ലേഖനം:കപ്പല്‍ ഛേദത്തിനു പിന്നില്‍ | സുനിൽ വർഗ്ഗീസ്, ബാംഗ്ലൂർ

പൗലോസ് എപ്പോഴും തുടങ്ങുന്നത് ആ ദൈവിക സന്ദര്‍ശനത്തെ വിവരിച്ചു കൊണ്ടായിരുന്നു. ദമസ്‌ക്കസിലേക്ക് പോകുന്ന വഴിയില്‍ അവനേയും കൂട്ടരേയും ചുറ്റി മിന്നിയ ആ വലിയ വെളിച്ചത്തെക്കുറിച്ച് പറയാത്ത ഒറ്റ പ്രസംഗവും ഒരു പക്ഷേ പൗലോസ് നടത്തിയിട്ടുണ്ടാവില്ല. ശൗലേ, ശൗലേ നി എന്നെ ഉപദ്രവിക്കുന്നത് എന്ത്? എന്ന ശബ്ദം തന്റെ ജീവിതത്തിന്റെ  അവസാന നാളുകളില്‍ വരെയും അല്പം മുമ്പ് നടന്ന ഒരു സംഭവമെന്നതുപോലെ പൗലോസിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. സ്‌തേഫാനോസിനെ എറിഞ്ഞു കൊല്ലുന്ന സമയത്തും പിന്നീട് ക്രിസ്തു മാര്‍ഗക്കാരെ ഉപദ്രവിക്കുന്ന കാര്യത്തില്‍ പ്രാണത്യാഗത്തോളം എന്ന ചിന്തയുമായി നടപ്പോഴും അനുഭവിക്കാത്ത ഒരു തരം തൂകിപ്പോകല്‍ പൗലോസില്‍ അന്ന് സംഭവിച്ചിരുന്നു. നീ ആരാകുന്നു കര്‍ത്താവേ എന്ന മറുചോദ്യം അതിന്റെ പരിണിതമായിരുന്നു.
പൗലോസിലൂടെ വെളിപ്പെട്ട ഉണര്‍വ്വ് ഒരു ദിവസംകൊണ്ടോ ഒരു വര്‍ഷം കൊണ്ടോ സംഭവിച്ചതായിരുന്നില്ല. അത് അന്ന് അനന്യാസിനരികില്‍ കാഴ്ചയില്ലാത്തവനായി ഇരിക്കുമ്പോള്‍ ആരംഭിച്ചു. റോമില്‍ വച്ച് തന്റെ അവസാന ശ്വാസം നില്ക്കുന്നതുവരെയും ഉണര്‍വ്വിന്റെതായ ആ നീര്‍ച്ചാലുകള്‍ നീണ്ടു കിടന്നിരുന്നു. പൗലോസിലൂടെ സംഭവിച്ച ഓരോ അത്ഭുതങ്ങളും ദൈവ സഭയുടെ വളര്‍ച്ചയ്ക്കും ദൈവനാമത്തിന്റെ മഹത്വത്തിനും കാരണമാവുകയാണുണ്ടായത്.

പിന്നീട് യരുശലേമിലേക്ക് പൗലോസ് പോകുവാന്‍ തയ്യാറാകുമ്പോള്‍, അവിടെ ചെന്നാല്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖികരിക്കേണ്ടിവരും എന്ന് പലരില്‍ നിന്നും പ്രവചനങ്ങള്‍ ഉണ്ടായി. എന്നിട്ടും പൗലോസ് പറയുന്നത്. ‘ഇതാ ഞാന്‍ ആത്മാവില്‍ ബന്ധിക്കപ്പെട്ടവനായി യരുശലേമിലേക്ക് പോകുന്നു. (പ്രവ. 20:21) എന്നാണ്. ആത്മാവു നയിക്കുന്ന ഇടത്തേക്ക് ഒരു തടവുകാരനെ പോലെ ആയിരുന്നുവോ പൗലോസ് പൊയ്‌ക്കൊണ്ടിരുന്നത്. സ്വയതീരുമാനങ്ങല്‍ അനുസരിച്ചോ ആശ്വാസ കേന്ദ്രങ്ങള്‍ക്കായുള്ളതോ ആയ യാത്രകള്‍ പൗലോസ് നടത്തിയതേയില്ല. പക്ഷേ ആത്മാവില്‍ പൗലോസിനെ ബന്ധിച്ചിരുന്നത് യേശുവുമായി ആഴത്തില്‍ വോരോടിയ സ്‌നേഹമായിരുന്നു. കൂടാതെ പൗലോസ് യരുശലേമില്‍ ചെല്ലേണം എന്നുള്ളത് പരിശുദ്ധാത്മാവ് ആഗ്രഹിച്ച (23:11) കാര്യമായിരുന്നല്ലോ.
ആസ്യയില്‍ നിന്ന് ഇനി തിരിച്ചുവരില്ല എന്ന വാക്കോടെ യരുശലേമിലേക്ക് യാത്ര തിരിക്കുമ്പോള്‍ അതീവ നൊമ്പരത്തോടെ പൗലോസ് ഓര്‍മ്മിപ്പിക്കുന്നത് ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കളെ കുറിച്ചായിരുന്നു. മറിച്ച് സഭയ്ക്കുണ്ടാവേണ്ട സാമ്പത്തിക ഉന്നമനത്തെക്കുറിച്ചോ എങ്ങനെ കൂടുതല്‍ ആളുകളെ സഭയിലേക്ക് ആകര്‍ഷിക്കാം എന്നതിനെക്കുറിച്ചോ ആയിരുന്നില്ല. പൗലോസിന് അവരിലേക്ക് പകരുവാന്‍ ഒരു കുറുക്കുവഴികളും ഇല്ലായിരുന്നു.

ജാഗരൂകരായിരിക്കുന്നതിലൂടെ കാവല്‍കക്കാരന്‍ കോട്ട മതില്‍ കാക്കുന്നതുപോലെ സഭയെ കാവല്‍ ചെയ്യുവാന്‍ പറഞ്ഞേല്പ്പിക്കുകയായിരുന്നു. പൗലോസ് വിപരീത ഉപദേശം പകരുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ഏഴുന്നേല്ക്കും. അതു കൊണ്ട് ഉണര്‍ന്നിരിപ്പിന്‍ എന്ന് ഉണര്‍വ്വിന്റെതായ തീപ്പൊരി പകര്‍ന്നിട്ടായിരുന്നു. പൗലോസ് യരുശലേമിലേക്കുള്ള തന്റെ യാത്ര തുടങ്ങിയത്. ഉപദേശങ്ങളെക്കുറിച്ചായിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ മനോവിഷമം, ഇപ്പോള്‍ നമുക്കില്ലാതെ പോകുന്നതും അതാണല്ലോ.

പൗലോസ് തുടര്‍ന്ന് കൈസര്യയില്‍ എത്തുമ്പോള്‍ മുമ്പ് പലരും പറഞ്ഞതിനേക്കാള്‍ കൂടുതലായി അല്ലെങ്കില്‍ വളരെ കൃത്യമായി അഗബൊസ് എന്ന പ്രവാചകനും യരുശലേമില്‍ പൗലോസിന് സംഭവിക്കവാന്‍ പോകുന്നത് കാണിച്ചു കൊടുത്തിട്ടും പൗലോസ് അവിടേക്ക് പോകുവാന്‍ തയ്യാറായി.
ഇന്ന് ശുശ്രൂഷയില്‍ ആയിരിക്കുന്ന ഏതൊരു അഭിഷിക്തനും മാതൃകയായിട്ടായിരുന്നു പൗലോസിന്റെ നിലപാടുകള്‍. നമ്മുടെ ജിവിതവും ചുറ്റുപാടുകളും സുരക്ഷിതമാക്കിക്കൊണ്ട് കാര്യങ്ങള്‍ ചെയ്യുവാന്‍ നാം ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പലപ്പോഴും നാം തിരഞ്ഞെടുക്കാറില്ല. അല്ലെങ്കില്‍ വലിയൊരു ഉപവാസം വിളംബരം ചെയ്ത് നാം ദൈവത്തെകൊണ്ട് രേഖ തിരുത്തിപ്പിക്കാന്‍ തത്രപ്പെടും. പൗലോസിന് പ്രശ്‌നങ്ങളായിരുന്നിലല ദൈവഹിതമായിരുന്നു പ്രധാനം. താന്‍ എവിടെ ചെന്നാലും തനിക്കെതിരെ എന്തെങ്കിലും ചെയ്ത തന്നെ നശിപ്പിക്കുവാന്‍ തക്കവണ്ണം കഴിവുള്ള ഒന്നായി പിശാചിനെ പൗലോസ് പരിഗണിച്ചതേയില്ല. യേശു കഷ്ടതയും ബന്ധനവുമായി യരുശലേമില്‍ കാത്തു നില്‍ക്കുന്നതു പോലെയായിരുന്നു. അവിടെ കാര്യങ്ങള്‍ സംഭവിച്ചത്. പരിശുദ്ധാത്മാവ് കൂടെയുള്ളതുകൊണ്ട് ഏതു ബന്ധനത്തിനിടയിലും ശുശ്രൂഷ ഉണ്ടാവുമെന്ന് പൗലോസിന് അറിയാമായിരുന്നു. ഒരിക്കല്‍ ശീലാസിനൊപ്പം കാരഗ്രഹത്തില്‍ കിടന്നപ്പോഴും അതാണല്ലോ നടന്നത്.

മാത്രമല്ല യെരുശലേം മുതല്‍ ഇറ്റലിവരെ നീണ്ടുകിടക്കുന്ന ശുശ്രൂഷയുടെ പുതിയൊരു വഴി തെളിയണമെങ്കില്‍ പൗലോസിന് ആദ്യം യരുശലേമില്‍ എത്തേണ്ടിയിരുന്നു. ഇന്ന് പലരും മുന്നോട്ട് പോകുവാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്. യുരശലേമില്‍ എത്തിച്ചേരുവാന്‍ വൈകുന്നതു കൊണ്ടാണ്. യരുശലേം ഒഴിവായികിട്ടാനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാവും അവര്‍. പക്ഷേ യരുശലേമും അവിടെ അനുഭവിക്കേണ്ട കഷ്ടങ്ങളും കടന്നേ പൗലോസിന് മുന്നോട്ട് പോകുവാന്‍ കഴിയുമായിരുന്നുള്ളൂ. ദൈവം വിളിച്ചു കൂടെ നിര്‍ത്തിയിരിക്കുന്നത് സുഖവാസത്തിനല്ല എന്ന് പൗലോസ് അറിഞ്ഞിരുന്നു. അതു തന്നെ ആയിരുന്നല്ലോ തന്റെ പ്രിയ ശിഷ്യനായ തിമോത്തിയെ പഠിപ്പിക്കുന്നതും നല്ല ഭടനായി നിന്നുകൊണ്ട് നീയും എന്നോടുകൂടെ കഷ്ടം സഹിക്കുവിന്‍ എന്നാണ് പൗലോസ് ഉപദേശിക്കുന്നത് (2 തിമൊ. 2:3, 4). പക്ഷേ ഇന്നത്തെ ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത് എന്താണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
യരുശലേമില്‍ എത്തിയതിനുശേഷം പൗലോസിന്റെ ശുശ്രൂഷാരീതി മാറിയതായിട്ടാണ് നാം വായിക്കുന്നത്. പ്രമുഖരായ ആളുകളുടെ മുമ്പാകെ, രാജ സദസ്സിന് മുമ്പാകെ വചനവുമായി നില്ക്കാനുള്ള അവസരങ്ങളായിരുന്നു പൗലോസിന് ലഭിച്ചുകൊണ്ടിരുന്നത്. കൈസരെ അഭയം ചൊല്ലിയതോടെ റോം വരെയുള്ള യാത്രയും വെളിവായി. തുടര്‍ന്ന് ഈശാനമൂലന്‍ ആഞ്ഞടിച്ച് സര്‍വ്വവും തകര്‍ന്നുപോയ ഒരു കപ്പല്‍ യാത്രയിലേക്ക് നാം എത്തിച്ചേരുന്നു. യാത്രയുടെ പ്രാരംഭം ശുഭകരമായി കപ്പിത്താനും ശതാധിപനും തോന്നി. അതുകൊണ്ടുതന്നെ തടവുകാരനായ പൗലോസിന്റെ മുന്നറിയിപ്പ് ആരും മുഖവിലയ്ക്ക് എടുത്തില്ല. (പ്രവൃ. 27 വായിക്കുക) ആ കപ്പല്‍ തകരേണ്ടത് ദൈവത്തിന്റെ ആവശ്യമായിരുന്നു.

14 ദിവസങ്ങള്‍ക്കുശേഷം കപ്പല്‍ തകരുമ്പോള്‍ അതില്‍  ഏറ്റവും ശാന്തനായി ഉണ്ടായിരുന്നത് പൗലോസ് മാത്രമായിരുന്നു. മെലിത്ത എന്ന ദ്വീപിലേക്ക് ആരുടെയും പ്രാണന് കോട്ടം വരാതെ പൗലോസിന്റെ ദൈവം തങ്ങളെ എത്തിച്ചെന്ന് എല്ലാവരും ആശ്വസിച്ചു. എന്നാല്‍ ഇറ്റലിയില്‍ എത്തും മുമ്പ് പൗലോസിനെ ഉപയോഗിക്കേണ്ട ഇടത്തേക്ക് ദൈവം അവരെകൊണ്ട് അടുപ്പിക്കുകയായിരുന്നു. കപ്പിത്താന്റെ പ്ലാനില്‍ മെലിത്ത ഇല്ലാതിരുന്നപ്പോള്‍ പൗലോസിന്റെ ശുശ്രൂഷയുടെ പ്ലാന്‍ തയ്യാറാക്കിയ ദൈവം മെലിത്തയിലെ മൂന്ന് മാസം എഴുതി ചേര്‍ത്തിരുന്നു. മെലിത്തയില്‍ നടന്ന ഉണര്‍വ്വായിരുന്നു അത്. അതിനായി ആ ദ്വീപുപ്രമാണിയായ പുബ്ലിയോസും അവന്റെ ഭവനവും എന്തിന് ദ്വീപുവാസികള്‍ വരെ തയ്യാറായിരുന്നു.

പ്രശ്‌നം പൗലോസിന്റെ അഭാവമായിരുന്നു. ആ കുറവാണ് ഒരു കപ്പല്‍ച്ചേതത്തിലൂടെ ദൈവം സാദ്ധ്യമാക്കിയെടുത്തത്.
ഒരു അഭിഷിക്തനെ എപ്പോള്‍ എവിടെ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് ദൈവത്തിന്റെ മനസ്സാണ്. അത് തിരിച്ചറിയുമ്പോഴാണ് പൗലോസിനെപ്പോലെ ദൈവത്തിന്റെ മുന്നണി പോരാളിയായി നില്‍ക്കുവാന്‍ നമുക്കും കഴിയുകയുള്ളൂ. മൂന്നുമാസത്തിന് ശേഷം മെലിത്തയില്‍ ശീതകാലം കഴിച്ചുകിടന്നിരുന്ന ഒരു കപ്പലില്‍ കയറി പൗലോസും കൂടെയുള്ളവരും ഇറ്റലിയിലേക്ക് യാത്ര തുടങ്ങിയപ്പോള്‍ പുബ്ലിയോസും ദ്വീപുവാസികളും ചിരിക്കുന്നുണ്ടായിരുന്നു. ദൈവവും.

പിന്‍കുറിപ്പ്:
ഒരു ശുശ്രൂഷകന്റെ ജീവിതത്തില്‍ പൊടുന്നനവെ പ്രശ്‌നങ്ങള്‍ വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അല്പം അകലെയായി ശുശ്രൂഷയുടെ ഒരു വാതില്‍ തുറന്നുകൊണ്ടിരുന്നു എന്നാണ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.