മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ അനുവദിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി
മധുരൈ: മതപരിവർത്തന പ്രവർത്തനങ്ങൾക്കായി വിദേശ സംഭാവനകൾ ഉപയോഗിക്കുന്ന സംഘടനകൾക്ക് വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ (FCRA) പ്രകാരമുള്ള രജിസ്ട്രേഷൻ അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊടൈക്കനാലിലെ കാൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന് രജിസ്ട്രേഷൻ നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി കോടതി ശരിവെച്ചു.

സംഘടനയുടെ യഥാർഥ സ്വഭാവവും പ്രവർത്തനങ്ങളും അപേക്ഷയിൽ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും എം.ഡി. സുമതിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മതപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് രജിസ്ട്രേഷനായി അപേക്ഷിക്കാമെങ്കിലും നിർണായക വിവരങ്ങൾ മറച്ചുവെക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സെൻ ധ്യാനകേന്ദ്രം നടത്തുന്ന ട്രസ്റ്റ്, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി നൽകിയ അപേക്ഷ കേന്ദ്ര സർക്കാർ നിരസിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ പ്രവർത്തനങ്ങൾ മതപരമല്ലെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളുടെ സ്വഭാവവും അപേക്ഷയിൽ നൽകിയ വിവരങ്ങളും പരിഗണിച്ച കോടതി കേന്ദ്ര സർക്കാർ നടപടി ശരിവയ്ക്കുകയായിരുന്നു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒരു മതവിഭാഗത്തിന് മാത്രം ബാധകമാകുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ഘർ വാപസി ഉൾപ്പെടെയുള്ള മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്കും നിയമവ്യവസ്ഥകൾ ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.
വിദേശ ഫണ്ട് രാജ്യത്തിന്റെ പരമാധികാരത്തെയും മതേതര സ്വഭാവത്തെയും സാമൂഹിക സൗഹാർദത്തെയും ബാധിക്കുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശ സംഭാവന സ്വീകരിക്കുന്നത് മൗലികാവകാശമല്ലെന്നും നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഒരു സംഘടന മതപരമാണെന്ന കാരണത്താൽ മാത്രം എഫ്.സി.ആർ.എ രജിസ്ട്രേഷൻ നിഷേധിക്കാനാവില്ല. അപേക്ഷയിലെ വിവരങ്ങളുടെ കൃത്യതയും സംഘടനയുടെ പ്രവർത്തനങ്ങളും നിയമപരമായ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും വിധിയിലെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.
കാൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി തള്ളിയ കോടതി, രജിസ്ട്രേഷൻ നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചു.

- Advertisement -


Comments are closed.