ലേഖനം: ദൈവത്തിനായുള്ള ആത്മാവിന്റെ വിശപ്പും ദാഹവും | കെസിയാ ജോയി, കണ്ണൂർ

നിങ്ങൾക്ക് വിശപ്പും ദാഹവും അനുഭവപ്പെടാറുണ്ടോ? ജീവനുള്ള ഏതൊരു ജീവിക്കും തോന്നാവുന്ന അടക്കാനാകാത്ത വികാരങ്ങളാണല്ലോ വിശപ്പും ദാഹവും. ഒരു ജീവനെ ലോകത്ത് നിലനിർത്തുന്ന വികാരങ്ങൾ. അപ്പോൾ മുകളിൽ ചോദിച്ചിരിയ്ക്കുന്ന ചോദ്യത്തിന് എന്ത് പ്രസക്തി എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. ശരിയാണ്.. ശരീരത്തിന്റെ നിലനിൽപ്പിനു ആരോഗ്യത്തിനു വിശപ്പും ദാഹവും കൂടിയേ തീരുകയുള്ളൂ.അപ്പോൾ ആത്മാവിന്? ആത്മാവിന്റെ നിലനിൽപ്പിന് എന്താണ് നാം കൊടുക്കുന്ന ആഹാരം? നശിച്ചുപോകുന്നതും ജീർണിച്ചു പോകുന്നതുമായ പദാർത്ഥങ്ങൾ കൊണ്ടുണ്ടാക്കിയ ആഹാരമാണോ ആത്മാവിന്റെ വിശപ്പകറ്റാനും വേണ്ടുന്നത്? നാം കുടിക്കുന്ന പാനീയങ്ങൾ മതിയാകുമോ ആത്മാവിന്റെ ദാഹമകാറ്റാൻ?

ആത്മാവിന്റെ വിശപ്പും ദാഹവും എല്ലാം ദൈവത്തോടാണ്. ദൈവത്തോടുള്ള ആത്മീയ ബന്ധവും സ്നേഹവും ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റുന്നതിന് വേണ്ടിയുള്ള പോഷണമാണ്. സങ്കീർത്തനം 42:1-2 ഭാഗങ്ങളിൽ, മാൻ നീർത്തോടുകളിലേക്ക് വെള്ളത്തിനായി ചെല്ലുവാൻ കാക്ഷിക്കുന്നതുപോലെ ആണ് ആത്മാവ് ദൈവത്തോട് ചേരുവാൻ കാംക്ഷിക്കുന്നത് എന്ന് സങ്കീർത്തനക്കാരൻ എഴുതിയിരിക്കുന്നു. ആത്മാവ് ദൈവത്തിനായ് ജീവനുള്ള ദൈവത്തിനായ് തന്നെ തന്റെ ആത്മാവിന്റെ ദാഹമാകറ്റാൻ അതിതീവ്രമായി ആഗ്രഹിക്കുന്നതായി ആ സങ്കീർത്തന ഭാഗങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവത്തിനായുള്ള തന്റെ ദാഹത്തെ മാനിനു നീർത്തോടിലേക്ക് ഉള്ള കാംക്ഷയായിട്ട് ആണ് ഉപമിക്കുന്നത്.അത് വെറുമൊരു ആഗ്രഹമായിട്ടല്ല തീവ്രമായ തന്റെ ആവശ്യമായിട്ടാണ് ഈ ദാഹത്തെ കാണാൻ സാധിക്കുന്നത്.
നശിച്ചു പോകുന്ന ശരീരത്തിന്റെ നിലനിൽപ്പിനെക്കാൾ ഉപരി നിങ്ങളുടെ ആത്മാവിനെ പുഷ്ടിപ്പെടുത്തുവിൻ എന്ന് ബൈബിളിൽ പലയിടത്തും നമ്മെ ഓർമപ്പെടുത്തുന്നതായി കാണാം. യെശയ്യാവു 55:1-2 ഭാഗങ്ങളിൽ ഒരു ക്ഷണം നമുക്ക് ലഭിക്കുന്നുണ്ട്. ദാഹിക്കുന്ന ഏവരെയും അവരിൽ ദ്രവ്യമല്ലാത്തവരാണ് എങ്കിലും കടന്നുവരുവാനും വന്നു വാങ്ങി കഴിക്കുവാനും ക്ഷണിക്കുന്നു. ദ്രവ്യവും വിലയും ഒന്നും തന്നെ കൂടാതെ വീഞ്ഞും പാലും വാങ്ങി ദാഹമകാറ്റാനായി ക്ഷണിക്കുന്നു.പ്രവാസ സമൂഹത്തിന്റെ അവസ്ഥയെ വിവരിക്കുന്ന ഭാഗങ്ങളാണെങ്കിലും ദൈവത്തിൽ നിന്ന് സൗജന്യമായി നമുക്ക് ലഭിക്കാവുന്ന ആത്മീയ ഭക്ഷണത്തെ ആണ് ഇവിടെ പരാമർശിക്കുന്നത്. ലോകത്തിന്റെതായ ഒന്നിനും തന്നെ ശമിപ്പിക്കാൻ കഴിയാത്ത വചനത്താലും ദൈവത്താലുമായുള്ള ബന്ധത്തിൽ മാത്രം അകറ്റാൻ കഴിയുന്ന ആത്മീകമായ തീവ്രമായ ദാഹം.ലോകസുഖങ്ങൾക്കും സൗകര്യങ്ങൾക്കും ഒന്നിനും തന്നെ മാറ്റാൻ സാധിക്കാത്ത വിശപ്പും ദാഹവുമാണത്. അതിനേക്കാൾ ഒക്കെ പ്രാധാനമായ ഒന്ന് നേടാൻ ഉണ്ട് എന്നുള്ള വാഞ്ചയുള്ളവരെയാണ് ഈ ഭാഗത്തു ക്ഷണിക്കുന്നതും തിരയുന്നതും. ലളിതമായ രീതിയിൽ എന്നാൽ അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് കൂടിയാണ് ഈ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ കാണാൻ സാധിക്കുന്നത്. താത്കാലികമായ ലോകത്തിന്റെ ഇഷ്ടങ്ങളിലേക്ക് തേടിപോകുന്ന ജീവിതത്തോടുള്ള ദാഹമാണോ അതോ ദൈവത്തെ തേടി പോകുന്ന ദാഹമാണോ നിങ്ങൾക്കുള്ളത്.. അതിൽ ദൈവത്തോട് ദാഹമുള്ളവരെ മാത്രം തേടിയുള്ള ഒരു തിരഞ്ഞെടുപ്പ്. ദൈവവുമായുള്ള ഒരു ബന്ധത്തെ അല്ലെങ്കിലും എങ്ങനെയാണ് വിലയ്ക്ക് വാങ്ങുവാൻ സാധിക്കുന്നത്? അതൊരു ദാനമല്ലേ.. കൃപയല്ലേ..അത്രമേൽ ആഗ്രഹിക്കുന്ന ദാഹിക്കുന്ന തന്റെ മക്കൾക്ക് നല്കപ്പെടുന്ന ശാശ്വതമായ ഒരു ബന്ധം. ആ ഒരു ബന്ധമില്ലാതെ ലോകത്ത് വേറെ എന്ത് നേടിയാലും നമ്മുടെ ആത്മാവിനു എന്ത് ലാഭം.
യോഹന്നാൻ 4:13-14 ഭാഗങ്ങളിൽ ദൈവം തന്റെ മക്കൾക്കായി തരുന്ന ഒരു വാഗ്ദത്തം കാണാൻ സാധിക്കും.ഒരു അനുഗ്രഹം.എന്നെന്നും നീണ്ടുനിൽക്കുന്ന അവസാനമില്ലാത്ത ഒരു ബന്ധത്തിന്റെ ഉറപ്പാണത്.ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന് ഒരുനാളും ദാഹിക്കയില്ല ആ വെള്ളം അവനിൽ നിത്യജീവനിങ്കലേക്കുള്ള പൊങ്ങിവരുന്ന നീരുറവായി തീരും എന്നൊരുറപ്പ്. ആ നിത്യജീവങ്കലേക്കുള്ള വെള്ളം തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെ (പരിശുദ്ധത്മാവ് )കുറിച്ചാകുന്നു എന്ന് യോഹന്നാൻ 7:37-39 വാക്യങ്ങളിൽ കാണാൻ സാധിക്കും.

ഞാൻ ജീവന്റെ അപ്പമാകുന്നുവെന്നും തന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല ദാഹിക്കയുമില്ല എന്ന വേദഭാഗം യോഹന്നാൻ 6:35ൽ ദൃശ്യമാണ്. സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന, ലോകത്തിനു ജീവനെ കൊടുത്ത ആ അപ്പത്തെ വിശ്വസിക്കാത്തവർക്ക് എങ്ങനെ ആത്മാവിന്റെ ദാഹത്തെ വിശപ്പിനെ ശമിപ്പിക്കാൻ സാധിക്കും?ഇങ്ങനെ ദൈവത്തെ ആഗ്രഹിച്ചു, സ്നേഹിച്ചു മഹാകഷ്ടതയിലും ദൈവത്തെ അന്വേഷിച്ചു വന്നവർ കുഞ്ഞാടിന്റെ രക്തത്തിൽ പങ്കു കൊണ്ട് തങ്ങളുടെ അങ്കി ഹിമം പോലെ വെളുപ്പിച്ചവർ… അവരാണ് ദൈവത്തിന്റെ സിംഹസന മുൻപാകെ രാപ്പകൽ അവനെ ആരാധിക്കാൻ ഭാഗ്യം ചെയ്തവർ..സിംഹസനത്തിൽ ഇരിക്കുന്ന മഹാരാജാവ് അവർക്ക് കൂടാരമാവും.. അവർക്ക് ഒരിക്കലും ദാഹമോ വിശപ്പോ വെയിലോ ഒന്നും തന്നെ അനുഭവപ്പെടില്ല..ജീവജലത്തിന്റെ ഉറവുകളിലേക്ക് കുഞ്ഞാട് അവരെ വഴി നടത്തും..(വെളിപ്പാട് :7:14-17)

ദൈവത്തെ സ്നേഹിക്കുന്നവർക്ക് പിൻപറ്റുന്നവർക്ക് ദൈവം ഒരിക്കലും ദുരസ്ഥനാകില്ല..ലോകത്തിന്റെ ഇഷ്ടങ്ങളും മാനങ്ങളും ദിനംപ്രതി മാറിക്കൊണ്ടിരിക്കും നിങ്ങളുടെ ലോകത്തോട് ഉള്ള ദാഹം ഒരിക്കലും തീരില്ല വിശപ്പിന് തൃപ്തി വരികയുമില്ല.. തൃപ്തി വരാത്ത ആമാശയം പോലെ ആണ് ലോകത്തോട് ഉള്ള മനുഷ്യന്റെ ആർത്തിയും.. പക്ഷേ നിങ്ങളുടെ വിശപ്പും ദാഹവും ദൈവത്തോട് ഉള്ള സ്നേഹം ആക്കി ഒന്ന് മാറ്റി നോക്കൂ.നിങ്ങളുടെ ആത്മാവിനു തൃപ്തി വരുവോളം വേണ്ടതെല്ലാം നൽകി തരുവാൻ ദൈവം മതിയായവൻ ആണ്.. ഇന്നും എന്നും എന്നേക്കും..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.