കൊട്ടാരക്കര ഒരുങ്ങി; റ്റി.പി.എം സാർവ്വദേശീയ കൺവൻഷൻ ബുധനാഴ്ച മുതൽ

കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ.

ഫെബ്രുവരി 7 ബുധൻ മുതൽ 11 ഞായർ വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ബുധനാഴ്ച വൈകിട്ട് 3 ന് ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 56 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 12 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

വിശാലമായ വാഹന പാർക്കിംഗ് സൗകര്യങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനു സമീപം ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യങ്ങൾ ഉണ്ടാക്കും.

1923 ൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭക്ക് ഇപ്പോൾ 65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനമുണ്ട്. സഭയുടെ സാർവ്വദേശീയ (അന്തർദേശീയ) കൺവൻഷനുകൾ കൊട്ടാരക്കര, ചെന്നൈ, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു.എസ്) എന്നിവിടങ്ങളിലാണ് നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.