നമ്മുടെ വിമര്‍ശങ്ങള്‍ ആരോഗ്യപരമോ?

ആരും വിമർശനത്തിന് അധീതരല്ല.. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുക എന്നതുകൊണ്ട് വ്യക്തിത്വത്തിന്റെ മഹത്വം കൂടുകയല്ലാതെ കുറഞ്ഞ് പോകുന്നില്ല. തിരുത്തൽ ശക്തികൾ കാലത്തിന്റെ ആവശ്യവുമാണ്. സാമൂഹ്യ കൂട്ടായ്മകളുടെ വരവോടെ വിമർശകരുടെ എണ്ണം വർദ്ധിച്ചു. ആർക്കും ആരേയും വിമർശിക്കാമെന്നായി സ്ഥിതി. വൈരാഗ്യം മനസിൽ വെച്ച് സ്വന്തം കൂടപ്പിറപ്പിനെ കുറിച്ചു പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന നിലവാരത്തിലേക്ക് നാം തരം താണിരിക്കുന്നു എന്നത് ലജ്ജാകരമാണ്. ഒരു ഫോൺ കോളിലോ ഒരു മെസേജിലോ ഒതുക്കി തീർക്കാവുന്ന ചെറിയ വിഷയങ്ങൾ സാമൂഹ്യ കൂട്ടായ്മകളിൽ കൊണ്ടിട്ട് വ്യക്തിഹത്യയിലേക്കും അവഹളനത്തിലേക്കും കൊണ്ടെത്തിച്ച് ആസ്വദിക്കുന്നത് ഒരു ആത്മീകന് ചേർന്നതല്ല. ക്രിയാത്മകമായ വിമർശനങ്ങൾ തിരുത്തലിലേയ്ക്കും സത്യത്തിലേക്കും നല്ല വഴിയിലേക്കും നയിക്കുമ്പോൾ വ്യക്തിഹത്യകൾ നല്ല ബന്ധങ്ങൾ നഷ്ടമാക്കുവാനും തെറ്റായ സന്ദേശം നൽകുവാനും മാത്രമെ ഉതകുകയുള്ളു. സാമൂഹ്യ കൂട്ടായ്മകളിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവരിൽ ഭൂരിഭാഗവും സ്വന്തം ജീവിതത്തിലെ തെറ്റുകൾ മനസിലാക്കുവാനോ തിരുത്തുവാനോ തയ്യാറാകാതെ അന്യന്റെ ജീവിതത്തിലേക്ക് മാത്രം ഉറ്റുനോക്കിയിരിക്കുന്ന “സെക്യൂരിറ്റി ക്യാമറകൾ ” പോലെ മാത്രമാണ്. സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കുന്നവർ… യേശു പറഞ്ഞു: വൈദ്യാ നീ നിന്നെ തന്നെ ചികിത്സിക്ക… ചില തെറ്റായ വിമർശനങ്ങൾ വ്യക്തികളെ ദൈവത്തിൽ നിന്നു പോലും അകറ്റുവാൻ സാധ്യതയുണ്ട്. തെറ്റു ചെയ്തവൻ ദൈവസന്നിധിയിൽ മാപ്പപേക്ഷിച്ച് മടങ്ങി വന്നാലും ദൈവം അവന്റെ തെറ്റ് ക്ഷമിച്ചാലും ക്ഷമിക്കുവാനോ പൊറുക്കുവാനോ മനസില്ലാതെ തെറ്റുകളെ ഊതി വീർപ്പിക്കുന്നവർ ചെയ്യുന്നത് സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്നതിന് തുല്യമാണ്. ദൈവസഭയെ കുറിച്ച് ഇതര മതസ്ഥർക്ക് തെറ്റായ സന്ദേശം കൊടുക്കുന്നവർക്ക് അതു കൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുന്നത്?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.