ലേഖനം: പുതുതലമുറയും വിവാഹജീവിതവും: പാസ്റ്റർ ടി വി തങ്കച്ചൻ

തലമുറകൾ മാറുന്നതനുസരിച്ചു മാറുന്നതല്ല ദൈവവചനം. ആകാശവും ഭൂമിയും മാറ്റപ്പെടാം എന്നാലും ദൈവത്തിന്റെ വചനത്തിനു മാറ്റം വരില്ല. ആദിയിൽ മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല എന്നു ദൈവം കണ്ടു, ഇന്നും ദൈവം അങ്ങനെ തന്നെ കാണുന്നു. വിവാഹമോചനം ആദിയിൽ ദൈവം അനുവദിച്ചിരുന്നില്ല, ഇന്നും ദൈവം അതു അനുവദിക്കുന്നില്ല. ആദിമനുഷ്യന്റെ ഭാര്യ ദൈവകൽപന ലംഘിച്ചതിനാൽ ഇരുവരും ദൈവകോപത്തിനിരയായി. എങ്കിലും ഭർത്താവു ഭാര്യയെ ഉപേക്ഷിച്ചില്ല. അവരുടെ ആദ്യസന്തതി അനുജനെ കൊല ചെയ്തു. അതിനാൽ ഇനി മക്കൾ വേണ്ടെന്നു അവർ ചിന്തിച്ചില്ല. അവർക്കു പിന്നെയും മക്കൾ ജനിച്ചു. കുലപാതകനായ കയീനും വിവാഹിതനായി തലമുറകൾ ഉണ്ടായി. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നു കരുതി വിവാഹം വേണ്ടെന്നു വെക്കേണ്ടതില്ല. തലമുറകൾ വഴിതെറ്റിപ്പോയെങ്കിലോ എന്നു കരുതി മക്കൾ വേണ്ടെന്നു വക്കേണ്ടതും ഇല്ല. പ്രപഞ്ചത്തിന്റെ നിലനിൽപിനായി രാവും പകലും സൃഷ്ടിച്ച ദൈവം അതിൽ വലുതും ചെറുതുമായ വെളിച്ചങ്ങളെയും ഉണ്ടാക്കിയിട്ടുണ്ട്‌ എന്നറിക. കൂരിരുട്ടിലും വെളിച്ചം പകരുന്ന ദൈവം കൂടെ ഉണ്ടെങ്കിൽ ഒന്നും ഭയപ്പെടാനില്ല. ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്നവർക്കു ദൈവം വെളിച്ചമായി കൂടെയുണ്ട്‌.

പുതുതലമുറയിൽ ചിലർ വിവാഹത്തെക്കാൾ ഏകാന്തത ഇഷ്ടപ്പെടുന്നവരാണു. മറ്റു ചിലർ മാതാപിതാക്കളുടെ കണ്ടെത്തലിനെക്കാൾ സ്വന്തമായി തുണയെ കണ്ടെത്തി രജിസ്റ്റർ കച്ചേരിയിൽ വിവാഹം നടത്തുന്നതിൽ താൽപര്യമുള്ളവരാണു. മറ്റു ചിലർ സ്വന്തമായി തങ്ങൾക്കു തുണയെ കണ്ടെത്തിയശേഷം മാതാപിതാക്കളുടെ സമ്മതം നേടി തങ്ങളുടെ മതാചാരപ്രകാരം വിവാഹത്തിലേക്കു കടക്കുന്നവരാണു. മറ്റു ചിലർ മക്കളുടെ ഇഷ്ടങ്ങളെ മാനിക്കാതെ മാതാപിതാക്കളുടെ ഇഷ്ടങ്ങളെ മക്കളിൽ അടിച്ചേൽപിച്ചു വിവാഹം കഴിപ്പിക്കുന്നവരാണു. മറ്റു ചിലർ മക്കളുടെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞു അവരുടെ പ്രാർത്ഥനയോടുകൂടിയ കണ്ടെത്തലിനും മക്കളുടെ പൂർണ്ണ സമ്മതത്തിനും ബന്ധുമിതാദികളുടെ കൂടിയാലോചനകൾക്കും ശേഷം അവരവരുടെ മതാചാരപ്രകാരം പരസ്യമായി നടക്കുന്ന വിവാഹം ഇഷ്ടപ്പെടുന്നവരാണു.

ഏകാന്തത ചില മനുഷ്യർ ഇഷ്ടപ്പെടാറുണ്ടെങ്കിലും സൃഷ്ടിതാവായ ദൈവം മനുഷ്യൻ ഏകനായി ജീവിക്കുന്നതു നല്ലതല്ല എന്നാണു കണ്ടെത്തിയതു. അതിനാൽ അവനു തക്കതായ ഒരു തുണയെ ഉണ്ടാക്കിക്കൊടുത്തതായി തിരുവെഴുത്തിൽ വായിക്കുന്നു. മനുഷ്യർ ദൈവഭയമുള്ളവരായി ദൈവീക തിരുവെഴുത്തുകൾ അടിസ്ഥാനമാക്കി ജീവിക്കേണ്ടവരാകയാൽ വിജയകരമായ ജീവിതം നയിപ്പാൻ വിവാഹം ആവശ്യമാണെന്നു തന്നെ ഗ്രഹിക്കാൻ കഴിയും. ഭൂമിയിൽ വിശുദ്ധമായ നിലയിൽ തലമുറകൾ ഉളവാകുന്നതിനും ദുർന്നടപ്പുകൾ ഒഴിവാക്കപ്പെടുന്നതിനും മനുഷ്യന്റെ ഏകാന്തതയാലുള്ള ശൂന്യതയും നിരാശയും ഇല്ലാതാക്കുവാനും വിവാഹം അനിവാര്യമാകുന്നു. ഭൂമിയിൽ തലമുറകൾ നിലനിൽക്കേണ്ടതിനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിനും പ്രപഞ്ചത്തെ അടക്കിവാഴേണ്ടതിനും ദൈവം മനുഷ്യനു നൽകിയ അധികാരമാണു വിവാഹത്തിലൂടെയുള്ള മനുഷ്യന്റെ വംശവർദ്ധനവു.

ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ച ശേഷം സകല ജീവജാലങ്ങളെയും അവന്റെ മുമ്പിൽകൂടി കടത്തിവിട്ടു, എങ്കിലും അവനു തക്കതായ ഒരു തുണയെ അതിൽ നിന്നും അവനു കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടു ദൈവം മനുഷ്യനു തക്കതായ ഒരു തുണയെ അവനിൽ നിന്നു (അവന്റെ വാരിയെല്ലിൽ നിന്നു) തന്നേ സൃഷ്ടിച്ചു അവനു നൽകിയപ്പോൾ അവൻ അവളിൽ സന്തോഷിച്ചു ചേർത്തുനിർത്തി ഒരുമിച്ചു ജീവിച്ചു. മനുഷ്യർ തന്നെത്താൻ തുണയെ കണ്ടെത്തുന്നതിനെയല്ല, ദൈവം കണ്ടെത്തി നൽകുന്നതിനെ ദൈവം അനുഗ്രഹിക്കുന്നതിനാൽ ദൈവം തങ്ങൾക്കു ഒരു തുണയെ നൽകുന്നതിനായി പ്രാർത്ഥിക്കയും കാത്തിരിക്കയും മാതാപിതാക്കൾ ആ ദൗത്യം നിർവ്വഹിപ്പാൻ അനുവദിക്കയും വേണം. അബ്രഹാം തന്റെ മകൻ യിസ്‌ഹാക്കിനു ഒരു തക്ക തുണയെ, ദൈവം കണ്ടെത്തി നൽകും എന്ന വിശ്വാസത്തോടെ തന്റെ ദാസനായ എലെയാസരിനെ തന്റെ ചാർച്ചക്കാരുടെ അടുക്കലേക്കു അയക്കുന്നു. ദൈവം തന്റെ ദൂതനെ അവനു മുമ്പായി അയച്ചു യിസ്‌ഹാക്കിനു ഒരു ഭാര്യയെ ഒരുക്കിക്കൊള്ളും എന്നു അബ്രഹാമിനു ഉറപ്പുണ്ടായിരുന്നതിനാൽ ദാസനല്ല ദൈവം തന്നെയാണു യിസ്‌ഹാക്കിനു തക്ക ഒരു തുണയെ നൽകിയതു എന്നു മനസ്സിലാക്കണം. മാതാപിതാക്കൾ ദൈവത്തിൽ വിശ്വസിച്ച്‌ ആശ്രയിച്ചു പ്രാർത്ഥിച്ചു മറ്റുചിലരുടെ സഹായം തേടി മക്കൾക്കു തക്ക തുണയെ കണ്ടെത്താൻ ഉത്സാഹിക്കുമ്പോൾ ദൈവം അതിൽ പ്രസാദിച്ചു തന്റെ ദൂതനെ അയച്ചു തക്ക തുണയെതന്നേ മക്കൾക്കു ഒരുക്കും എന്നു മക്കളും മാതാപിതാക്കളും ഉറപ്പായി വിശ്വസിക്കേണ്ടതാണു.

മാതാപിതാക്കൾ മക്കളെക്കാൾ പഠിപ്പു കുറവുള്ളവരെങ്കിലും പ്രായമുള്ളവരും വകതിരിവുള്ളവരും അവരെ ജനിപ്പിച്ചു വളർത്തി വലുതാക്കിയവരും കഷ്ടപ്പെട്ട്‌ പഠിപ്പിച്ചു ഉന്നതയിലെത്താൻ ത്യാഗം ചെയ്തവരുമാകയാൽ അവരുടെ അഭിലാഷം സഫലമാക്കുന്നതു മക്കൾക്കു എക്കാലവും അനുഗ്രഹം തന്നെയാണു. തങ്ങളുടെ മക്കൾ തക്ക തുണയോടോപ്പം അനുഗ്രഹീതമായ കുടുംബജീവിതം നയിച്ചു കുടുംബത്തിന്റെ പേരും പ്രശസ്തിയും നിലനിർത്തി സമൂഹത്തിൽ മാന്യമായി തല ഉയർത്തി അന്തസ്സോടും അഭിമാനത്തോടും കൂടെ ജീവിക്കുന്നതു അവരുടെ ജീവിതവിജയത്തിന്റെ നേട്ടമാണു. “മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാണു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ” (സദൃശ.17:6). മറിച്ചു പഠനവും ജോലിയും തരപ്പെട്ടു കഴിയുമ്പോൾ മാതാപിതാക്കൾ പഠിപ്പില്ലാത്തവരും പരിജ്ഞാനമില്ലാത്തവരും കാഴ്ചയ്ക്കു ഭംഗിയില്ലാത്തവരും എന്നു മക്കൾക്കു തോന്നിയിട്ട്‌ തങ്ങൾ തന്നേ തങ്ങൾക്കു ബോധിച്ച തുണയെ കണ്ടെത്തി മാതാപിതാക്കളെ ദുഃഖിപ്പിച്ചു വിവാഹിതരായിട്ടോ അല്ലാതെയോ ഒരുമിച്ചു ജീവിക്കാൻ കഴിയും. പക്ഷേ, ആ ജീവിതം അത്ര സന്തുഷ്ടമാകണമെന്നില്ല, മാത്രമല്ല, കുറച്ചുനാൾ കഴിയുമ്പോൾ തങ്ങൾ പഠിപ്പിച്ചു വലുതാക്കിയ തങ്ങളുടെ മക്കൾ ഇതേവഴിയിൽ പോകുമ്പോൾ തങ്ങൾ ചെയ്തതു തങ്ങളുടെ മാതാപിതാക്കളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകും എന്നു തിരിച്ചറിയുകയും പശ്ചാത്തപിക്കയും ചെയ്യേണ്ടി വരുമെന്നും അറിയണം.

മക്കൾക്കു ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തിലേക്കു മാതാപിതാക്കൾ ഒരിക്കലും മക്കളെ നിർബന്ധിച്ചു വലിച്ചിഴക്കരുതു. മാതാപിതാക്കൾ മക്കളെ ചെറുപ്പംമുതൽ അനുസരണത്തിലും ദൈവഭക്തിയിലും വളർത്തിയാൽ അവർ മാതാപിതാക്കളെ അനുസരിക്കാൻ കടപ്പെട്ടവരായിരിക്കും എന്നതിനാൽ അവരുടെ ഇഷ്ടങ്ങൾ തിരിച്ചറിയാതെ അവരുടെ താൽപര്യവും സമ്മതവും കൂടാതെ അവരെ തങ്ങളുടെ ഇഷ്ടത്തിനു മാതാപിതാക്കൾ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുന്നതു ഒരിക്കലും ശുഭമായിരിക്കയില്ല. വിവാഹബന്ധം മരണം വരെയും ഒരുമിച്ചു ജീവിക്കേണ്ട ഒരു ബന്ധമാകയാൽ വളരെ പ്രാർത്ഥിച്ചും ചിന്തിച്ചും ശ്രദ്ധിച്ചും തീരുമാനമെടുക്കേണ്ട ഒന്നാണു വിവാഹബന്ധം എന്നു ഇരുകൂട്ടരും അറിഞ്ഞിരിക്കേണം. വിവാഹം വല്ലവിധത്തിലും നടക്കട്ടെ, വിവാഹം നടന്നാൽ എല്ലാം ശരിയാകും എന്നു കരുതി പലതും തുറന്നു പറയാതെ (അതു വിദ്യാഭ്യാസമായാലും, ജോലിയായാലും, ശാരീരിക രോഗങ്ങളായാലും, ഇതര ബന്ധങ്ങളായാലും) തങ്ങളുടെ മക്കളുടെ വിവാഹം മാന്യമായി നടത്താൻ ശ്രമിക്കുന്നതു വഞ്ചനയാണു, ജീവിത പങ്കാളിയോടുള്ള ചതിവാണു എന്നു തിരിച്ചറിയുക. പിന്നീടു അവ തിരിച്ചറിയുമ്പോൾ വെറുപ്പും പകയും വൈരാഗ്യവും ഉളവാകയും കുടുംബകലഹം ഒഴിയാതിരിക്കയും ചെയ്യും.

തന്നിഷ്ടപ്രകാരമായാലും മാതാപിതാക്കൾക്കു വിധേയപ്പെട്ടായാലും വിവാഹജീവിതത്തിൽ പ്രവേശിച്ചവർക്കു പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാകുക ഉറപ്പാണു. അതിനാൽ വിവാഹിതരാകുന്ന മക്കൾ പ്രായപൂർത്തിയാകുന്നതോടോപ്പം ഭാര്യയുടെ/ ഭർത്താവിന്റെ പദവിയെക്കുറിച്ചും ഭർത്താവിനോടുള്ള/ ഭാര്യയോടുള്ള പെരുമാറ്റത്തെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും മക്കളെ ജനിപ്പിച്ചു വളർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ദൈവത്തിന്റെ വചനത്തിൽ പറയുന്ന വസ്തുതകളും സമൂഹത്തിലെ അവസ്ഥകളും തിരിച്ചറിഞ്ഞു ജീവിക്കാൻ പക്വത പ്രാപിച്ചിരിക്കണം. ദൈവത്തിന്റെ കയ്യിൽ നിന്നു നന്മ മാത്രമല്ല തിന്മയും കൈക്കൊള്ളാൻ മനസ്സുള്ളവരായി സകലതും നന്മയ്ക്കായി കൂടി വ്യാപരിപ്പാൻ വഴിയൊരുക്കുമെന്ന വിശ്വാസത്തിൽ ഇയ്യോബിനെപ്പോലെ ഭക്തി മുറുകെപ്പിടിച്ചു നിൽക്കാൻ ശക്തി അഥവാ കൃപ പ്രാപിച്ചവർക്കു പ്രതിസന്ധികളെ തരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ല.

വിവാഹമോചനത്തിനായി പുതുതലമുറ വെമ്പൽ കൊള്ളുന്നതു എന്തുകൊണ്ടാണു?
യേശുക്രിസ്തുവിന്റെ കാലത്തുതന്നേ ഏതു കാരണവും ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്ന ചോദ്യവുമായി പരീശന്മാർ യേശുവിന്റെ അടുക്കൽ വന്നിരുന്നതായി വായിക്കുന്നു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യർ വേർപിരിക്കരുതു എന്നായിരുന്നു യേശുവിന്റെ മറുപടി. എന്നാൽ ഉപേക്ഷണം എഴുതിക്കൊടുത്തു ഭാര്യയെ ഉപേക്ഷിക്കാൻ മോശെ അനുവദിച്ചതായിട്ടുള്ള പരീശരുടെ വാദത്തിനു യേശുവിന്റെ മറുപടി: അതു അവരുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെ അല്ലായിരുന്നു എന്നായിരുന്നു. അപ്പോൾ ആദിമുതലുള്ള ദൈവീക പ്രമാണം വിവാഹമോചനം ദൈവം അനുവദിക്കുന്നില്ല എന്നു തന്നെയാണു. എന്നാൽ ദൈവത്തെക്കാൾ ഉപരി തങ്ങളുടെ പ്രശ്നങ്ങളെ വലുതായി കാണുന്നവർക്ക്‌ പ്രശ്നങ്ങളെ പരിഹരിപ്പാനുള്ള മാർഗ്ഗം ദൈവത്തിലല്ല മാനുഷീക നിയമങ്ങളിലാണു. ഇന്നും തങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ പരിഹാരത്തിനായി താഴ്മ ധരിച്ചു തങ്ങളെ യോജിപ്പിച്ച ദൈവത്തോടു അടുക്കാതെ തങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കി ദൈവീക നിയമങ്ങളെക്കാൾ കോടതിനിയമങ്ങളിൽ ആശ്രയിച്ചു വിവാഹ മോചനത്തിലൂടെ പരിഹാരം തേടുന്നു. അതു നിമിത്തം ദൈവത്തിൽ നിന്നും അകന്നുപോകുന്ന ഒരു തലമുറ വളർന്നു വന്നുകൊണ്ടിരിക്കുന്നു. അവർക്കു വിവാഹം തന്നേ വേണമെന്നില്ല, അഥവാ വിവാഹിതരാകുന്നെങ്കിൽ അതു തങ്ങൾക്കു ബോധിച്ചവരായിരിക്കണം, ബോധിച്ച നിലയിലുമായിരിക്കണം എന്ന അവസ്ഥയിലായിരിക്കുന്നു.

എന്തുതന്നെയായാലും വിവാഹം എല്ലാവർക്കും മാന്യമായതാണു എന്നു തിരുവെഴുത്തു പറയുന്നു. അതു മാന്യമായി തന്നെ നടക്കണം, വിവാഹിതർ മാന്യമായി തന്നെ ജീവിക്കണം. പ്രശ്‌നങ്ങൾ ഇല്ലാതെയല്ല, അതുണ്ടാകുമ്പോൾ പരിഹാരം നൽകാൻ കഴിവുള്ള, വിവാഹം ഭൂമിയിൽ ഏർപ്പെടുത്തിയ, ദൈവത്തിന്റെ തന്നെ ആലോചനയും സഹായവും തേടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.