വിചാരം: കുട്ടികൾ അക്രമകാരികളായാൽ? | ജെ പി വെണ്ണിക്കുളം

ഓരോ ദിവസത്തെയും പത്ര-ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് കുട്ടികളിൽ വർധിച്ചുവരുന്ന കുറ്റവാസനയാണ്. കൗമാരത്തിലോ അതിനു മുൻപോ അവരിൽ അക്രമ സ്വഭാവരീതി കണ്ടുവരുന്നു. തുടക്കം ചെറിയ തെറ്റുകളിലാണെങ്കിലും പിന്നീട് കൃത്യമായ ഇടപെടലുകൾ നടത്താത്തതുകൊണ്ട് അവ വർധിച്ചുവരുന്നു. ഒരുപക്ഷെ കുടുംബ പശ്ചാത്തലമോ, ലഹരി ഉപയോഗങ്ങളോ കുറ്റം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്നു.
തെറ്റായ കൂട്ടുകാർ, മൊബൈൽ ഇന്റർനെറ്റ് അക്രമവസനയുള്ള ഗെയിമുകൾ, സിനിമകൾ തുടങ്ങി കാരണങ്ങൾ പലതാണ്.
പഠനഭാരം, പരീക്ഷകളിൽ പരാജയപ്പെടുന്നത്, ഒറ്റപ്പെടൽ, ശ്രദ്ധക്കുറവ് (ADHD) ഇവയൊക്കെ കൃത്യമായി തിരിച്ചറിയാതെ പോകുന്നത് കുറ്റവാസനയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഇവിടെയാണ് നല്ലൊരു പേരെന്റ്റിംഗ് ആവശ്യമായിവരുന്നത്. കുട്ടികളോട് സൗഹൃദപരമായി പെരുമാറുക, അവരെ ക്ഷമയോടെ കേൾക്കുക, അവരുടെ ദിനചര്യകൾ നിരീക്ഷിക്കുക, ഒപ്പം അവരുടെ ഇന്റർനെറ്റ് ഉപയോഗങ്ങളും ശ്രദ്ധിക്കുക. ഡൽഹിയിൽ ചില മാസങ്ങൾക്കു മുൻപ് ഒരു വീട്ടിലെ നാലു പെൺകുട്ടികൾ പതിനൊന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത് ഗെയിമിന്നു പിന്നാലെ പോയി ‘ടാസ്ക്’ പൂർത്തീകരിക്കാനായിരുന്നു! കഴിഞ്ഞ ദിവസം ഉണ്ടായ പ്ലസ് വൺ വിദ്യാർഥിയുടെ കൊലപാതകം മനുഷ്യ മനസ്സുകളെ ഞെട്ടിപ്പിച്ച വാർത്തയായിരുന്നു.
ഇവിടെ കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കാതിരിക്കുക. സ്വഭാവമാറ്റം, അമിതകോപം, കള്ളം പറയൽ, സാധനങ്ങൾ നശിപ്പിക്കൽ ഇതൊക്കെ കണ്ടാൽ നിരീക്ഷിക്കുക. കൂടാതെ നല്ലൊരു ചൈൽഡ് സൈക്കോളോജിസ്റ്റിനെ കൂടി കാണുന്നത് ഉചിതമായ സഹായം തേടൻ നല്ലതാണ്.
നമ്മുടെ സംസ്ഥാന ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞത്, ജുവനൈൽ ആക്റ്റിൽ മാറ്റം വരുത്തുന്നത് ആലോചനയിൽ ആണെന്നാണ്.
ഇന്ത്യയിൽ കുട്ടികളിലെ കുറ്റവാസനയും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന നിയമം 2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) ആക്റ്റ് (Juvenile Justice Act, 2015) ആണ്. ബാലനീതി നിയമം എന്ന് ഇതിനെ വിളിക്കുന്നു. ഈ നിയമം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ ശിക്ഷിക്കുന്നതിനേക്കാൾ, അവരുടെ മാനസികമായ മാറ്റത്തിനും പുനരധിവാസത്തിനും (Rehabilitation and Reform) ആണ് മുൻഗണന നൽകുന്നത്. നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള ഏത് വ്യക്തിയും കുട്ടിയാണ്. എന്നാൽ 16-18 വയസ്സ് വരെയുള്ള കുട്ടികളെ അവരുടെ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ചു മുതിർന്നവരെപോലെ കോടതിയിൽ വിചാരണ ചെയ്യാൻ കഴിയും. ജുവനൈൽ ജസ്റ്റിസ് ബോർഡ് (JJB) കുട്ടിയുടെ മാനസികവും ശാരീരികവുമായ അവസ്ഥയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ ഇതിൽ തീരുമാനമെടുക്കൂ.
കുട്ടികളെ സാധാരണ ജയിലുകളിൽ അടയ്ക്കാറില്ല. പകരം അവരെ നിരീക്ഷണ ഹോമുകളിലോ (Observation Homes)
സ്പെഷ്യൽ ഹോമുകളിലോ (Special Homes): താമസിപ്പിച്ചു കൗൺസിലിംഗ് നൽകാറുണ്ട്. കുട്ടികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ നൽകാറില്ല. എന്നാൽ കാലം മാറിവരുന്നതുകൊണ്ടാണ് നിയമത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നത്. ഒരുപക്ഷെ, നിയമം കഠിനമായാൽ അക്രമം ചെയ്യാൻ മടിക്കുമെന്ന് തോന്നുന്നു. ബൈബിൾ പറയുന്നത്, ‘ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക’ എന്നാണ്. ദൈവഭയവും ദൈവാശ്രയ ബോധവും അവരിൽ വർധിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം.
ജെ പി വെണ്ണിക്കുളം

- Advertisement -


Comments are closed.