സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ

പ്രസ് റിലീസ്
തിരുവല്ല : ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ വിലയിരുത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സ്വാഗതം ചെയ്തു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് പത്തു മാസം കഴിഞ്ഞിട്ടും ശുപാർശകൾ നടപ്പിലാക്കാത്തതിനെതിരെ ക്രൈസ്തവ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തിടുക്കത്തിൽ എടുത്ത ഈ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കണ്ണിൽ പൊടിയിടാൻ മാത്രമാകരുതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ക്രൈസ്തവർ നിർണ്ണായകമായ മണ്ഡലങ്ങളിൽ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും വന്യജീവി ആക്രമണവും മുഖ്യ ചർച്ചാ വിഷയമാകുമെന്ന് മനസ്സിലാക്കിയാണ് സർക്കാരിൻ്റെ ചടുലമായ നീക്കമെന്ന് പിസിഐ വിലയിരുത്തി. റിപ്പോർട്ടിലെ മുഴുവൻ ശുപാർശകളും പുറത്ത് വിടണം. ഉടൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാൽ പിന്നെയും കാലതാമസം എടുക്കുമെന്നും സഭ ആശങ്കപ്പെടുന്നു.

റിപ്പോർട്ടിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകണം. പരിവർത്തിത ക്രൈസ്തവ വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിഷയത്തിൽ കേരളാ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക തുടങ്ങിയ വിഷയങ്ങളിൽ സത്വരമായ നടപടി ഉണ്ടാകണമെന്നും പിസിഐ ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്, ടി വൈ ജോൺസൺ, ബിനോയ് ചാക്കോ, ആർ സി കുഞ്ഞുമോൻ, സതീഷ് നെൽസൺ, പി കെ യേശുദാസ്, പി ടീ തോമസ്, ജോമോൻ ജോസഫ് എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.