അവന്‍ സകലവും നന്നായ് ചെയ്യുന്നു

പത്തുപട്ടണങ്ങളുടെ പട്ടണമായ ദെക്കപ്പൊലിദേശത്തിന്റെ മദ്ധ്യേകൂടി ഗലീലകടൽപുറത്തേക്കു പിന്നെയും നസ്രായൻ വന്നു. ഇനിയൊരു വിടുതലില്ലെന്നു ലോകവൈദ്യന്മാർ ഏവരും ഒന്നടങ്കം വിധിയെഴുതിയ ‘വിക്കനായൊരു ചെകിടനെ’ യേശുവിന്റെ അരികിൽ എത്തിക്കുന്നു. തന്റെ വിഷയം പുറമെ ആയിരുന്നില്ല, പുറത്തുനിന്നു നോക്കുന്നവർക്ക്‌ അവനിൽ പ്രശ്നങ്ങളൊന്നും തന്നെ കാണാൻ കഴിഞ്ഞെന്നും വരില്ല. എന്നാൽ അവനുമായി അടുത്തിടപെടുമ്പോൾ തന്റെയുള്ളിൽ താൻ അനുഭവിക്കുന്ന വിഷയങ്ങളെ അടുത്തറിയാൻ സാധിച്ചെന്നു വന്നേക്കാം. അനേക വിഷയങ്ങളുടെ ഭാണ്ഡവും പേറി ഏകാന്തപഥികരായി കടന്നുപോകുന്ന എത്രയോ പേരെ ഈ ജീവിതയാത്രയിൽ നാം നിത്യേന കണ്ടുമുട്ടുന്നു. ഇവിടെയിതാ, ‘വിക്കനായൊരു ചെകിടനെ’ തങ്ങളുടെ വിഷയത്തെക്കാൾ വലിയ വിഷയമുള്ളവനായി ഒരുവൻ അത്ഭുതമന്ത്രിയുടെ അരികിലെത്തിക്കുന്നു. അനേക പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ വിഷയങ്ങളേക്കാൾ പ്രാധാന്യം അപരന്റെ വിഷയത്തിനു നൽകുന്നവനത്രെ ഒരു യഥാർത്ഥ ക്രിസ്തുശിഷ്യൻ. അതുതന്നെയാണു ഒരു ക്രൈസ്തവശിഷ്യന്റെ ശുശ്രൂഷാദൗത്യവും.

‘അസാധ്യം’ എന്ന് ലോകം വിധി എഴുതിയവനെ യേശുവിന്റെ അരികിൽ എത്തിക്കുമ്പോൾ അവർ ‘കരംവെച്ച്‌ സൗഖ്യമാക്കണം’ എന്നാവശ്യപ്പെടുന്നു. യേശു തൊട്ടവരും യേശുവിനെ തൊട്ടവളും സൗഖ്യം പ്രാപിച്ചത്‌ കണ്ട്‌ മനസ്സിലാക്കിയ ശിഷ്യഗണങ്ങൾക്ക്‌ അതു വിശ്വാസമായി പരിഗണിച്ചു. ഭൂതകാലത്തിൽ അവനാൽ ചെയ്തെടുത്ത അത്ഭുതങ്ങൾ അവരിൽ വിശ്വാസം ജനിപ്പിച്ചതിൽ അതിശയോക്തി തെല്ലുമില്ല. അവർക്ക്‌ ഉറപ്പുണ്ടായിരുന്നു യേശുവിനാൽ സകലതും സാധ്യമെന്ന്. എന്നാൽ പലപ്പോഴും മാനുഷികചിന്തകളും വിചാരങ്ങളും പരിമിതം ആയിരിക്കുമ്പോഴും, മനുഷ്യർ പല ‘ഓപ്ഷൻസ്‌’ ദൈവമുൻപാകെ കൊണ്ടുവരുമ്പോഴും ദൈവത്തിനു അതിനെക്കാൾ ഒരായിരം വഴികളും വിചാരങ്ങളും അതിനോടുള്ള ബന്ധത്തിലുണ്ടെന്നു നാം എന്തേ ഇനിയും തിരിച്ചറിയപ്പെടാതെ കടന്നു പോകുന്നു? മാനുഷീക ബുദ്ധികൊണ്ട്‌ ദൈവപ്രവർത്തികളെ അളപ്പാൻ നമുക്കാവുമോ?

യേശുവിന്റെ അരികിലേക്ക്‌ അവനെ കൊണ്ടുവന്നപ്പോൾ അവൻ ആദ്യം അവനെ പുരുഷാരത്തിൽനിന്നും വേറിട്ടു കൊണ്ടുപോകുകയാണു ചെയ്തത്‌. ആ ‘വേറിട്ടുകൊണ്ടുപോകലിൽ’ ഒരുപക്ഷെ ജനസമൂഹം ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്തേക്കാം. എന്നാൽ നാം മറന്നുപോകരുത്‌ യേശു അവന്റെ അരികിൽതന്നെ ഉണ്ട്‌. ചിലപ്പോഴെങ്കിലും ഒരു വലിയ വിടുതലിന്റെയും സാക്ഷ്യത്തിന്റെയും മുൻപുള്ള ആ തിക്താനുഭവങ്ങളും സർവശക്തൻ കരുതിവച്ചിട്ടുള്ളത്‌ ആയിരിക്കാം. മനുഷ്യരാൽ അസാധ്യം എന്നു വിധിയെഴുതിയ പലതിനും സർവേശ്വരൻ ‘സാധ്യം’ എന്ന് ആദിയിലേ തന്നെ തന്റെ പുസ്തകത്തിൽ കോറിയിട്ടിട്ടുണ്ടാകാം.

യേശു അവനെ വേറിട്ടുകൊണ്ടുപോയത്‌ ആരും ഇറങ്ങിയിട്ടില്ലാത്തതുപോലെ ഒന്ന് ആഴത്തിൽ അവന്റെ പ്രശ്നങ്ങളിലേക്ക്‌ ഒന്നിറങ്ങുവാനത്രെ. ആർക്കും ഇറങ്ങാൻ കഴിയാത്തത്ര ആഴത്തിൽ അവന്റെ കരങ്ങൾ വിഷയങ്ങളെ പരിഹരിപ്പാനായി കടന്നുചെല്ലും. സ്വർഗ്ഗീയ പിതാവുമായി അഭേദ്യബന്ധമുള്ള യേശു തിരുഹിതപ്രകാരം ‘വിക്കനായൊരു ചെകിടന്റെ’ ചെവിയിലേക്ക്‌ അവൻ വിരലിട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു. അതെ, ഇന്നയോളം തന്നിലേക്ക്‌ തന്റെ വിഷയങ്ങളിലേക്ക്‌ ആരും ഇറങ്ങിയിട്ടില്ലാത്തതുപോലെ യേശു അവനിലേക്ക്‌ ഇറങ്ങിച്ചെല്ലുകയായിരുന്നു. പരീശന്മാർ അടങ്ങുന്ന പുരുഷാരത്തിനു മദ്ധ്യേ യേശു തന്റെ പ്രവർത്തി ചെയ്തിരുന്നെങ്കിൽ അവർ അവനിൽ നടന്ന വിടുതലിനെ വിമർശനത്തിനും വിധിയെഴുത്തിനും വേദിയാക്കി മാറ്റാനും സാധ്യതയേറെ. സർവവും കാണുന്നവൻ അതുകൂടി കണ്ടിട്ടല്ല അവനെ ‘വേറിട്ടുകൊണ്ടുപോയത്‌’ എന്നാരുകണ്ടു. ഒറ്റപ്പെടലും നിന്ദയും പരിഹാസവും അവൻ ആ അകലങ്ങളുടെ മദ്ധ്യേ കൽപിച്ചാക്കി. വേറിട്ടു കൂട്ടിക്കൊണ്ടു പോകുന്നതിലെ ആ ദൈവീകകരുതൽ കാണാനാകാതെ എന്തേ നാം നിരാശരാകുന്നൂ?

യേശു സ്വർഗ്ഗത്തേക്കുനോക്കി നെടുവീർപ്പിട്ടുകൊണ്ട്‌ ‘എഫഥാ’ (തുറന്നുവരിക) എന്നു കൽപ്പിച്ചതും സകലസൃഷ്ടികളെയും സർവചരാചരങ്ങളെയും തന്റെയൊരു വാക്കിനാൽ ‘ഉളവാകട്ടെ’ എന്ന കൽപ്പനയാൽ ഉളവാക്കിയവന്റെ ശബ്ദവും മനുഷ്യനെ തന്റെ കരവിരുതിനാൽ രൂപപ്പെടുത്തിയവന്റെ കരസ്പർശവും കൂടി ചേർന്നപ്പോൾ അന്നുവരെ അടഞ്ഞിരുന്ന അവന്റെ അവസ്ഥക്കു മാറ്റമുണ്ടായെന്നു മാത്രമല്ല നാവിന്റെ കെട്ടും അഴിഞ്ഞ്‌ അവൻ ശരിയായി സംസാരിച്ചു. ആദ്യമായി തന്റെ കാതുകളിൽ അലയടിച്ച ശബ്ദം യേശുവിന്റെ ശബ്ദമായിരുന്നു. ഒരുപക്ഷേ, ആരും നേരിട്ടിട്ടില്ലാത്ത ആർക്കും ഇല്ലാത്ത ചില വലിയ പ്രശ്നങ്ങളിലൂടെ താൻ കടന്നുപോയത്‌ ആർക്കും കേൾപ്പാൻ കഴിയാതിരുന്ന ചില ദൈവശബ്ദങ്ങൾ ശ്രവിക്കാനാവില്ലെന്നു ആരു കണ്ടു?

‘വിക്കനായൊരു ചെകിടന്റെ’ കർണ്ണപുടങ്ങളിലൂടെ ദൈവശബ്ദം കടന്നുചെന്നപ്പോൾ താൻ പോലും ചിന്തിച്ചിട്ടില്ലാത്ത ചില വിടുതലുകൾക്ക്‌ ആരംഭം കുറിക്കുകയായിരുന്നു. ആ ദൈവശബ്ദം തന്റെയുള്ളിൽ അടക്കിവക്കാൻ അവനു കഴിയുമായിരുന്നില്ല. ആ വചനം തന്റെ അകത്തുകടന്നപ്പോൾ അവന്റെ നാവിന്റെ കെട്ടഴിഞ്ഞു. ദൈവവചനം അകത്തുകടക്കുമ്പോൾ സകലബന്ധനങ്ങളും അഴിയുവാനിടയാകും. അതെ, ദൈവവചനം യഥാർത്ഥമായി കേട്ട ഒരു വ്യക്തിക്കു പിന്നെ അതിനെ അടക്കിവക്കാനാകില്ല. സ്വതവേ തനിക്കു ശരിയായി സംസാരിക്കാനുള്ള കഴിവോ പ്രാപ്തിയോ ഇല്ലെങ്കിൽപോലും ദൈവവചനം ദൈവത്തിൽ നിന്നും പ്രാപിച്ചവനു ശരിയായി സംസാരിക്കാൻ സർവശക്തൻ കൃപ നൽകുകതന്നെ ചെയും. അതാണു ദൈവീകശുശ്രൂഷ.

വാൽകഷണം:
നാം ഇന്ന് അനുഭവിക്കുന്ന വിഷയങ്ങൾ എന്തുതന്നെ ആയാലും അവന്റെ സന്നിധിയിൽ കൊണ്ടുവരാനും അവന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കാനും ഇടയാകുന്നെങ്കിൽ അവന്റെ ശബ്ദം ആ കാതുകളിൽ കേൾക്കുക തന്നെ ചെയും. അതൊരു വലിയ സാക്ഷ്യമായി, ശുശ്രൂഷയാക്കി ദൈവം പുറത്തുകൊണ്ടുവരുമ്പോൾ ഒറ്റപ്പെടുത്തി നിന്ദിച്ചു പഴിച്ചു പരിഹസിച്ചു വിമർശിച്ച ഏവരുടെയും നാവുകൊണ്ട്‌ തന്നെ ‘അവൻ സകലവും നന്നായി ചെയ്തു’ എന്നു പറയിപ്പിക്കുന്ന ദൈവം ‘എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ സകലവും നന്മക്കായ്‌ കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു’ എന്ന ശുഭചിന്ത ഇട്ടുകൊണ്ട്‌ തൂലികയ്ക്കു വിരാമം കുറിക്കുന്നു..

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.