ലേഖനം: ഹില്ലേലിന്റെ സാൻഡ്വിച്ച് | പാസ്റ്റർ സണ്ണി പി സാമുവൽ
സാൻഡ്വിച്ച് (Sandwich) എന്ന ഭക്ഷണപദാർത്ഥം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കാം. ലോകമെമ്പാടും ഒരുപോലെ ജനപ്രിയമായ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലഘുഭക്ഷണമാണു സാൻഡ്വിച്ച്. രണ്ടുകഷണം റൊട്ടികൾക്കിടയിൽ (Bread) പച്ചക്കറികൾ, മാംസം, ചീസ് അല്ലെങ്കിൽ പലതരം സോസുകൾ എന്നിവ ചേർത്താണു സാധാരണയായി ഇതു തയ്യാറാക്കുന്നത്.

ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോൺ മൊണ്ടേഗ് (John Montagu) എന്ന ബ്രിട്ടീഷ് പ്രഭുവിൽ നിന്നാണു സാൻഡ്വിച്ചിനു ഈ പേരു ലഭിച്ചത്. അദ്ദേഹം ‘ഫോർത്ത് ഏൾ ഓഫ് സാൻഡ്വിച്ച്’ (4th Earl of Sandwich) എന്ന പദവിയിലുള്ള ആളായിരുന്നു. ‘ഏൾ ഓഫ് സാൻഡ്വിച്ച്’ (Earl of Sandwich) എന്നതു ഇംഗ്ലണ്ടിലെ പ്രഭുസ്ഥാനങ്ങളിൽ (Peerage of England) ഒന്നാണ്. ചരിത്രപരമായി കെന്റിലെ സാൻഡ്വിച്ച് എന്ന പട്ടണവുമായി ഇതിന് ബന്ധമുണ്ട്. ‘സാൻഡ്വിച്ച്’ എന്ന ഭക്ഷണവിഭവത്തിന്റെ പേരിലാണു ഈ പട്ടണം ലോകപ്രസിദ്ധമാകുന്നത്.
ജോൺ മൊണ്ടേഗ് ചൂതാട്ടഭ്രാന്തൻ ആയിരുന്നു. കളിയിൽ അതീവശ്രദ്ധാലുവായിരുന്ന അദ്ദേഹം, കളി തടസ്സപ്പെടാതിരിക്കാനും കൈകളിൽ ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം പറ്റിപ്പിക്കാതെയിരിക്കാനും റൊട്ടിക്കുള്ളിൽ ഇറച്ചിവെച്ചു നല്കാൻ പരിചാരകരോടു ആവശ്യപ്പെട്ടു. ഇതാണു പിന്നീടു ‘സാൻഡ്വിച്ച്’ എന്ന പേരിൽ ലോകപ്രശസ്തമായ വിഭവം.
പ്രധാന സവിശേഷതകൾ
•വൈവിധ്യം:- വെജിറ്റബിൾ സാൻഡ്വിച്ച്, ചിക്കൻ സാൻഡ്വിച്ച്, ഗ്രിൽഡ് ചീസ് സാൻഡ്വിച്ച്, ക്ലബ് സാൻഡ്വിച്ച് എന്നിങ്ങനെ പല രുചികളിൽ ഇത് ലഭ്യമാണ്.
•എളുപ്പപ്പണി:- യാത്രകളിലോ ഓഫീസുകളിലോ സ്കൂളുകളിലോ കൊണ്ടുപോകാൻ ഏറ്റവും സൗകര്യപ്രദമായ ഭക്ഷണമാണിത്.
•പോഷകസമൃദ്ധം:- മുഴുധാന്യ റൊട്ടി, പച്ചക്കറികൾ, മാംസം എന്നിവ ശരിയായ ചേരുവകൾ ചേർത്തു തയ്യാറാക്കിയാൽ സാൻഡ്വിച്ച് പ്രോട്ടീൻ സമൃദ്ധമായ ആരോഗ്യപ്രദമായ ഭക്ഷണമാണ്.
റബ്ബി ഹില്ലേലിന്റെ കണ്ടുപിടുത്തം
സാൻഡ്വിച്ച് എന്ന പേരു വന്നതു ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിന്റെ പേരിൽനിന്നാണെങ്കിലും അതു കണ്ടുപിടിച്ചതു ഒരു യെഹൂദൻ ആണെന്നു അറിയുക. രണ്ടാം മോശെ എന്ന അപരനാമത്തിൽ വിളിക്കപ്പെട്ടിരുന്ന റബ്ബി ഹില്ലേൽ അഥാവാ Hillel, the Elder 110 ബി.സി മുതൽ എ.ഡി., 10 വരെ ജീവിച്ചിരുന്ന യെഹൂദാചരിത്രത്തിലെ പ്രശസ്തനായ പണ്ഡിതനും ഉപദേഷ്ടാവും ആയിരുന്നു. റബ്ബിനിക് ഉപദേശക്രമത്തിന്റെ ഉപജ്ഞാതാവു അഥവാ അതിനെ ക്രമീകൃതമായി ചിട്ടപ്പെടുത്തിയ ജൂയിഷ് സ്കോളർ എന്നു അദ്ദേഹത്തെ വിളിക്കാം. ജന്മംകൊണ്ടു ബാബിലോണിയൻ ആയിരുന്നു. 40-ആം വയസ്സിൽ യെരൂശലേമിലേക്കു കുടിയേറി ശെമയ്യാവിന്റെയും അബ്താലിയോന്റെയും കീഴിൽ ന്യായപ്രമാണം അഭ്യസിച്ചു “ഡോക്ടർ ഒഫ് ലോ” ആയി. അദ്ദേഹത്തിന്റെ മകൻ ശിമെയോൻ ബെൻ ഹില്ലേലിന്റെ മകനായിരുന്നു സർവ്വജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായിരുന്ന ഗമാലിയേൽ (അ.പ്രവൃ:5:34). വല്യപ്പച്ചൻ ഹില്ലേലും ഒട്ടുംകുറെയാതെ അങ്ങനെതന്നെ ആയിരുന്നു. ഈ ധർമ്മോപദേഷ്ടാവിന്റെ കണ്ടുപിടുത്തമായിരുന്നു സാൻഡ്വിച്ച്. ഒന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ ആചാരമായ “ഹില്ലേൽ സാൻഡ്വിച്ച്” (Hillel Sandwich) പെസഹയിലെ ഒരു വിഭവമായി. ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ആദ്യത്തെ സാൻഡ്വിച്ച് രൂപം ഇതാണെന്നു കരുതപ്പെടുന്നു.
യെഹൂദരുടെ പെസഹാ (Passover) പെരുന്നാളിന്റെ ചടങ്ങായ ‘സെയ്ഡർ’ (Seder) വിരുന്നിനിടയിലാണു ഈ സാൻഡ്വിച്ച് കഴിക്കുന്നത്.
ഹില്ലേലിന്റെ ചേരുവകൾ
ഹീബ്രുഭാഷയിൽ ‘കൊറെക്’ (Korech) എന്നു വിളിക്കുന്ന ഈ സാൻഡ്വിച്ചിൽ പെസഹാമേശയിങ്കലെ പരമ്പരാഗതമായി മൂന്ന പ്രധാന സാധനങ്ങൾ ചേർത്താണു ഹില്ലേൽ ഇതു തയ്യാറാക്കിയത്. പുളിപ്പില്ലാത്ത പരന്ന റൊട്ടിയായ മാറ്റ്സ, (Matzah) കയ്പുള്ള ഇലകൾ അല്ലെങ്കിൽ കുതിരമുള്ളങ്കി (horseradish/Bitter herbs) ചേർന്ന മരോർ (Maror), പെസഹാ കുഞ്ഞാടിന്റെ ചുട്ടെടുത്ത മാംസം എന്നിവ ഉൾപ്പെട്ടതായിരുന്നു ഹില്ലേലിന്റെ സാൻഡ്വിച്ച്. പുരാതനകാലത്തു ഉണ്ടായിരുന്ന ഈ ചേരുവ, യെരൂശലേം ദൈവാലയം തകർക്കപ്പെട്ടതിനു ശേഷം ഇപ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ആധുനിക കാലത്തു യെഹൂദർ മിറ്റ്സ റൊട്ടിക്കുള്ളിൽ കയ്പുള്ള ഇലകളും ‘ഹാരൊസെറ്റ്’ (Charoset) എന്ന മധുരമുള്ള ആപ്പിൾ-അണ്ടിപ്പരിപ്പു മിശ്രിതവും ചേർത്താണു ഹില്ലേൽ സാൻഡ്വിച്ച് ഉണ്ടാക്കുന്നത്. ഇതു പ്രതീകാത്മകമണ്. അതിന്റെ അർത്ഥം പ്രാഥമാകമായി മിസ്രയീമ്യ അടിമത്തവും കഷ്ടതകളും മോചനവോം സ്വാതന്ത്ര്യവും ആണെങ്കിലും; സകലമനുഷ്യരും അനുഭവിക്കുന്ന വിവിധതരം അടിമത്തങ്ങളൊയും കഷ്ടതകളെയും, ഒപ്പം, ദൈവികവിടുതലിനെയും സൂചിപ്പിക്കുന്നു. മാറ്റ്സറൊട്ടി തിടുക്കം, തിരക്കേറിയ ജീവിതം എന്നിവയേയും മാരൊർ ജീവിതത്തിന്റെ കയ്പേറിയ വശങ്ങളെയും കാണിക്കുമ്പോൾത്തന്നെ മുൻഗാമികൾ വിശ്വാസത്തിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളെ ഓർമ്മിപ്പിക്കുന്നു.
ഇവയോടുചേർന്നു ഹാരൊസെറ്റിലെ മധുരംകൂടെ ആകുമ്പോൾ, ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും ഒരുപോലെ ഉൾക്കൊള്ളണം എന്ന സന്ദേശമാണു ഹില്ലേൽ നല്കുന്നത്. ഇനിയെങ്കിലും ഒരു സാൻഡ്വിച്ച് കഴിക്കുമ്പോഴും ഓർക്കുക, അതു പെസഹാമേശയിങ്കൽനിന്നു വന്നതാണ്. അതു ദൈവികവിടുതലിന്റെ സൂചനാർത്ഥമാണ്. അതു കണ്ടുപിടിച്ചതു ഒരു യെഹൂദനാണ്.
പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -


Comments are closed.