ലേഖനം: സമ്മാനം എന്ന ചതി | ജെസ്സി അലക്സ്, ഷാർജ

ആവർത്തനം 16:19 സമ്മാനം വാങ്ങരുത്, സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും, നീതിമാന്മാരുടെ ന്യായം മറച്ചു കളയുകയും ചെയ്യുന്നു അപരിചിതരായ ആരുടെ കൈയിൽ നിന്നും ഒരു സമ്മാനവും വാങ്ങരുത് എന്ന് ചെറുപ്രായം മുതൽക്കുതന്നെ എല്ലാ മാതാപിതാക്കന്മാരും അദ്ധ്യാപകന്മാരും ഒരുപോലെ ഉപദേശിക്കുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടാണ് അത് എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ആ സമ്മാനം തരുന്ന ആളിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ചുള്ള ആകുലതയാണ്. അതുകൊണ്ട് ശരിയായിട്ടുള്ളത് പോലും സംശയ ദൃഷ്ടിയോടെ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ . അതുമാത്രമോ നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചുനോക്കിയാൽ സമ്മാനങ്ങളുടെ ഒരു ഘോഷയാത്രയാണ് കാണുവാൻ സാധിക്കുന്നത്. തങ്ങളുടെ ലാഭത്തിനായി എന്തെല്ലാം സമ്മാനങ്ങൾ ഒരുക്കിയാണ് വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അതുമാത്രവുമല്ല ഇപ്പോൾ വിശ്വാസ സമൂഹത്തിലും ഈ വിധത്തിലുള്ള കാഴ്ചകൾ നമുക്ക് കാണുവാൻ സാധിക്കും.

ഈ കാലത്ത് സമ്മാനം കൊടുക്കാൻ പ്രത്യേകം പ്രത്യേകം ദിവസങ്ങൾ പോലുമുണ്ട്. Independence day, Father’s day, mother’s day, children’s day, birthday, wedding day എന്നുവേണ്ട ധാരാളം ദിവസങ്ങൾ ഇങ്ങനെ ആഘോഷിക്കുക മാത്രമല്ല സമ്മാനങ്ങളും കൈമാറാറുമുണ്ട്. ചിലപ്പോൾ സമ്മാനങ്ങൾ കൈക്കൂലിയായും രൂപാന്തരപ്പെടാറുണ്ട്. നമ്മുടെ നാട്ടിലെ പല സ്ഥാപനങ്ങളിലും “കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്” എന്നുള്ള ബോർഡ് കാണാം . അതിന്റെ കാരണം കൈക്കൂലിയോ, അതിനു തത്തുല്യമായ മറ്റു പ്രലോഭനങ്ങളോ അവിടെ നടക്കാൻ സാധ്യത ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് നമുക്ക് തരുന്നത്. അത് ഒരു പേന മുതൽ അങ്ങോട്ട്‌ വലിയ ആഡംബര വാഹനങ്ങളും സൗധങ്ങളും എന്നുവേണ്ട പലതും ആകാം. അങ്ങനെ ചതിയിൽപെട്ടവരും അനേകർ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. അത് കൊടുക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ തെറ്റ് ആവർത്തിക്കുകയാണ് ചെയ്യുന്നത്.
സമ്മാനം കണ്ണ് കുരുടാക്കിയ അനേകരെക്കുറിച്ച് ദൈവവചനത്തിൽ ഉടനീളം കാണുവാൻ കഴിയും. അതിൽ പ്രവാചക ശ്രേഷ്ഠന്മാരും, ഭക്തന്മാരും, രാജാക്കന്മാരും, സാമാന്യ ജനങ്ങളും വരെ ഉൾപ്പെടുന്നു.
ബിലയാമിന്റെ കാര്യം എടുത്തു നോക്കിയാൽ, വളരെ നല്ല സാക്ഷ്യം പ്രാപിച്ച ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു . അതുകൊണ്ടണെല്ലോ ബിലയാമിനെക്കുറിച്ച് “നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടും നീ ശപിക്കുന്നവൻ ശപിക്കപ്പെടും” എന്ന് ബാലാക്ക് പോലും നല്ല സാക്ഷ്യം പറയുന്നത്. അത്രയും നല്ല സാക്ഷ്യം ഉള്ള ഒരു വ്യക്തിയായിരുന്ന ബിലയാമിനെ കാണാൻ മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി ബാലാക്ക് പറഞ്ഞപ്രകാരം പ്രശ്ന ദക്ഷിണയുമായി ചെന്നത്. ഒരു രാജാവ് സമ്മാനം കൊടുത്തു വിടുമ്പോൾ അത് എപ്രകാരം ആയിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. അത് കണ്ടപ്പോൾ ബിലയാമിന്റെ മനസ്സിന് ചാഞ്ചല്യമുണ്ടായി. യിസ്രായേൽമക്കളെ അനുഗ്രഹിക്കേണ്ടതിനു പകരം ശപിക്കുവാനായി ഇറങ്ങിപ്പുറപ്പെട്ടു. തന്റെ വഴിയിൽ ദൈവത്തിന്റെ ദൂതൻ വാളുമായി നിൽക്കുന്നത് തന്റെ വാഹന മൃഗമായ കഴുത കണ്ടു എങ്കിലും ബിലയാമിന് അത് കാണുവാൻ സാധിച്ചില്ല. ഒരു ഭക്തനെ എങ്ങനെ സ്വാധീനിക്കുവാൻ സാധിക്കും എന്ന് കൗശലക്കാരനായ ബാലാക്കിന് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ബാലാക്ക് സമ്മാനങ്ങൾ നൽകി ബിലയാമിനെ പ്രലോഭിപ്പിച്ചത്. ദൈവിക ദർശനങ്ങളെയും അരുളപ്പാടുകളെയും ദിനവും പ്രാപിച്ചിരുന്ന ഒരു പ്രവാചകന്‍ തനിക്ക് നിഷിദ്ധമായത് പ്രാപിച്ചപ്പോൾത്തന്നെ അന്ധനായി തീർന്നു. അതിന്, ബാലാക്ക് തന്നെ ഏൽപ്പിച്ച കൃത്യം നിർവഹിക്കുന്നതുവരെയും കാലതാമസം ഉണ്ടായില്ല. ആയതിനാലല്ലോ ബിലയാം തനിക്ക് എതിരെ നിന്ന ദൈവദൂതനെപ്പോലും കാണാൻ സാധിക്കാതെ പോയത്.
ഗേഹസിയുടെ കാര്യം (2 king 5)എടുത്താലോ, ഏലിശാപ്രവാചകന്റെ ഏറ്റവും വിശ്വസ്തനും സന്തതസഹചാരിയും ആയിരുന്നു. ഏലിശാ ചെയ്തിട്ടുള്ള എല്ലാ അത്ഭുത പ്രവർത്തികൾക്കും ദൃക്സാക്ഷിയും ആയിരുന്നു ഗേഹസി. എന്നിട്ടും നയമാൻ കൊണ്ടുവന്ന സമ്മാനങ്ങളെ കണ്ടപ്പോൾ തന്റെ പദവികളും, ദൈവീക പ്രവർത്തികൾ മുഖാന്തരം തനിക്ക് ഉണ്ടായ അനുഭവങ്ങളെയും, വിശ്വാസങ്ങളെയും നയമാന്റെ സമ്മാനത്തിനുമുൻപിൽ വിസ്മരിക്കപ്പെട്ടുപോയി. തലഫലമായി നയമാന്റെ കുഷ്ഠം ഗേഹസിയെയും തന്റെ കുടുംബത്തെയും നശിപ്പിച്ചു കളഞ്ഞു (2 king 5:27) എന്നത് ദൃഷ്ടാന്തമായി നമുക്കു മുൻപിൽ ഇപ്പോഴും നിൽക്കുന്നു.
ഒരു വ്യക്തിയെ പ്രലോഭിപ്പിക്കുന്ന സമ്മാനങ്ങൾ ധനമായോ, വസ്തുവകകളായോ, സ്ഥാനമാനങ്ങളായോ ആകാം. അങ്ങനെയുള്ള പ്രലോഭനത്തിന് വിധേയനായ പ്രവാചകൻ വീണ്ടും പ്രവചിച്ചിരുന്നു. എന്നാൽ അത് ദൈവത്തിൽനിന്നുള്ള അരുളപ്പാടല്ല. ദൈവേഷ്ടത്തിൽനിന്നും തെറ്റിപ്പോയ ബിലായാം പിന്നീടും പ്രവാചകൻ ആയി അറിയപ്പെട്ടിരുന്നുവെങ്കിലും അത് ദൈവിക അരുളപ്പാടുകൾ തരുന്ന ഒരു പ്രവാചകനായിരുന്നില്ല. ഈ വർത്തമാനകാലത്തിലും ക്രിസ്തുവിൽ പ്രസിദ്ധരായിരുന്ന പലരും പല മോഹങ്ങളിലും വഞ്ചിതരായി ദൈവകൃപ വിട്ട് അന്യപെട്ടുപോയി. എങ്കിലും ബിലയാമിനെ പോലെയുള്ള കള്ളപ്രവാചകന്മാർ ആടുകളുടെ വേഷം ധരിച്ചു വിശ്വാസ ലോകത്തെ വഞ്ചിച്ച് അവരുടെ ഉപജീവനം നടത്തുന്നു. ഇവർ ലേവിയുടെ പുത്രന്മാരെപ്പോലെ (1 Samuel 8:3) കൈക്കൂലി വാങ്ങി വിശ്വാസജ്ജനത്തിന്റെ ന്യായം മറിച്ചു കളഞ്ഞ് ഇന്നും ദൈവസഭകളിൽ നിർഭയം വാഴുന്നു. ഇവരുടെ അന്ത്യം ബിലായാമിന്റെ അന്ത്യംപോലെയാകുമെന്നതിനു യാതൊരു സംശയവും വേണ്ട. ഇങ്ങനെയുള്ളവരെ തിരുവചന അടിസ്ഥാനത്തിൽ വിവേചിക്കുവാൻ ആത്മീയ ലോകം ദർശനം പ്രാപിക്കേണ്ടത് അനിവാര്യമായിരിക്കുന്നു
നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദയുടെ കാര്യവും ഇങ്ങനെ തന്നെയല്ലേ. ധനം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയ യൂദയുടെ ചരിത്രവും പ്രസിദ്ധമാണല്ലോ. അപ്പോസ്തോലനായ പത്രോസിനെ സമീപിച്ച ശിമോനും കൈക്കൂലി കൊടുത്താൽ തനിക്കും അപ്പോസ്തോലന്മാർ ചെയ്തതുപോലെ ചെയ്യാൻ പറ്റും എന്ന് കരുതിയാണ് പത്രോസിനെ സമീപിച്ചത് (പ്രവൃത്തികൾ 8 : 18-20) ഇന്നും ഈ വിധത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകൾ നമ്മുടെയിടയിൽ ധാരാളമായി ഉണ്ട്. ആകയാൽ നമ്മുടെ ക്രിസ്തീയ ജീവിതം ഇങ്ങനെയുള്ളവരിൽ നിന്നും വേർപെട്ട സൂക്ഷ്മതയോടെആകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.