ലേഖനം: മടക്കിത്തരുന്ന യേശു

സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍

യീന്‍ എന്ന പട്ടണത്തിലേക്ക് യേശു ചെല്ലുമ്പോള്‍ തന്നെ അവനറിയാം അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നെന്ന്. എപ്പോഴും എന്നതുപോലെ ഇവിടെ യും വലിയ പുരുഷാരം അവനോട് കൂടെ പോയി. എന്നാല്‍ നയീനില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. ഒരു വിധവയുടെ ഏകജാതന്‍ മരിച്ചുപോയതിന്റെ ദുഃഖം അവിടെ നിറഞ്ഞിരുന്നു. അവളുടെ മകനെ സംസ്‌ക്കാരിക്കാന്‍ മാത്രമേ അവിടെ കൂടിയിരുന്നവര്‍ക്ക് അറിയാമിയിരുന്നുള്ളൂ. ആ പട്ടണത്തിലെ സകലരും വിധവയുടെ മകന്റെ അകാല മരണത്തില്‍ വേദനയുള്ളവരായിരുന്നു. പട്ടണവാസികള്‍ മുഴുവനും ഈ സംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ തക്കവണ്ണം വിധവയോ മകനോ ഏതെങ്കിലും രീതിയില്‍ പ്രസിദ്ധരായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഒരു പക്ഷേ അവരുടെ ജീവിതമാവാം പട്ടണവാസികളെ മുഴുവന്‍ സ്വാധീനിച്ചത്. അതു തന്നെയാവും യേശുവിനെയും ആ പട്ടണത്തിലേക്ക് ആകര്‍ഷിച്ചത്. ദുഃഖിക്കുവാനല്ലാതെ മറ്റൊന്നും നയീന്‍ പട്ടണവാസികള്‍ക്ക് കഴിയുമായിരുന്നില്ല.

എന്നാല്‍ എന്തു ചെയ്യണം എന്നറിയാവുന്ന ഒരുവന്‍ കഫര്‍ന്നഹൂമില്‍ നിന്ന് നയീനിലേക്ക് ഓടിവരുന്നുണ്ടായിരുന്നു. യേശുവിന്റെ ഓരോ പ്രവര്‍ത്തികളെയും നിരീക്ഷിച്ചാല്‍ വൈകുവാന്‍ പാടില്ലാ എന്ന ചിന്തയോടെ അവന്‍ കാര്യങ്ങളെ ചെയ്യുന്നതായി കാണുവാന്‍ കഴിയും. അവന്‍ എത്തിച്ചേരേണ്ടതിന് കാലങ്ങളായി എത്രയോ പേര്‍ അവനായി കാത്തിരിന്നുവെന്ന് യേശു അറിഞ്ഞിരുന്നു. പന്ത്രണ്ട് വര്‍ഷം രക്തസ്രാവരോഗമുണ്ടായിരുന്നവള്‍, കൂനിയായ സ്ത്രീ, ബര്‍ത്തിമായീ തുടങ്ങി എത്രയോ പേര്‍ യേശു അഭിഷിക്തനാകുവാനായി കാത്തിരുന്നു. അല്ലെങ്കില്‍ യേശു വൈകും തോറും അവരിലെ  സൗഖ്യമോ വിടുതലോ വൈകുകയായിരുന്നു. താന്‍ നസറേത്തിലെ ഇരിക്കൂ, ആവശ്യക്കാര്‍ യായിറോസിനെപ്പോലെ തന്റെ അടുത്തേക്ക് വരട്ടെ എന്ന് യേശു ചിന്തിച്ചില്ല. വാസ്തവത്തില്‍ ആവശ്യക്കാരന്‍ യേശു ആയിരുന്നു. പിതാവ് കല്പിക്കുന്നത് ചെയ്യുവാനായി എവിടേക്കും പോകുവാന്‍ അവന്‍ തയ്യാറായി. അവനെ കണ്ടെത്തുന്നതിലുപരി അവന്‍ കണ്ടെത്തുകയായിരുന്നു. ഇവിടെയും  ഒരു സംസ്‌ക്കാരം മാത്രം അവശേഷിക്കുന്ന യുവാവിനെയും അവന്റെ വിധവയായ അമ്മയേയും യേശു കണ്ടെത്തുകയായിരുന്നു.

ഇവിടെ നാം അടിവരയിട്ട് ആവര്‍ത്തിക്കേണ്ട ഒരു പാഠമുണ്ട്. നാം വൈകും തോറും വിടുതലിനായി കെഞ്ചികഴിയുന്ന എത്രയോ പേരുടെ അനുഗ്രഹമാണ് വൈകുന്നത് എന്ന പാഠം നാം അഭിഷിക്തരാവാത്തതുകൊണ്ട് പ്രാര്‍ത്ഥിക്കാത്തതു കൊണ്ട്, പ്രസംഗിക്കാത്തതുകൊണ്ട് അനുഗ്രഹങ്ങള്‍ താമസിക്കുന്ന നിരവധി പേരുണ്ട് എന്ന ചിന്ത നമ്മില്‍ ഒരാവേശമായി പടര്‍ന്നെങ്കില്‍ മാത്രമേ നമ്മിലേ മറയപ്പെട്ടു കിടക്കുന്ന ക്രിസ്തു വെളിപ്പെടുകയുള്ളൂ.

നയീന്‍ പട്ടണത്തിന്റെ വാതില്‍ ക്കല്‍ വെച്ചാണ് യേശു വിധവയുടെ മകനെ കൊണ്ടുപോകുന്ന ആ യാത്ര അടഞ്ഞതായി നാം വായിക്കുന്നത്. അവളുടെ പ്രശ്‌നം ഏകജാതന്റെ മരണമാണ്. ആദ്യം അവളെ കരയേണ്ട എന്ന് ആശ്വസിപ്പിക്കുന്നു. പല മരണവീടുകളിലും പലരും മരിച്ചവരുടെ പ്രീയപ്പെട്ടവരെക്കുറിച്ച്, അവര്‍ ആവശ്യത്തിന് കരഞ്ഞോട്ടേ എന്ന് പറയാറുണ്ട്. അവരിലെ ദുഃഖം കണ്ണുനീരായി പെയ്തു തോരട്ടെ എന്ന് ചിന്തിക്കാറുണ്ട്. പക്ഷേ ആദ്യം തന്നെ യേശു അവളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആ വിധവ പെട്ടന്ന് അന്തിച്ച് കരച്ചില്‍ നിര്‍ത്തിക്കാണും വീട്ടില്‍ വെച്ചും വീട്ടില്‍ നിന്നിറങ്ങി ഇവിടെ പട്ടണവാതില്‍ വരെയും അവള്‍ കരയുകയായിരുന്നുവല്ലോ. ആരും അവളെ അതില്‍നിന്ന് തടഞ്ഞിരുന്നില്ല. അവള്‍ നോക്കുമ്പോള്‍ യേശു മഞ്ചത്തില്‍ തൊടുന്നതാണ് കണ്ടത്. പട്ടണവളപ്പിന് പുറത്തേക്ക് അവളുടെ ഏക ആശ്രയമായിരുന്നതിനെ കൊണ്ടുപോകാന്‍ യേശു സമ്മതിച്ചില്ല. ഒരിക്കലും തിരിച്ചു കിട്ടുവാനോ, കാണുവാനോ കഴിയാത്ത രീതിയില്‍ കല്ലറയ്ക്കുള്ളില്‍ ഒതുക്കി കളയുവാനാണ് പട്ടണവാസികള്‍ ശ്രമിച്ചത്. അവര്‍ പറയുന്നത് വിധവയുടെ മകന് ഒരു നല്ല ശവസംസ്‌ക്കാരമാണ് ആവശ്യം എന്നത്രേ.

 

ലോകത്തിന്റെ കാഴ്ചപ്പാട് അങ്ങിനെയാണ്. മരിച്ചു കഴിഞ്ഞാല്‍ കുഴിച്ചിടണം. നഷ്ടപ്പെട്ടുവെങ്കിലോ വിട്ടുകളയണം. പുതിയത് തേടണം. നഷ്ടങ്ങള്‍ പിന്നീട് മറവിക്ക് കൊടുക്കണം. പക്ഷേ നൂറോളം മൈലുകള്‍ താണ്ടി. യേശു നയീനിലെത്തിയത് കുഴിച്ചിടാന്‍ കൊണ്ടുപോകുന്നവരെ സഹായിക്കുവാനായിരുന്നില്ല. കുഴിയിലേക്ക് പോകുന്നു ഇല്ലാതാകുന്നു എന്ന് കരുതിയ വിധവയുടെ മകനെ വീണ്ടെടുത്തു കൊടുക്കാനായിരുന്നു. ആ വീണ്ടെടുപ്പിന്റെ ശുശ്രൂഷ കാല്‍വറി വരെയും യേശു തുടര്‍ന്നു.
പലപ്പോഴും നമ്മുടെ കണ്ണിന് മുന്നിലൂടെ നാം പ്രാപിച്ച അനുഗ്രഹങ്ങള്‍ കൈവിടപ്പെട്ട് പോയിട്ടുണ്ട്. ഒന്നിനും കഴിയാതെ നഷ്ടപ്പെട്ട അനുഗ്രഹങ്ങള്‍, സമാധാനം ഇവയൊക്കെ ഓര്‍ത്ത് നാം വിലപിച്ചിട്ടുണ്ട്. അപ്പോള്‍ സഹായം തേടിയ കരങ്ങളൊക്കെ നമ്മുടെകൂടെ നിന്നത് കുഴിച്ചിടാന്‍ മാത്രമാവും. എന്നാല്‍ യേശു ഒഴുകിപ്പോകുന്ന നന്മയെ പിടിച്ചു നിര്‍ത്തി മടക്കിത്തരുന്നവനാണ്.

‘ബാല്യക്കാരാ, എഴുന്നേല്‍ക്കാ’ എന്ന ശബ്ദം കേട്ടമാത്രയില്‍ എല്ലാ ജീര്‍ണ്ണതകളും മാറി ആ യൂവാവ് കുതിച്ചെഴുന്നേറ്റത് പോലെ നമ്മുടെ നഷ്ടപ്പെട്ട ആത്മീയ ഭൗതികതലങ്ങളെ നോക്കി യേശു ചിലത് കല്പിക്കാന്‍ തുടങ്ങുമ്പോാള്‍, ചുറ്റുമുള്ള ആളുകളുടെ കണ്ണുകള്‍ തള്ളുമാറ് രൂപാന്തരങ്ങള്‍ നടക്കും. ഒരിക്കലും നമ്മുടെ ജീവിതത്തിലെ നന്മയെ കവര്‍ന്ന് കൊണ്ടുപോകുവാന്‍ യേശു ആരെയും അനുവദിക്കുകയില്ല.

ഇപ്പോള്‍ പുരുഷാരത്തെ നോക്കൂ. അവര്‍ രണ്ടു കൂട്ടരാണ്. യേശുവിന്റെ കൂടെ വന്നവരും പട്ടണത്തിന് പുറത്തേക്ക് ശവമഞ്ചവുമായി വന്നവരും. വലിയൊരു ഭയം അവരില്‍ ഉണ്ടായി. അവര്‍ യേശുവിനെ എടുത്തുപൊക്കി നഗരത്തിലേക്ക് നടന്നതായി നാം വായിക്കുന്നില്ല. മറിച്ച് എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തി, അവിടെ ഒരു ഉണര്‍വ്വ് ആരംഭിക്കുന്നത് കാണുവാന്‍ കഴിയും. ജനം പറയുന്നു. ‘ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു’ ദൈവം തന്നെ സന്ദര്‍ശിക്കുന്നു എന്ന തിരിച്ചറിവാണ് ഉണര്‍വ്വിന്റെ പ്രാരംഭ പടവുകളില്‍ ഒന്ന്. ഇവിടെയും യേശു മഹത്വം പിതാവിന് വിട്ടുകൊടുക്കുന്നു. ദൈവമേ മഹത്വം നിനക്കു തരുന്നു എന്ന് പറയുകയും താനില്ലാ എങ്കില്‍ എല്ലാം ശൂന്യം എന്ന രീതിയില്‍ പോസ്റ്ററുകളിലും കട്ടൗട്ടുകളിലുമായി സ്വയ പ്രസിദ്ധി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവരല്ല ഒരു അഭിഷിക്തന്റെ മാതൃക. ഇരു കൈയ്യും വിടര്‍ത്തി കാല്‍വറിയില്‍ യേശുവുണ്ടല്ലോ.

പിന്‍കുറിപ്പ്

നന്മകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ആളുകളെ വിളിച്ചു കൂട്ടാതെ യേശുവിനെ ക്ഷണിക്കുക. ആളുകള്‍ കുഴിച്ചുമൂടാന്‍ കൂടെ നില്‍ക്കും. യേശു പഴയതുപോലെ  ആക്കിത്തീര്‍ക്കാനും. (വചനഭാഗങ്ങള്‍ ലൂക്കോ. 7ഘ11-17)

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.