ക്രൈസ്തവ ഗാനരചയിതാവ് പാസ്റ്റർ സാംകുട്ടി മത്തായിക്ക് ഇന്ന് 90-ാം ജന്മദിനം
ചിക്കാഗോ: മലയാള ക്രൈസ്തവ സംഗീതലോകത്തിന് അനശ്വരമായ ആരാധനാഗീതങ്ങൾ സമ്മാനിച്ച പ്രമുഖ ഗാനരചയിതാവ് പാസ്റ്റർ സാംകുട്ടി മത്തായി ഇന്ന് തന്റെ 90-ാം വയസിലേക്ക് പ്രവേശിക്കുന്നു.
“എന്റെ യേശു എനിക്ക് നല്ലവൻ” എന്ന ജനപ്രിയ ഗാനമുൾപ്പെടെ 150-ലധികം അനുഗ്രഹീത ഗാനങ്ങളുടെ രചയിതാവായ അദ്ദേഹം, പതിറ്റാണ്ടുകളായി ക്രൈസ്തവ സംഗീത-സാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്.
1936 ഓഗസ്റ്റ് 7-ന് പന്തളത്ത് ജനിച്ച പാസ്റ്റർ സാംകുട്ടി മത്തായിയുടെ മാതാപിതാക്കൾ പാസ്റ്റർ സി. ഇ. മത്തായിയും ഏലിയാമ്മ മത്തായിയുമാണ്. 1976-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അവിടെയും ആത്മീയ-സാഹിത്യ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഭാര്യ സിസ്റ്റർ അക്കമ മത്തായിയാണ്. ഒരു മകനും ഒരു മകളും ഇവർക്കുണ്ട്.
ആരാധനാഗീതങ്ങൾ, സുവിശേഷ ഗാനങ്ങൾ, ഭക്തികവിതകൾ തുടങ്ങി നൂറുകണക്കിന് രചനകളിലൂടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം, സഭാ ആരാധനകളിലും ആത്മീയ സമ്മേളനങ്ങളിലും ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന നിരവധി ഗാനങ്ങളുടെ സ്രഷ്ടാവാണ്.
അദ്ദേഹത്തിന്റെ ഗാനങ്ങൾ തലമുറകളെ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന ആത്മീയ സമ്പത്തായി മാറിയിട്ടുണ്ട്.
ക്രൈസ്തവ സാഹിത്യ അക്കാദമി, പി.സി.എൻ.എ.കെ. ഉൾപ്പെടെ നിരവധി സംഘടനകൾ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ ആദരിച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 2024 ഒക്ടോബർ 5-ന് ചിക്കാഗോ പെന്തക്കോസ്റ്റൽ കമ്മ്യൂണിറ്റി (CPC) അദ്ദേഹത്തെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചിരുന്നു. വിശ്വാസിസമൂഹത്തിന്റെ വിപുലമായ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ദീർഘകാല ആത്മീയ-സാഹിത്യ സേവനങ്ങളെ അനുസ്മരിച്ച് നിരവധി പേർ ആശംസകൾ നേർന്നു.

- Advertisement -


Comments are closed.