ലേഖനം: കോഴിയുടെ കൂവലും, പത്രോസിന്റെ മടങ്ങിവരവും | ബിജു ജോസഫ്, ഷാർജ
….ഉടനെ കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും”

ക്രിസ്തു ശിഷ്യനായ പത്രോസിനോട് യേശുക്രിസ്തു പറഞ്ഞ മുന്നറിയിപ്പും അതിൻ്റെ പൂർത്തീകരണവുമാണ് ഈ വാക്കുകളിൽ നമ്മൾ കാണുന്നത്.
ഈ സംഭവത്തിൽ നമ്മെ ചിന്തിപ്പിക്കുന്ന വളരെ മനോഹരമായ ചില കാര്യങ്ങളുണ്ട്.
മനുഷ്യന്റെ ബലഹീനതയും ആത്മവിശ്വാസവും. താൻ ഒരിക്കലും യേശുവിനെ തള്ളിപ്പറയില്ല എന്ന് പത്രോസ് പൂർണ്ണമായും വിശ്വസിച്ചിരുന്നു. എന്നാൽ ഭയം വരുമ്പോൾ നമ്മുടെ സ്വയാശ്രയശക്തി എത്രമാത്രം ബലഹീനമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
പത്രോസ് വീണുപോകുമെന്ന് യേശുവിന് കൃത്യമായി അറിയാമായിരുന്നു. എന്നിട്ടും യേശു മുൻകൂട്ടി മുന്നറിയിപ്പ് നൽകിയത് പത്രോസിനെ കുറ്റപ്പെടുത്താനല്ല, മറിച്ച് ആ വീഴ്ചയ്ക്ക് ശേഷവും അവൻ പൂർണ്ണമായി തകർന്നുപോകാതെ തിരിച്ചുവരാൻ സഹായിക്കാനായിരുന്നു. സമൂഹം നമ്മെ നോക്കി കൂവുന്ന അപമാനത്തേക്കാൾ എത്രയോ ഭയാനകമാണ്, നമ്മുടെ സ്വന്തം മനഃസാക്ഷി നമുക്കെതിരെ തിരിഞ്ഞു കൂവുന്നത്! പുറത്തുള്ളവരുടെ പരിഹാസങ്ങളെ നമുക്ക് അതിജീവിക്കാം, എന്നാൽ സ്വന്തം മനഃസാക്ഷിയുടെ കുറ്റപ്പെടുത്തലിന് മുന്നിൽ തകർന്നുപോകുമ്പോഴാണ് മനുഷ്യൻ യഥാർത്ഥത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് വീണുപോകുന്നത്. അതൊരു ആത്മീയ തകർച്ചയുടെയും വിനാശത്തിന്റെയും നേർക്കാഴ്ചയാണ്.
പുറംലോകത്തിന്റെ കൂവൽ നമ്മെ പുറത്തുനിന്ന് തളർത്തുമ്പോൾ, മനഃസാക്ഷിയുടെ കൂവൽ നമ്മെ ഉള്ളിൽ നിന്ന് കൊന്നു (തിന്നു)കളയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്! കോഴി കൂകിയ ഉടനെ യേശുവിന്റെ കണ്ണ് പത്രോസിന്റെ മേൽ പതിഞ്ഞതും പത്രോസ് പുറത്തുപോയി ഹൃദയ നുറുക്കത്തോടെ കരഞ്ഞതും യഥാർത്ഥ “മാനസാന്തര”ത്തിന്റെ വലിയൊരു മാതൃകയാണ്.
പരാജയങ്ങളിൽ തളർന്നുപോകാതെ, പത്രോസിനെപ്പോലെ വീണ്ടും ഉയിർത്തെഴുന്നേൽക്കാനും ദൈവസ്‌നേഹത്തിലേക്ക് തിരികെ നടക്കാനുമുള്ള വലിയൊരു പാഠമാണ് ഈ സംഭവം നമ്മോടു വിളിച്ചു പറയുന്നത്. ജീവിതത്തിൽ നമ്മൾ നേരിടുന്ന ആവർത്തിച്ചുള്ള കൂവലും നിന്ദയും പരിഹാസവുമൊക്കെ നമ്മളെ തളർത്തുന്ന ശബ്ദമായി മാത്രം വിലയിരുത്തരുത് അഥവാ കാണരുത്. അങ്ങനെ കണ്ടാൽ പ്രത്യേകിച്ച് നമ്മുടെ വിശ്വാസജീവിതം ജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. പരാജയങ്ങളും പ്രതിസന്ധികളും നമ്മുടെ മുമ്പിൽ വരുമ്പോൾ, ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. ദൈവം അനുവദിക്കുന്നത് കൊണ്ട് മാത്രമാണ് നമ്മൾ അത്തരം സംഭവങ്ങളിലൂടെ കടന്നുപോകുന്നത്.
അപ്പോൾ, ഇത്തരത്തിലുള്ള കൂവലിന്റെ ശബ്ദം തളർച്ചയ്ക്കല്ല, മറിച്ച് ഉയർത്തെഴുന്നേൽപ്പിന്റെ അടിത്തറയാകേണ്ടതിനുള്ള ആത്മീയ ഊർജ്ജമായി, ചങ്കൂറ്റത്തോടെ നമ്മൾ അതിനെ സ്വീകരിക്കണം. പത്രോസിന്റെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള ഒരു മടങ്ങിവരവിനുള്ള – ശബ്ദമായിരുന്നു കേവലം ഒരു കോഴിയിലൂടെ ആവർത്തിച്ച് കൂവിപ്പിച്ചത്. തിരിച്ചറിവിനുള്ള, മടങ്ങിവരവിനുള്ള.. ആത്മീയ ഊർജ്ജം നിറച്ച ശക്തിയുള്ള ശബ്ദമായിരുന്നു ആ കൂവലിന്റെ ശബ്ദം. ജീവിതത്തിലെ ആവർത്തിച്ചാവർത്തിച്ചുള്ള പരാജയ കൂപ്പുകുത്തലുകളിൽ നിന്നുമുള്ള, വീഴ്ചകളിൽ നിന്നുമുള്ള ഒരു ഉയർത്തെഴുന്നേൽപ്പിന്റെ ശക്തി പകരുന്ന ശബ്ദം!(കൂവൽ).
ഇസ്രായേലിന്റെ ആദ്യ രാജാവായ ശൗലും പടയാളികളും ദേശം മുഴുവനും ഫെലിസ്ത്യനായ ഗോലിയാത്തിന്റെ നിന്ദയും പരിഹാസവും നിറഞ്ഞ വെല്ലുവിളിയുടെ കൂവൽ കേട്ട് സംഭ്രമത്താൽ ഭയത്തിന്റെ ഇരുട്ടിൽ തപ്പിത്തടഞ്ഞിരുന്നപ്പോൾ, ..അവിടേക്ക് സഹോദരങ്ങളുടെ ക്ഷേമാന്വേഷണത്തിനായി പിതാവ് പറഞ്ഞുവിട്ട ബാലനായ ദാവീദ് കടന്നുവരുന്നു.. മല്ലനായ ഗോലിയാത്ത് എന്ന “അഗ്രചർമ്മി”യുടെ വെല്ലുവിളിയുടെ കൂവലിനെ തളർത്തുന്ന ശബ്ദമായിട്ടല്ല, മറിച്ച് ദൈവത്തെയും ദൈവജനത്തെയും നിസ്സാരവൽക്കരിക്കുന്ന ഒന്നായിട്ടാണ് ദാവീദിന് തോന്നിയത്.
ആ തോന്നൽ, ശത്രുവിൻ്റെ വെല്ലുവിളിയെ എതിർത്ത് ജയിക്കാനുള്ള, ദൈവീക ശക്തിയായി, ആത്മീയ ഊർജ്ജമായി, ദാവീദിൽ മാറി.ആ ശക്തി ദാവീദിന് അവനുമേൽ ജയം കൊടുത്തു. ഒപ്പം ദൈവത്തിന്റെ ജനത്തിന് ഒരു വിമോചകനായും രക്ഷകനായും മാറി.
“നീ ദൈവപുത്രനാണെങ്കിൽ ക്രൂശിൽ നിന്നും ഇറങ്ങി വരിക. നീ നിന്നെത്തന്നെരക്ഷിക്കുക.. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അദൃശ്യമണ്ഡലത്തിലിരുന്ന് യേശുക്രിസ്തുവിനോട്, യേശുക്രിസ്തുവിന്റെ രക്ഷാകര ദൗത്യ നിവർത്തീകരണത്തെ പരാജയപ്പെടുത്താൻ ഉപയോഗിച്ച പിശാചിന്റെ അവസാനന ശ്രമമായിരുന്നു ആ വാക്കുകളിൽ മുഴങ്ങിക്കേട്ടത്.
ആ ശബ്ദത്തിന്റെ പ്രഖ്യാപനം പരാജയത്തിന്റെ, നിന്ദയുടെ, പരിഹാസത്തിന്റെ കൂവലായിട്ടാണ് ലോകം അതിനെ കണ്ടത്. പിശാച് മനുഷ്യമക്കളെ തെറ്റിദ്ധരിപ്പിച്ചത്. പക്ഷേ സകല ആയുധവും വെച്ച് അതിനുശേഷം അവൻ കീഴടങ്ങി. പിശാചിന്റെ പരാജയനിലവിളിയായിരുന്നു വെല്ലുവിളി നിറഞ്ഞ ആ കൂവലിന്റെ ശബ്ദം. രക്ഷാകര ദൗത്യനിവർത്തീകരണത്തിലൂടെ ലോകമാനവരാശിക്ക് മുഴുവനും സംഭവിക്കാൻ പോകുന്ന വലിയ ജയത്തിന്റെ കൂവൽ തിരിച്ചറിഞ്ഞ് ഏറ്റെടുക്കുന്നവർക്കുള്ള രക്ഷയുടെ കൂവലാണത്.
ഇത്തരത്തിലുള്ളപൈശാചിക ശക്തികളുടെ വെല്ലുവിളികൾ നിറഞ്ഞ കൂവലുകൾ തിരിച്ചറിഞ്ഞ്, വിവേചിച്ച് അവയ്ക്കതിരെ മധുര പ്രതികാരത്തിന്റെ വിജയഭേരി മുഴക്കി ക്രിസ്തീയ ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാൻ നമുക്ക് കഴിയണം.. ദൈവമക്കൾക്ക് കഴിയണം.
കൂവൽ ഒരു കയറിൽ മരത്തിൽ അവസാനിപ്പിക്കാനുള്ളതല്ല. മരത്തിൽ തൂങ്ങി മരത്തിൽ ക്രൂശിക്കപ്പെട്ട് ഒടുവിലത്തെ രക്തവും വെള്ളവും കൂടി നമുക്കായി തന്ന അവൻ്റെ പാതയിലൂടെ,.. അവൻ പോയ വഴികളിലൂടെ അനുഗമിച്ച് നിത്യതയുടെ സ്വസ്ഥതയിൽ പ്രവേശിക്കാനാണ്. നമ്മളെ ഏൽപ്പിച്ച ഒരു വ്യക്തിയെ പോലും നഷ്ടപ്പെടുത്താതെ അവിടെ എത്തിക്കാൻ വേണ്ടിയാണ്. മറക്കണ്ട മുമ്പോട്ട്.. മുമ്പോട്ട് ..മുമ്പോട്ട് തന്നെ പിറകിലേക്ക് തിരിഞ്ഞു നോക്കരുത്. “നിത്യരക്ഷ”യെ അലക്ഷ്യമാക്കുന്ന “പിന്നോട്ടുള്ള നോട്ടം” അരുത്.. രക്ഷയെ അലക്ഷ്യമാക്കരുത്.
കാണാൻ ഭംഗിയുള്ള ലോകത്തിന്റെ മായാവർണ്ണ കാഴ്ചകളിൽ മയങ്ങിനിന്ന് രക്ഷയെ അവഗണിച്ച ലോത്തിന്റെ ഭാര്യയും, ക്ഷണികമായി നശിച്ചുപോകുന്ന നാണയത്തുട്ടുകളുടെ കിലുക്കത്തിൽ ഗുരുവിനെ ഒറ്റി കൊടുത്തു വീണുപോയ യൂദാസും നമുക്ക് മുമ്പിൽ ഒരു സാക്ഷ്യദൃഷ്ടാന്തമായി നിന്ന് ബുദ്ധിയുപദേശിക്കുന്നു..!ആ കൂവൽ രക്ഷയെ ഉപേക്ഷിക്കുവാനുള്ളതല്ല, മറിച്ച് രക്ഷയെ വല്ലവിധേനയും പ്രാപിക്കുവാനുള്ളതാണ്!
ബിജു ജോസഫ്, ഷാർജ

- Advertisement -


Comments are closed.