ഇറാന് നാവികസേന പിടിച്ചെടുത്ത കപ്പലില്‍ നാല് മലയാളികൾ
കൊച്ചി: ഇറാന് നാവികസേന പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ മോചനമാവശ്യപ്പെട്ട് കുടുംബം. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കപ്പലില്‍ അകപ്പെട്ട എഡ്വിന്റെ കുടുംബം വ്യവസായ മന്ത്രി പി.രാജീവിനും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു.
റ്റി.പി.എം എടക്കര സഭാംഗം നിലമ്പൂര്‍ ചുങ്കത്തറ കോട്ടേപ്പാടം സാം സോമന്, എറണാകുളം കൂനന്മാവ് സ്വദേശി എഡ്വിന്, കടവന്ത്ര സ്വദേശികളായ ജിസ്മോന്, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്. ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ മുംബൈ ഓഫീസില്‍നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യുഎസ് കമ്പനിയായ ഷെവ്റോണ്‍ കോര്‍പ്പിന് വേണ്ടി സര്‍വീസ് നടത്തുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പല്‍ ഒമാന്‍ തീരത്തിന് സമീപം വ്യാഴാഴ്ചയാണ് തടഞ്ഞത്. കുവൈറ്റില്‍നിന്ന് അമേരിക്കയിലേയ്ക്ക് ക്രൂഡോയിലുമായി പോകുമ്പോഴാണ് പിടിച്ചെടുത്തത്. കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്.


- Advertisement -


Comments are closed.