നു. പ്രകൃതി സംരക്ഷനത്തിലെ ദൈവ ഹിതം പഴയ നീയമത്തിലും പുതിയ നീയമത്തിലും നമ്മുക്ക് ദര്‍ശിക്കാം. പ്രകൃതി രമണീയമായ ഏദനില്‍ ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചാക്കിയത് അവിടെ വേല ചെയ്തു തോട്ടം കാപ്പാന്‍ വേണ്ടി കൂടെയായിരുന്നു. ദൈവത്തിന്‍റെ പണിയായ ഭൂമിയുടെ ഘടന മാറ്റിയെഴിതുവാന്‍ ദൈവം മനുഷ്യനവകാശം തന്നിട്ടില്ല. ഭൂമിയെ നശിപ്പിക്കുന്നവരുടെ മേല്‍ ദൈവീക ന്യായവിധി വരും എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌ (വെളിപ്പാട്. 11:18).

അതുകൊണ്ട് ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേല്‍ മക്കളുടെ മദ്ധ്യേ ഞാന്‍ അധിവസിക്കുന്നു (സംഖ്യാ. 35:34).

ദൈവ ഹിതം എല്ലാ വിഷയങ്ങളിലും നാം നിറവേറ്റുമ്പോള്‍ അല്ലെങ്കില്‍ അതിനായ് പരിശ്രമിക്കുകയെങ്കിലും ചെയ്യുമ്പോള്‍ മാത്രമേ ദൈവം നമ്മില്‍ പ്രസാദിക്കുകയുള്ളൂ. നമ്മുടെ പ്രകൃതിയെ നമ്മുക്ക് സംരക്ഷിക്കാം. പ്രകൃതി ചൂഷണത്തോട് വിട പറയാം. ഒരു മരം മുറിക്കാന്‍ ആലോചിക്കുന്നതിനു മുന്‍പേ രണ്ടു മരം നട്ടു മാതൃക കാണിക്കാം. പ്രകൃതി സൌഹൃദപരമായ വികസനത്തെ പിന്തുണക്കാം. നാം അധിവസിക്കുന്ന ഈ ഭൂമി നമ്മുടെ സ്വന്തമല്ല. നാം ഇവിടെ പരദേശികളാണ്.

“വരും തലമുറക്കായ്‌ നമ്മുക്ക് ശേഷിപ്പിക്കാം അവശേഷിക്കുന്ന പച്ചപ്പെങ്കിലും….”.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like