പ്രായോഗിക ജീവിതത്തിലെ പ്രസക്തി | രാജൻ പെണ്ണുക്കര

പല വട്ടം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടും പ്രായോഗിക ജീവിതത്തിൽ അതിന്റെ പ്രസക്തിയും യഥാർത്ഥ അർത്ഥവും ഗൗരവവും മനസ്സിലാക്കാതെ വളരെ ലാഘവത്തോടെ വിട്ടുകളയുന്നതുമായ വചനഭാഗമല്ലേ “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ, നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക” (മത്താ 5:23-24). ഇവിടെ വഴിപാട് കൊണ്ടുവന്നത് ആരെന്നു വ്യക്തമായി പറയാത്ത സ്ഥിതിക്ക് അത് പുരോഹിതനോ, വിശ്വസിയോ ആകാം എന്നുകരുതുക.

ഈ വചനപ്രകാരം ഒന്നാമത് നിരപ്പ് പ്രാപിക്കണം (നന്നാക്കുന്ന പ്രക്രിയ) രണ്ടാമത് വഴിപാട് കഴിക്കണം എന്നതല്ലേ വ്യവസ്ഥ. അപ്പോൾ നമ്മുടെ ഇഷ്ട്ടവും സൗകര്യവും അനുസരിച്ച് അതിന്റ ക്രമം തെറ്റിക്കാൻ പോലും വ്യവസ്ഥയില്ല. എന്നാൽ മുഷ്ടി ഉയർത്തി അനേകതവണ പ്രസംഗിച്ചവരുടേയും, പ്രസംഗം കേട്ട് കൈപൊക്കി ഇടിമുഴക്കം പോലെ സ്തോത്രം പറഞ്ഞവരുടെയും ജീവിതത്തിൽ ഇതിന്റെ പ്രായോഗികത എത്രത്തോളമെന്ന് സ്വയം ശോധന ചെയ്യാം. പ്രസംഗിക്കാൻ എത്ര എളുപ്പമാണ് പക്ഷെ പ്രസംഗിക്കുമ്പോൾ അത് വിശ്വാസികൾക്ക് പരസ്പരമുള്ള നിബന്ധന പോലെയും, പ്രസംഗം കേൾക്കുന്ന വിശ്വാസികൾക്കത് ശുശ്രുഷക്കാരുടെ നിബന്ധന പോലെയും കരുതി പരസ്പരം പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നതുകൊണ്ടാണ് യഥാർത്ഥത്തിൽ നിരപ്പിന്റെ ശുശ്രുഷ നടക്കാതെ പോകുന്നത്. എന്നാൽ ശുശ്രുഷകനും വിശ്വാസിയും തമ്മിലും അതുപോലെ തിരിച്ചും കൂടിയൊന്ന് ശോധന ചെയ്യേണ്ടിയ നിബന്ധന എന്നു പറയുന്നതല്ലേ അതിലും ഉത്തമം. അപ്പോൾ ആർക്കും ആരേയും പഴിചാരി രക്ഷപെടാൻ പറ്റില്ല, മറിച്ച് എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകം എന്ന് ചുരുക്കം.

ഇവിടെ പറയുന്ന നാല് നിബന്ധനകൾ വളരെ ശ്രദ്ധേയം ആകുന്നു:-

i) നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു ‘അവിടെവെച്ചു ഓർമ്മവന്നാൽ’,
ii) നിന്റെ വഴിപാടു അവിടെ ‘യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട്’,
iii) ഒന്നാമതു ‘ചെന്നു സഹോദരനോടു നിരന്നുകൊൾക’,
iv) പിന്നെ ‘വന്നു നിന്റെ വഴിപാടു ‘കഴിക്ക’. ഇവിടെയാണ് ഫുൾസ്റ്റോപ്പ് വന്നത് എന്നത് ഏറ്റവും പ്രധാനം.

എനിക്ക്‌ നിന്നോട് വല്ലതും ഉണ്ടെന്ന് ഓർമ്മവന്നാൽ എന്നതിനല്ല ഇവിടെ പ്രസക്തിയും പ്രാധാന്യവും. മറിച്ച്, നിന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിക്ക് നിന്റെ സഹോദരന് അഥവാ നിന്റെ വിശ്വാസിക്ക് നിന്റെ നേരെ അഥവാ നിന്നോട് വല്ലതും ഉണ്ടെന്ന് അവിടെവെച്ച് തോന്നിയാൽ, അറിഞ്ഞാൽ, ആരെങ്കിലും ചൂണ്ടികാണിച്ചാൽ, നിന്റെ തെറ്റായ തീരുമാനം മൂലം, നിന്റെ തെറ്റായ സംസാരം കാരണം വേറെ ഒരുവ്യക്തിക്ക് മുറിവേറ്റെങ്കിൽ അവൻ വിശ്വാസത്തിൽ തളർന്നും ക്ഷീണിച്ചും അകന്നുപോയി കഠിന ഹൃദയമുള്ള പിന്മാറ്റക്കാരൻ ആയി മാറിയെന്ന് തോന്നിയാലും ഒന്നാമത്തെ നിബന്ധന കർശനമായും ബാധകം തന്നേ. എന്നാൽ മനഃപൂർവ്വം ഓർക്കാതിരുന്നാൽ ഒരു പ്രശ്നവും ഇല്ലല്ലോ എന്ന ചിന്താഗതിക്കാരും നമ്മുടെ ഇടയിൽ ഉണ്ട്.

നമ്മുടെ തെറ്റുകൾ ഓർമ്മ വന്നാലും, ഒന്നും അങ്ങോട്ട് ഓർമ്മ വരുന്നില്ലാ എന്ന അഭിനയവും ഞാൻ എപ്പോഴും ശരിയായിരുന്നു എന്നഭാവവും ആണ് നമ്മേ തെറ്റിലേക്ക് വീണ്ടും വീണ്ടും തള്ളിവിടുന്നത്. സ്വയനീതികരണം നമ്മേ ഒരിക്കലും മാനസാന്തരത്തിലേക്ക് വഴി നടത്തുന്നില്ല എന്ന സത്യം മറക്കരുത്. അങ്ങനെയുള്ളവരോട് കർത്താവ് നേരിട്ടവന്ന് പറഞ്ഞാലും അവർ അംഗീകരിക്കില്ല കീഴ്പ്പെടില്ല. പലപ്പോഴും വല്ലതും എന്ന പദത്തെ നിസാരമായി കാണുന്നതാണ് അതിലും വലിയ അപരാധം. ആ വല്ലതും എന്നതിൽ നിസാരമായി കരുതുന്ന പല ചെറിയതും വലിയതും ഘനമുള്ളതുമായ വലിയ വലിയ വിഷയങ്ങളും അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.

വചനം പറയുന്നു “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?. എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല;.. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു” (സദൃ 20:9, 1കൊരി 4:4, 1യോഹ 1:8,10). അപ്പോൾ പരിശുദ്ധത്മാവിനെ അസത്യവാദി (കള്ളൻ) ആക്കിയുള്ള നീതികരണം കറപുരണ്ട തുണിക്ക് തുല്യമാകുമ്പോൾ അങ്ങനെയുള്ള വഴിപാടിൽ ദൈവ പ്രസാദം ഉണ്ടാകുമോ എന്ന് ചിന്തിക്കുക.

മാത്രവുമല്ല അവിടെവെച്ച് (എവിടെവെച്ച്) എന്നതും വലിയ പ്രസക്തി ഉള്ള വിഷയം തന്നേ. നീ ഇപ്പോൾ നിൽക്കുന്നത് യാഗപീഠത്തിന്റെ മുന്നിൽ ആണെന്ന സത്യം മറക്കരുത്. അവിടെ നിന്നുകൊണ്ട് ഒന്നും ഓർമ്മവരുന്നില്ല എന്നു പറഞ്ഞാലും ഞാൻ എപ്പോഴും ശരിയായിരുന്നു എന്ന് കരുതിയാലും കുറ്റകാരൻ ആകും. അപ്പോൾ നിന്റെ സഹോദരനോ വിശ്വാസിക്കോ നിന്നോട് അതുപോലെ തിരിച്ചും ഒരു മാത്ര പോലും പ്രയാസവും നിരാശവും നീരസവും ഉണ്ടെങ്കിൽ പോലും നിന്റെ ഭാഗം അങ്ങോട്ട് ചെന്ന് സംസാരിച്ച് ക്ലിയർ ചെയ്യണം എന്നതാണ് വ്യവസ്ഥ.

രണ്ടാമത് നിബന്ധന, നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചിട്ട് എന്ന പദപ്രയോഗം വളരെ അർത്ഥവത്താകുന്നു. ഇവിടെ പറയുന്ന കണ്ടിഷൻ യാഗപീഠത്തിന്റെ മുമ്പിൽ തന്നേ നിന്റെ വഴിപാടു വെക്കണം. അതായത് യാഗപീഠത്തേ ഒന്ന് സ്പർശിക്കാനോ യാഗപീഠത്തിന്റെ മുകളിൽ കയറ്റി വെക്കാനോ സൈഡിൽ വെക്കാനോ പോലും വ്യവസ്ഥ ഇല്ലായെന്ന് ചുരുക്കം. മാത്രവുമല്ല, ഇത്രയും കഷ്ടപ്പെട്ട് കൊണ്ടുവന്നതല്ലേ ആരെങ്കിലും കണ്ടാൽ എന്തു കരുതും അതുകൊണ്ട് വഴിപാട് കഴിച്ചിട്ട് പോയി സാവകാശം എന്റെ സൗകര്യത്തിന് സമയം പോലെ നിരക്കാം എന്ന് കരുതാനും പ്രമാണം അനുവദിക്കുന്നില്ല. കൂടാതെ ഇന്ന് പലരും സൗകര്യത്തിനും എളുപ്പത്തിനും വേണ്ടി യാഗപീഠത്തിന്റെ മുകളിൽ വഴിപാടു വെച്ചിട്ട് പെട്ടന്ന്തിരിച്ചു വന്ന് കാര്യങ്ങൾ സാധിക്കാൻ പേരിനൊരു നിരപ്പിന് പോകുന്ന സ്ഥിതിവിശേഷം കാണുവാൻ കഴിയുന്നില്ലേ. അതും നിബന്ധനാ ലംഘനം ആകുന്നു.

മൂന്നാമത്തെ നിബന്ധന പരമ പ്രധാനമായതാണ്. അതുകൊണ്ടാണ് ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക എന്ന് ഘണ്ഡിതമായി പറയുന്നത്. ആ കാലയളവിൽ അങ്ങോട്ട് ചെന്ന് ക്ഷമ ചോദിക്കാൻ അഥവാ നിരപ്പ് പ്രാപിക്കാൻ നിഷ്കർഷിച്ചിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അങ്ങോട്ട് പോകണ്ട, കുറഞ്ഞ പക്ഷം ഒരു ഫോൺ വിളിയിൽ നിരപ്പ് പ്രാപിക്കാൻ ദൈവം സാഹചര്യങ്ങളും സാവകാശങ്ങളും തന്നിട്ടും അതിനുപോലും വഴങ്ങാതെപോയാൽ ഈ വചനം കൊണ്ട് എന്ത് പ്രസക്തി. തികച്ചും രണ്ടുമൂന്നു അക്ഷരങ്ങളുള്ള സോറി, ക്ഷമിക്കൂ എന്ന് പറയാൻ പോലും നിന്റെ നീതികരണവും ഈഗോയും സമ്മതിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രസംഗം കൊണ്ടും വിശ്വാസ ജീവിതം കൊണ്ടും എന്ത് പ്രയോജനം.

നാലാമത്തെ നിബന്ധനയിൽ പറയുന്നു എന്നിട്ട് മതി തിരിച്ചു വന്ന് വഴിപാട് കഴിക്കുന്നത്. ഇതിലെ നിസ്സാര വ്യവസ്ഥ പോലും തെറ്റിച്ചാൽ റാഞ്ചൽ പക്ഷി മാത്രമേ യാഗപീഠത്തിൽ ഇറങ്ങി വരുകയുള്ളു എന്ന സത്യം എല്ലാവരും മറക്കുന്നു. അങ്ങനെ നിരപ്പിന്റെ അനുഭവം ഇല്ലാത്ത കൈകൊണ്ട് മുറിക്കുന്ന അപ്പം വിശുദ്ധമാകുമോ, അങ്ങനെയുള്ളവരുടെ അധരഫലമെന്ന സ്തോത്രം യാഗത്തിലും, ദശാംശത്തിലും ദൈവം പ്രസാദിക്കുമോ?. അവരുടെ ശുശ്രുഷകൾ ഈ നിബന്ധകൾക്ക് അധിഷ്ഠിതമോ എന്ന് എല്ലാവരും സ്വയം വിലയിരുത്തണം.

സ്വന്തം കുറവുകൾ അറിഞ്ഞിരിക്കെ, സ്വയമത് അഗീകരിക്കാതെ അതിനെ വല്ലതുമായി കരുതി മറ്റുള്ളവരുടെ കുറവുകൾ ഭാവനയിൽ കണ്ട് അതിനെ അടിവരയിട്ട്, ഹൈലൈറ്റ് ചെയ്ത് സംതൃപ്തി അടഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്ന മനുഷ്യരാണ് അഗ്നി ഇറങ്ങാൻ തടസ്സം ആയി നിൽക്കുന്നത്.

ഒരിക്കൽ ഒരുപ്രവാചകൾ യാഗം കഴിക്കാൻ പോയത് നാം കണ്ടിട്ടുണ്ട്. ആ പ്രവാചകന് നന്നായി അറിയാം യാഗപീഠം അവിടവിടെ എപ്പോഴോ എങ്ങനെയോ ഇടിഞ്ഞിട്ടുണ്ടെന്ന്. എങ്ങനെ ഇടിഞ്ഞു ആര് ഇടിച്ചു എന്നതിനും ഇവിടെ തല്കാലം പ്രസക്തിയില്ല. ഇവിടെ ഒരു മർമ്മം മറഞ്ഞു കിടക്കുന്നു. ഈ യാഗപീഠം പഴയതാണ് അതുകൊണ്ടല്ലേ നന്നാക്കി എന്ന പ്രയോഗം വന്നത്. പിന്നിടാണ് പണിത കാര്യം പറയുന്നത്. അപ്പോൾ ആദ്യം തുടങ്ങേണ്ടിയത് പണിയല്ല, പിന്നെയോ നന്നാക്കുന്ന പ്രക്രിയയാണ്. പലപ്പോഴും നന്നാക്കാതെ അതിന്റെ മുകളിൽ പണിയുന്നതാണ് സകല പരാജയത്തിനും മൂലകാരണം. ഒരു കാര്യം തീർച്ച, ഈ യാഗപീഠം തനിയെ ഇടിഞ്ഞതല്ല, തകർന്നതല്ല എന്നസത്യം മറക്കരുത്. ഒന്നുകിൽ കാലകാലങ്ങളായി ആരാധന ഇല്ലാതെ കിടന്നയിടം, അല്ലെങ്കിൽ മുൻപ് യാഗം കഴിച്ചവരോ, ചെറുകുറുക്കന്മാരോ കയറി ഇടിച്ചതാകും. ഒരിക്കൽ ഉപയോഗത്തിൽ വന്ന കല്ലുകൾ ദൂരെ എറിഞ്ഞു കളഞ്ഞതാകാം, എടുത്തു മാറ്റിയതാകാം.

ഇടിഞ്ഞു ചിതറി കിടക്കുന്ന അവസ്ഥയിൽ തന്റെ കാര്യങ്ങൾ ധൃതി പിടിച്ച് ചെയ്തെടുക്കാനും ഇടിഞ്ഞ അവസ്ഥയെ നിസ്സാരമായി കരുതാനും അദ്ദേഹത്തിന്റെ മനസ്സനുവദിച്ചില്ല, പ്രമാണമില്ല എന്നതാണ് പ്രധാനം. ആദ്യമായി കല്ലുകളെ എണ്ണിതിട്ടപെടുത്തി കുറവ് കണ്ടുപിക്കുന്ന പ്രവാചകൻ. ഒന്ന് ചോദിക്കട്ടെ എണ്ണി നിന്നെ ഏൽപ്പിച്ച ഒത്തവണ്ണമുള്ള എല്ലാകല്ലുകളും നിന്റെ യാഗപീഠത്തിന് ചുറ്റും ഇന്നും ഉണ്ടോ, ശോധന ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇതൊന്നും വെളിയിൽ നിന്നും കൂലിക്ക് വിളിച്ചു വരുത്തുന്ന പ്രവാചകന് ഒരിക്കലും മനസിലാകില്ല എന്നതാണ് സത്യം. ചില യാഗങ്ങളിൽ എണ്ണത്തിനൊത്ത കല്ലുകൾ മടങ്ങി യഥാസ്ഥാനത്ത് വരണം എന്നത് സ്വർഗ്ഗിയ നീതിയാണ് അത് മറക്കരുത്. ഒന്ന് കാണുന്നില്ല അല്ലെങ്കിൽ ഒത്തിരി ദൂരെയായി കിടക്കുന്നു അതിന് വലുപ്പം കൂടുതൽ ആണ്, അതിന്റെ പ്രതലം പരുക്കൻ ആണ് അതുകൊണ്ട് പതിനൊന്നു കയ്യിൽ ഉണ്ട് അതുകൊണ്ട് തല്ക്കാലം അഡ്ജസ്റ്റ് ചെയ്ത് അടുക്കി വെച്ച് കാര്യങ്ങൾ നടത്താൻ ശ്രമിച്ചാൽ തിരി പുകയുന്നുണ്ടെന്ന് തോന്നും, പക്ഷെ സ്വർഗ്ഗിയ അഗ്നി വരില്ല വേറെ പക്ഷികൾ റാഞ്ചാൻ ഇറങ്ങിവരും. ബാലിന്റെ പ്രവാചകന്മാർ വൈകുന്നേരം വരെ അലറി വിളിച്ചതുപോലെ ആയിതീരും ഫലം.

കാരണം അദ്ദേഹത്തിന്റെ മുന്നിൽ വെല്ലുവിളിച്ചു നിൽക്കുന്ന ഭൂരിപക്ഷം ഉണ്ട്, ഒരു വലിയ ലക്ഷ്യം ഉണ്ട് അത് സ്വർഗ്ഗിയ അഗ്നി ഇറങ്ങണം എന്നതു മാത്രം. അതിന് ആദ്യം ഇടിഞ്ഞു കിടന്ന കല്ലുകളെ പെറുക്കി എണ്ണി തിട്ടപ്പെടുത്തി ചില കല്ലുകൾ ഒറ്റപ്പെട്ട് വളരെ ദൂരെ ചിതറി കിടന്നിരുന്നു അതിനെ എടുത്തു സൂക്ഷ്മതയോട് കൊണ്ടുവന്ന് തൂത്ത് തുടച്ച് വൃത്തിയാക്കി യഥാസ്ഥാനത്ത് ചേർത്തുവെച്ച് പണിതു എന്നുവേണം കരുതാൻ. ഏറെ നാൾ വെളിയിൽ കിടന്നതുകൊണ്ട് അതിൽ മാലിന്യങ്ങളും , കറകളും പായലും പറ്റിപിടിച്ചിട്ടുണ്ടാകാം അതുകണ്ട് ചിരിക്കാനും തള്ളിക്കളയാനും അല്ല നിന്നെ ഏൽപ്പിച്ച ദൗത്യം, അതിൽ നീ വിശ്വസ്തനോ?. ഒന്ന് പോയാൽ പോകട്ടെ എന്ന് കരുതാനും വ്യവസ്ഥ ഇല്ല. കാരണം അതിനു പകരം വെക്കാൻ വേറെയൊന്നില്ല എന്നതാണ് കാതലായ സത്യം.

പിന്നെ വളരെ നാളായി ഉണങ്ങി വരണ്ടു കിടന്ന യാഗപീഠത്തിന്റെ അവസ്ഥയൊന്ന് മാറാൻ നന്നായി നനഞ്ഞു കുതിരേണ്ടിയ ആവശ്യം വന്നിരിക്കുന്നു. അൽപ്പം കൂടി ലളിതമായി ഉപമിച്ചാൽ ഉണങ്ങി വരണ്ട അവസ്ഥ നമ്മുടെ പശ്ചാത്താപവും നിരപ്പും ഇല്ലാത്ത കല്ലായ ഹൃദയവും, പശ്ചാത്താപവും നിരപ്പും വന്നുകഴിയുമ്പോൾ ഉണങ്ങിവരണ്ട അവസ്ഥ മാറി മൃദുവായ ഹൃദയത്തിൽ നനവിന്റെ അഥവാ കണ്ണീരിന്റെ അവസ്ഥ ആയി മാറുന്നു എന്നതല്ലേ സത്യം. ഇതെല്ലാം കുമിഞ്ഞു കൂടി നിരോട്ടം ഇല്ലാതെ തോടുകൾ മൂടപ്പെട്ട അവസ്ഥക്ക് ശുദ്ധികരണം ആവശ്യമല്ലേ.

ഇതൊന്നും പ്രവാചകനെ ആരും പറഞ്ഞു പഠിപ്പിച്ചതല്ല മറിച്ച് സ്വയം മനസിലാക്കിയ കുറവുകളും സത്യങ്ങളും വിഷയങ്ങളും ആകുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ യഹോവയായ ദൈവം വെളിപ്പെടുത്തി കൊടുത്തു എന്നതാകും ശരി. അത് അംഗീകരിക്കാൻ അതുപോലെ അനുസരിക്കാൻ ഏറ്റെടുക്കാൻ തയ്യാറായ പ്രവാചകൻ. അവിടെയാണ് സ്വർഗ്ഗിയ അഗ്നി ഇറങ്ങുന്നത്.

നമുക്കും ഒന്ന് സ്വയം ശോധന ചെയ്യാം, ഞാൻ സ്വയ നീതികരണത്തിന് അഗ്രഗണ്യനോ, ഞാൻ ഈ നാലു നിബന്ധനകൾ പാലിക്കുണ്ടോ, എന്റെ യാഗപീഠത്തിൽ പിളർക്കാത്ത, തകരാത്ത, പൊടിയാത്ത വല്ല വസ്തുക്കൾ ഉണ്ടോ, അതോ എന്റെ യാഗപീഠം ഇടിഞ്ഞു തകർന്ന് കല്ലുകൾ ഇളകി സ്ഥാനചലനം വന്നിട്ട് എത്ര വർഷങ്ങൾ ആയി അതിനെ വീണ്ടും യഥാസ്ഥാനപ്പെടുത്തിയോ, അതിനെ മടക്കി കൊണ്ടുവന്ന് പുതുക്കി പണിയുന്ന കർമ്മം ചെയ്തുവോ, അതിനു ചുറ്റുമുള്ള തൊടുകൾ ഉണങ്ങി വരണ്ട്, മാലിന്യത്താൽ മൂടപ്പെട്ട അവസ്ഥയിലോ സ്വയം ശോധന കഴിക്കാം. നിന്റെ യാഗത്തിൽ റാഞ്ചൻ പക്ഷി ഇറങ്ങണോ സ്വർഗ്ഗിയ അഗ്നി ഇറങ്ങണോ നമുക്ക് തീരുമാനിക്കാം. അതുവരെ വഴിപാട് അഥവാ യാഗവസ്തു യാഗപീഠത്തിന്റെ മുന്നിൽ തന്നേ ഇരിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.