സ്വഭാവ സംസ്കരണം യേശുക്രിസ്തുവിലൂടെ : റവ. ഡോ. ജോൺസൻ ഡാനിയേൽ

31-ാമത് ചെറുവക്കൽ കൺവൻഷന് പ്രാർത്ഥനയോടെ തുടക്കം

വാർത്ത: ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അധാർമ്മികതയുടെ കാരണം മനുഷ്യരിൽ കുടികൊളളുന്ന പാപ സ്വഭാവമാണെന്നും ഈ പാപ സ്വഭാവത്തെ സംസ്കരിച്ച് മനുഷ്യരെ സൽസ്വഭാവികളാക്കി മാറ്റാൻ യേശുക്രിസ്തുവിനു കഴിയുമെന്നും വേങ്ങൂർ സെന്റർ പ്രസിഡന്റ് റവ. ഡോ. ജോൺസൻ ഡാനിയേൽ പറഞ്ഞു. 31-ാമത് ചെറുവക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരിൽ നല്ല പെരുമാറ്റം ഉണ്ടാകാൻ മനസ് നന്നാകണം. നല്ല മനസിൽ നിന്ന് നല്ല പെരുമാറ്റം ഉണ്ടാകും. അത് സമൂഹത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പിന് സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.പി.സി കിളിമാനൂർ സെന്റർ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സജോ തോണിക്കുഴി ദൈവവചനം പ്രസംഗിച്ചു. ഐ.പി.സി വേങ്ങൂർ, കിളിമാനൂർ സെന്ററുകളുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 മുതൽ 31 വരെ ചെറുവക്കൽ ന്യൂ ലൈഫ് കൺവൻഷൻ ഗ്രൗണ്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർ ദിനങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്സ്‌താംകോട്ട, ഷിബിൻ ശാമുവേൽ, എബി എബ്രഹാം, ഫെയ്ത്ത് ബ്ലെസ്സൻ, കെ.പി ജോസ്, സാബു സി.ബി, ജോൺസൺ മേമന, അജി ഐസക്ക്, ഒ.എം രാജുക്കുട്ടി, ഷിജോ പോൾ, കെ.ജെ തോമസ്, ജോൺ റിച്ചാർഡ്, ബി മോനച്ചൻ എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും.

എല്ലാ ദിവസവും വൈകുന്നേരം 05.30 മുതൽ 09 മണി വരെ പൊതുയോഗവും രാവിലെ 09.30 മുതൽ 01 വരെയും ഉച്ചയ്ക്ക് 02 മുതൽ 04.30 വരെയും ഉണർവ്വ് യോഗങ്ങളും കൺവെൻഷനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മുതൽ സോദരിസമാജം വാർഷികം സിസ്റ്റർ കുഞ്ഞമ്മ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ സിസ്റ്റർ ലിസി ജോൺസൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 09.30 മുതൽ സണ്ടേസ്കൂൾ, പി.വൈ.പി.എ വാർഷികം പാസ്റ്റർ ഇസ്മായേലിന്റെ അധ്യക്ഷതയിൽ ബ്രദർ ഡി. ജോൺകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മുതൽ സ്നാനശുശ്രൂഷ നടക്കും. ഞായറാഴ്ച രാവിലെ 08.30 മുതൽ 12.30 വരെ 85 സഭകളുടെ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. പത്തനാപുരം ശാലേം വോയിസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.