ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ ദേശീയ ഏകദിന കോൺഫറൻസിന് ചെങ്ങന്നൂരിൽ അനുഗ്രഹീത സമാപനം

ചെങ്ങന്നൂർ: ക്രൈസ്തവ സംഗീതജ്ഞരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ (CMF) ദേശീയ ഏകദിന കോൺഫറൻസ് നവംബർ 3 ചൊവ്വാഴ്ച ചെങ്ങന്നൂരിൽ നടന്നു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലുള്ള ഗ്ലോബൽ റിവൈവൽ ചർച്ചിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു സമ്മേളനം.ഗ്ലോബൽ റിവൈവൽ ചർച്ച് സീനിയർ പാസ്റ്റർ ആഷ്‌ലി തോമസ് പ്രാർത്ഥിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. വിവിധ റീജിയനുകളിൽ നിന്നുള്ള സംഗീതജ്ഞർ അവതരിപ്പിച്ച ഗാനങ്ങളും സംഗീതശുശ്രൂഷകളും സമ്മേളനത്തിന് പ്രത്യേക മികവേകി. സംഗീതശുശ്രൂഷകരുടെ ആത്മീയ വളർച്ച, വ്യക്തിജീവിതത്തിലെ വിശുദ്ധി, ശുശ്രൂഷയോടുള്ള സമർപ്പണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി വിവിധ സെഷനുകൾ ക്രമീകരിച്ചിരുന്നു.

News Middle Advt Banner

പാസ്റ്റർ പോൾസൺ സ്റ്റീഫന്റെ വചനസന്ദേശം ശ്രദ്ധേയമായി. സംഗീതജ്ഞരുടെ ആത്മീയ ജീവിതം എങ്ങനെയായിരിക്കണമെന്നും വിശ്വാസത്തിൽ എങ്ങനെ മുന്നേറണമെന്നും അദ്ദേഹം വചനാടിസ്ഥാനത്തിൽ വിശദീകരിച്ചു. സംഗീതശുശ്രൂഷയുടെ പിന്നിലെ ആത്മീയ സമർപ്പണത്തിന്റെയും ദൈവത്തോടുള്ള വ്യക്തിബന്ധത്തിന്റെയും പ്രാധാന്യം സന്ദേശത്തിൽ എടുത്തുപറഞ്ഞു.

ബാംഗ്ലൂരിൽ നിന്നുള്ള ഡോ. ജോയ് ജോൺ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ദൈവസാന്നിധ്യത്തിൽനിന്ന് അകന്നുകൊണ്ട് മറ്റുള്ളവരെ ദൈവത്തോട് അടുപ്പിക്കാൻ കഴിയില്ലെന്നും ആത്മീയ അഭിഷേകവും ദൈവസാന്നിധ്യവുമില്ലാത്ത സംഗീതശുശ്രൂഷ കേവലം ശബ്ദമായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംഗീതജ്ഞരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി സംഘടിപ്പിച്ച ‘ഹെൽത്ത് ആൻഡ് വെൽനസ്’ സെഷനും ശ്രദ്ധേയമായി. ഡോ. അജിത് ജോൺ നയിച്ച ക്ലാസിൽ ക്രിസ്തീയ കലാകാരന്മാർ ആത്മീയ ജീവിതത്തിന് നൽകുന്ന പ്രാധാന്യത്തോടൊപ്പം ശാരീരിക ആരോഗ്യത്തിനും ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആരോഗ്യകരമായ ജീവിതശൈലിയും സ്വയംപരിചരണവും സംബന്ധിച്ച പ്രായോഗിക നിർദേശങ്ങളും പങ്കുവെച്ചു.

പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയുടെ അവതരണവും സമ്മേളനത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകമായിരുന്നു. നർമവും ചിന്തോദ്ദീപകമായ ആശയങ്ങളും കോർത്തിണക്കിയ അവതരണത്തിലൂടെ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും സൗമ്യതയും മൃദുത്വവും പുലർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുവിന്റെ സ്വഭാവം സംഗീതജ്ഞരുടെ ജീവിതത്തിൽ പ്രകടമാകേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിച്ചു.

സി.എം.എഫ് ഉപദേശകസമിതി അംഗം ഇവ. കുട്ടിയച്ചൻ തന്റെ സംഗീതാനുഭവങ്ങൾ പങ്കുവെച്ചു. സംഗീതരംഗത്ത് ദീർഘകാലമായി ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അനുഭവങ്ങളും സംഭാവനകളും പുതിയ തലമുറയ്ക്ക് പ്രചോദനമായി. വിവിധ റീജിയനുകളിൽ നിന്നുള്ള അംഗങ്ങൾ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ആത്മീയ കൂട്ടായ്മയ്ക്കും പരസ്പര സൗഹൃദം പുതുക്കുന്നതിനും അവസരമൊരുക്കിയ സമ്മേളനം അംഗങ്ങൾക്ക് അനുഗ്രഹീതമായ കുടുംബസംഗമമായി മാറി.

സി.എം.എഫ് കോർ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംസൺ കൊട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവേൽ ഹെൻട്രി, സുനിൽ സോളമൻ, ബിനു ചാരുത, പ്രതീഷ് വി.ജെ. എന്നിവർ സമ്മേളനത്തിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

സി.എം.എഫ് ചെങ്ങന്നൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസാദ് കോശിയും ആലിസ് ജേക്കബും സമ്മേളനത്തിന്റെ പ്രാദേശിക ക്രമീകരണങ്ങൾ നിർവഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading